മമ്മൂട്ടിക്കൊപ്പം ബോക്സ് ഓഫീസ് ഫൈറ്റിന് ബേസിൽ, നസ്‌ലെൻ; ഈ മാസത്തെ തിയേറ്റർ, ഒടിടി റിലീസുകൾ

റിലീസുകൾ നന്നേ കുറവുള്ള മാർച്ച് പിന്നിട്ട് ഏപ്രിൽ മാസത്തിലേയ്ക്ക് കടക്കുമ്പോൾ നിരവധി ചിത്രങ്ങളാണ് റിലീസിനെത്തുന്നത്. മാർച്ച് മാസത്തെ പ്രധാനപ്പെട്ട റിലീസ് പൃഥ്വിരാജ് സുകുമാരൻ്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായ എമ്പുരാൻ ആയിരുന്നു. മമ്മൂട്ടി ചിത്രം ബസൂക്ക ഉൾപ്പെടെ വിഷു- വേനൽ അവധി മുന്നിൽകണ്ട് നിരവധി ചിത്രങ്ങൾ ഏപ്രിലിൽ എത്തുകയാണ്.

‘ആഭ്യന്തര കുറ്റവാളി’യാണ് ഏപ്രിൽ മാസത്തെ ആദ്യത്തെ റിലീസ്. കിഷ്കിന്ധാ കാണ്ഡം, രേഖാചിത്രം എന്നീ ബ്ലോക്ക്ബസ്റ്റർ വിജയങ്ങൾക്ക് ശേഷം ആസിഫ് അലി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ആഭ്യന്തര കുറ്റവാളി.’ സേതുനാഥ് പത്മകുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന സിനിമ ഏപ്രിൽ മൂന്നിന് തിയേറ്ററുകളിലെത്തും.

മാത്യു തോമസിനെ നായകനാക്കി ദിലീഷ് കരുണാകരൻ സംവിധാനം ചെയ്യുന്ന ലൗലിയിൽ ഈച്ചയാണ് നായികയായി എത്തുന്നത്. വേനലവധിക്കാലത്ത് കുട്ടികളെ ലക്ഷ്യമിട്ടെത്തുന്ന ത്രി ഡി ചിത്രം ഏപ്രിൽ നാലിന് തിയേറ്ററുകളിൽ എത്തും. മമ്മൂട്ടിയുടേതായി അടുത്ത് തിയറ്ററുകളിൽ എത്താനിരിക്കുന്ന ചിത്രമാണ് ബസൂക്ക. നവാഗതനായ ഡീനോ ഡെന്നിസ് സംവിധാനം ചെയ്ത ചിത്രത്തിൽ പ്രശസ്ത തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോനും പ്രധാന വേഷത്തിലുണ്ട്. സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഏപ്രിൽ 10ന് ആണ് ചിത്രം തിയറ്ററുകളിൽ എത്തുക. 

ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന ‘മരണമാസും ഏപ്രിൽ റിലീസാണ്. വിഷു റിലീസ് ആയി തിയറ്ററുകളിൽ എത്താനിരിക്കുന്ന ചിത്രം നവാഗതനായ ശിവപ്രസാദ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ടൊവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ പ്രോജെക്ടസ്, വേൾഡ് വൈഡ് ഫിലിംസ് എന്നിവർ ചേർന്നാണ് നിർമ്മാണം. 

സൂപ്പർ ഹിറ്റ് ‘തല്ലുമാല’യ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രം എന്നതിനാൽ തന്നെ ‘ആലപ്പുഴ ജിംഖാന’യ്ക്ക് മേൽ സിനിമാപ്രേമികൾ വലിയ പ്രതീക്ഷയാണ് നൽകുന്നത്. നസ്‌ലൻ, ഗണപതി, ലുക്മാൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഏപ്രിൽ പത്തിന് തിയേറ്ററുകളിൽ എത്തും. ഏപ്രിൽ 25നെത്തുന്ന ദിലീപ് ചിത്രം പ്രിൻസ് ആൻഡ് ഫാമിലി, അനുപമ പരമേശ്വരൻ, ഷറഫുദ്ദീൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന പെറ്റ് ഡിക്റ്ററ്റീവ് എന്നിവയാണ് മലയാളത്തിൽ നിന്ന് തിയേറ്ററുകളിൽ എത്തുന്ന പ്രധാന റിലീസുകൾ.

