പാലക്കാട് മീറ്റ്നയിൽ എസ്ഐയ്ക്കും യുവാവിനും നേരെ ആക്രമണം; ആക്രമിക്കപ്പെട്ടത് സംഘർഷ സ്ഥലത്ത് എത്തിയപ്പോൾ

പാലക്കാട്: മീറ്റ്നയിൽ എസ്ഐയ്ക്കും യുവാവിനും ആക്രമണത്തിൽ പരിക്ക്. ഒറ്റപ്പാലം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ രാജ് നാരായണനും കസ്റ്റഡിയിലുള്ള അക്ബറിനുമാണ് പരിക്കേറ്റത്. ഇരു സംഘങ്ങൾ തമ്മിൽ സംഘർഷമുണ്ടായ സ്ഥലത്ത് എത്തിയപ്പോഴായിരുന്നു പൊലീസിന് നേരെ ആക്രമണം. 

ഇന്നലെ അർദ്ധരാത്രിയോടെയാണ് വാക്കേറ്റവും സംഘർഷവുമുണ്ടായത്. മദ്യപാനത്തിന് പിന്നാലെയായിരുന്നു സംഘർഷം. സ്ഥലത്തെത്തിയ പൊലീസ് അക്ബർ എന്നയാളെ കസ്റ്റഡിലെടുത്തു. ഇയാളെ പൊലീസ് ജീപ്പിലേക്ക് കയറ്റുമ്പോഴാണ് മറുവിഭാഗം ആക്രമണം നടത്തിയത്. അക്ബറിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുമ്പോഴാണ് എസ്ഐയ്ക്ക് പരിക്കേറ്റത്. ഇന്ന് പുലർച്ചെ ഷിബു, വിവേക് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

എന്താണ് സംഘർഷത്തിലേക്ക് നയിച്ചതെന്ന് വ്യക്തമല്ല. അക്ബറിന്‍റെ വീട്ടിൽ വച്ച് മദ്യപിച്ച ശേഷമായിരുന്നു സംഘർഷം. തർക്കത്തിന്‍റെ കാരണം പൊലീസ് പരിശോധിച്ച് വരികയാണ്.  

പ്രതിക്കൊപ്പം ഇരവിപുരം പൊലീസ് ദില്ലിയിൽ; എംഡിഎംഎ വിതരണക്കാരനായ നൈജീരിയക്കാരൻ അസൂക്കയെ പിടികൂടിയത് സാഹസികമായി

By admin