പരീക്ഷണത്തിനിടെ കണ്ടെത്തി, മറ്റൊരു അത്ഭുതകരമായ കെടിഎം ബൈക്ക് കൂടി വിപണിയിലേക്ക്
സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും മുൻനിര മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ കെടിഎം തുടർച്ചയായി പുതിയ മോഡലുകൾ പുറത്തിറക്കുന്നു. ഇപ്പോഴിതാ പരീക്ഷണ വേളയിൽ കെടിഎം 690 റാലിയും കണ്ടെത്തിയിട്ടുണ്ട്. എങ്കിലും, കമ്പനി അതിന്റെ പേര് സ്ഥിരീകരിച്ചിട്ടില്ല. പരീക്ഷണത്തിനിടെ കണ്ടെത്തിയ ബൈക്ക് കെടിഎം 690 എൻഡ്യൂറോ ആർ അടിസ്ഥാനമാക്കിയുള്ളതാണ് എന്നാണ് പുതിയ ചില റിപ്പോർട്ടുകൾ. മോട്ടോർസൈക്കിളിന്റെ രൂപകൽപ്പന കെടിഎം 450 റാലി റെപ്ലിക്കയോട് സാമ്യമുള്ളതാണ്. കെടിഎമ്മിന്റെ വരാനിരിക്കുന്ന മോട്ടോർസൈക്കിളിന്റെ സാധ്യമായ സവിശേഷതകളെക്കുറിച്ച് വിശദമായി അറിയാം.
വിദേശത്ത് പരീക്ഷണം നടത്തുന്ന കെടിഎമ്മിന്‍റെ ഏറ്റവും പുതിയ അഡ്വഞ്ചർ ടൂറർ ബൈക്കിനെ 690 അഡ്വഞ്ചർ ആർ അല്ലെങ്കിൽ 690 റാലി എന്ന് വിളിക്കാൻ സാധ്യയുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. ഏകദേശം 34.18 ലക്ഷം രൂപ വിലയുള്ള മോഡലാണിത്. ഡിസൈനിനെക്കുറിച്ച് പറയുകയാണെങ്കിൽ, മെയിൻഫ്രെയിം, സീറ്റ്, സീറ്റിനടിയിലെ ഇന്ധന ടാങ്ക്, വീലുകൾ, ബ്രേക്കിംഗ്, സസ്‌പെൻഷൻ ഘടകങ്ങൾ എന്നിവയും 690 എൻഡ്യൂറോ ആറിന് സമാനമായ ചില ഭാഗങ്ങളും നമുക്ക് കാണാൻ കഴിയും.
അടുത്തിടെ പരീക്ഷണ ഓട്ടം നടത്തിയ കെടിഎം 690 റാലിയിൽ മൂന്ന് ഇന്ധന ടാങ്കുകൾ ഉണ്ട്. പിൻഭാഗത്തെ ഫില്ലറുള്ള പ്രധാന അണ്ടർ-സീറ്റ് ടാങ്ക് (13.6L) 690 എൻഡ്യൂറോയിലേതിന് സമാനമാണ്. മോട്ടോർസൈക്കിളിന്റെ ഇരുവശത്തുമായി രണ്ട് അധിക ഇന്ധന ടാങ്കുകൾ ലഭിക്കുന്നു. ഈ ടാങ്കുകൾക്ക് ഇരുവശത്തും പ്രത്യേക ഫില്ലറുകൾ നൽകിയിട്ടുണ്ട്. ഇത് ഓഫ്-റോഡിംഗിനും ടൂറിംഗിനും ഒരുപോലെ മികച്ചതാണെന്ന് പറയപ്പെടുന്നു.
ഈ ബൈക്കിലെ പവർട്രെയിനിനെക്കുറിച്ച് പറയുകയാണെങ്കിൽ, മോട്ടോർസൈക്കിളിൽ 693 സിസി സിംഗിൾ സിലിണ്ടർ എഞ്ചിൻ സജ്ജീകരിച്ചിരിക്കുന്നു, ഇത് 690 എൻഡ്യൂറോ R-ൽ പരമാവധി 74 bhp പവർ ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്. ഈ മോട്ടോർസൈക്കിളിന്റെ ഭാരം കണക്കിലെടുക്കുമ്പോൾ, ടൂറിംഗിനും ഓഫ്-റോഡിംഗിനും ഇത് കൂടുതൽ അനുയോജ്യമാണെന്ന് തോന്നുന്നു. വരും മാസങ്ങളിൽ ബൈക്ക് പുറത്തിറക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും പുതിയ മോഡലുകളുടെ പരീക്ഷണം കെടിഎം ഒഴിവാക്കുന്നില്ല എന്നതാണ് ശ്രദ്ധേയം. ഒരുകാലത്ത് അതിവേഗം വളരുന്ന യൂറോപ്യൻ മോട്ടോർസൈക്കിൾ ബ്രാൻഡായിരുന്നിട്ടും, കെടിഎം 2024 നവംബർ മുതൽ കെടിഎം സാമ്പത്തിക പ്രശ്‍നങ്ങൾ നേരിടുന്നുണ്ട്. കൂടാതെ പ്രവർത്തനങ്ങൾ തുടരുന്നതിന് അടിയന്തര ഫണ്ടുകൾ തേടുകയാണ്. വിവിധ വായ്‍പാദാതാക്കളുമായി ചർച്ചകൾ നടത്തിയിരുന്നു, എന്നാൽ അന്ന് ഒന്നും ഫലവത്തായില്ല. എന്നാൽ അടുത്തിടെ ബജാജ് കെടിഎമ്മിൽ 1,364 കോടി നിക്ഷേപിക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. നെതർലാൻഡ്‌സിലെ ബജാജ് ഓട്ടോ ഇന്റർനാഷണൽ ഹോൾഡിംഗ്‌സ് ബിവിയിൽ 1,360 കോടി രൂപ നിക്ഷേപിക്കാൻ ബജാജിന്റെ ബോർഡ് അംഗീകാരം നൽകിയിരുന്നു. കെടിഎമ്മിന്റെ മാതൃ കമ്പനിയായ പിയറർ മൊബിലിറ്റി എജിയുടെ 75 ശതമാനം ഓഹരിയുള്ള പിയറർ ബജാജ് എജിയിൽ ഈ കമ്പനിക്ക് 49.9 ശതമാനം ഓഹരിയുണ്ട്.