മരിച്ചെന്ന് ഉറപ്പാക്കാൻ വാഹനം കയറ്റി, മൃതദേഹം മരുഭൂമിയിൽ തള്ളി, ഭാര്യയെ കൊലപ്പെടുത്തിയ കുവൈത്തി അറസ്റ്റിൽ
കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ദലിയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു.
മൃതദേഹത്തെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണങ്ങളിൽ അത് ഒരു സ്ത്രീയുടേതാണെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ സംശയിച്ച് ഒരു കുവൈത്ത് പൗരനെ അധികൃതർ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയതെന്നും മൃതദേഹം കൊണ്ടുപോയി അബ്ദാലിക്കും മുത്‌ലയ്ക്കും ഇടയിലുള്ള മരുഭൂമിയിൽ ഉപേക്ഷിച്ചതെന്നും അന്വേഷണത്തിൽ സൂചനയുണ്ടെന്നാണ് വൃത്തങ്ങൾ പറയുന്നത്.
മൃതദേഹത്തിൽ ധാരാളം മുറിവുകളുണ്ടെന്നും അക്രമം നടന്നതിന്റെ ലക്ഷണങ്ങൾ പ്രകടമാണെന്നും റിപ്പോർട്ടിൽ പറയുന്നു. മൃതദേഹം മരുഭൂമിയിൽ ഉപേക്ഷിച്ച് പോകുന്നതിന് മുൻപ് പ്രതി തന്റെ വാഹനം സ്ത്രീയുടെ ശരീരത്തിലൂടെ കയറ്റിയിറക്കിയതായി സംശയിക്കുന്നുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതിയെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുക്കാൻ പബ്ലിക് പ്രോസിക്യൂഷനാണ് ഉത്തരവിട്ടത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്ന് അധികൃതർ അറിയിച്ചു.
സംഭവ സ്ഥലത്തുനിന്നും ഫോറൻസിക് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. മരണ കാരണവും സമയവും സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്നതിനായി മെഡിക്കൽ പരിശോധനകൾ നടന്നുവരികയാണെന്നും അധികൃതർ അറിയിച്ചു. അന്വേഷണവും നിയമനടപടികളും പൂർത്തിയാക്കുന്നതിനായി ആസൂത്രിത കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്.