മലയാളം ഇതര ഭാഷകളിൽ അജിത് കുമാർ നായകനാകുന്ന തമിഴ് ചിത്രം ഗുഡ് ബാഡ് അഗ്ലി ഏപ്രിൽ പത്തിനെത്തും. സണ്ണി ഡിയൊൾ നായകനാകുന്ന ജാട്ടും ഏപ്രിൽ പത്തിനാണ് തിയേറ്ററുകളിൽ എത്തുക. തമന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒഡെല 2 ഏപ്രിൽ 17, തമിഴ് ചിത്രം കലിയുഗം ഏപ്രിൽ 18 എന്നിങ്ങനെ തിയേറ്ററുകളിൽ എത്തും. സ്പോർട്സ് ഡ്രാമ വിഭാഗത്തിൽ എത്തുന്ന തമിഴ് ചിത്രം ടെസ്റ്റ് ഏപ്രിൽ 4ന് നേരിട്ട് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും. ഇതരഭാഷാ ചിത്രങ്ങളിൽ മലയാളികൾ ശ്രദ്ധിക്കുന്ന മറ്റൊരു ചിത്രം മോഹൻലാൽ അതിഥി വേഷത്തിലെത്തുന്ന കണ്ണപ്പയാണ്. ഏപ്രിൽ 25 ന് തിയറ്ററുകളിൽ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രമാണിത്. ഒരു പ്രധാന എപ്പിസോഡിൽ ഏറെ പ്രാധാന്യത്തോടെ വരുന്ന വിഎഫ്എക്സ് പൂർത്തിയാക്കാൻ കുറച്ച് ആഴ്ചകൾ കൂടി വേണ്ടിവരുമെന്ന് അറിയിച്ച് സിനിമയുടെ റിലീസ് നീട്ടിയിരിക്കുകയാണ് അണിയറപ്രവർത്തകർ. അനുഷ്ക ഷെട്ടിയുടെ ഗാട്ടി ഏപ്രിൽ 18നെത്തുമെന്ന് അറിയിച്ചെങ്കിലും റിലീസ് നീളാനാണ് സാധ്യത. ചൈനീസ് അനിമേഷൻ ചിത്രം നെസ 2 ആ​ഗോള ബോക്സ് ഓഫീസിൽ റെക്കോഡുകൾ തീർത്ത ശേഷം ഇന്ത്യയിൽ റിലീസിനെത്തുന്നത് ഏപ്രിൽ 25നാണ്.

ഒടിടി റിലീസുകളിൽ വലിയ സാമ്പത്തിക വിജയം നേടിയ ബോളിവുഡ് ചിത്രം ഛാവ ഏപ്രിൽ 11ന് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും. സൗബിൻ ഷാഹി‍‍ർ, ബേസിൽ ജോസഫ് ചിത്രം പ്രാവിൻകൂട് ഷാപ്പ് ഏപ്രിൽ 11ന് സോണി ലിവിൽ എത്തും. ഡെവിൾ മെ ക്രൈ സീസൺ വൺ ഏപ്രിൽ മൂന്ന്, ഹൗ ടു സെൽ ഡ്രഗ്സ് ഓൺലൈൻ സീസൺ ഫോർ ഏപ്രിൽ 8, ബ്ലാക്ക് മിറർ സീസൺ സെവൺ ഏപ്രിൽ 10, യെങ് ഷെൽഡൻ സീസൺ 7 ഏപ്രിൽ 15, യു സീസൺ 5 ഏപ്രിൽ 24 എന്നിവയാണ് പ്രേക്ഷകർ നെറ്റ്ഫ്ലിക്സിൽ കാത്തിരിക്കുന്ന സീരീസുകൾ. ആമസോൺ പ്രൈം വീഡിയോയിൽ ഏപ്രിൽ മൂന്നിനാണ് ദി ബോണ്ട്സ് മാൻ സീരീസ് എത്തുക. ഏപ്രിൽ പത്തിന് ജി20 സ്ട്രീമിങ് ആരംഭിക്കും. സ്റ്റാർ വാർസ്: അൻഡോർ സീസൺ 2  ജിയോ ഹോട്ട്സറ്റാറിൽ ഏപ്രിൽ 22 മുതൽ ലഭ്യമാകും.
 

By admin