ബില്ലടക്കാത്തതിനാൽ വൈദ്യുതിയടക്കം കട്ട് ചെയ്തു; 11 കോടി രൂപയുടെ നികുതി കുടിശ്ശികയുണ്ടെന്ന് ആദായ നികുതി വകുപ്പ്
അലിഗഡ്: ആദായ നികുതി വകുപ്പിൽ നിന്ന് 11 കോടിയിലധികം രൂപ നികുതി കുടിശ്ശികയുണ്ടെന്ന് കാണിച്ച് നോട്ടീസ് ലഭിച്ച ഞെട്ടലിലാണ് ഉത്തർപ്രദേശിലെ ഒരു കുടുംബം. ക്ഷയരോഗബാധിതയായ ഭാര്യയുള്ള ഇയാളുടെ വീട്ടിൽ ഒരാഴ്ച്ചയായി വൈദ്യുതി ബന്ധമടക്കം വിച്ഛേദിച്ച നിലയിൽ തുടരുകയാണെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. പൂട്ടുകൾക്ക് ഉപയോഗിക്കുന്ന സ്പ്രിംഗുകൾ നിർമ്മിക്കുന്ന ഒരു ഫാക്ടറിയിൽ ജോലി ചെയ്യുന്ന യോഗേഷ് ശർമക്കാണ് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചിരിക്കുന്നത്.
മാർച്ച് 20ന് ലഭിച്ച നോട്ടീസിൽ ഞാൻ ആദായനികുതി വകുപ്പിന് 11.12 കോടി രൂപ (11,11,85,991 രൂപ) കുടിശ്ശിക വരുത്തിയിട്ടുണ്ടെന്ന് പറയുന്നു. ഇത്രയും വലിയ തുക ഞാൻ കണ്ടിട്ട് പോലുമില്ല. നോട്ടീസ് ലഭിച്ചതിനുശേഷം ഞാനും ഭാര്യയും മര്യാദക്ക് ഭക്ഷണം പോലും കഴിച്ചിട്ടില്ല. ഞാൻ വാടക വീട്ടിലാണ് താമസിക്കുന്നത്. ബിൽ അടയ്ക്കാൻ കഴിയാത്തതിനാൽ ഒരാഴ്ചയായി വൈദ്യുതി വരെ വിച്ഛേദിക്കപ്പെട്ടിരിക്കുകയാണെന്ന് യോഗേഷ് ശർമ പ്രതികരിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ഉത്തർപ്രദേശിൽ സമാനമായ മറ്റു രണ്ടു സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ കരാർ അടിസ്ഥാനത്തിൽ ക്ലീനറായി ജോലി ചെയ്യുന്ന കരൺ കുമാറിന് പ്രതിമാസം 15,000 രൂപയാണ് ശമ്പളം. നിലവിൽ 33.89 കോടി രൂപയുടെ (33,88,85,368 രൂപ) ആദായനികുതി വകുപ്പിന്റെ നോട്ടീസാണ് കരണിന് ലഭിച്ചിരിക്കുന്നത്.ജ്യൂസ് വിൽപ്പനക്കാരനായ മുഹമ്മദ് റയീസാണ് മൂന്നാമത്തെയാൾ. 7.8 കോടി (7,79,02,457 രൂപ) യാണ് ഇയാൾക്ക് നോട്ടീസ് ലഭിച്ചിരിക്കുന്നത്. ആധാർ, പാൻ കാർഡുകൾ ദുരുപയോഗം ചെയ്തതാകാം ഇതിനു കാരണമെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്.
കെഎസ്ആർടിസി ഡ്രൈവർക്ക് നെഞ്ചുവേദന, രക്ഷകനായി യാത്രക്കാരൻ; വണ്ടിയോടിച്ച് ആശുപത്രിയിലെത്തിച്ചു