നടുറോഡിൽ ട്രാഫിക് കുരുക്കുണ്ടാക്കി ഭാര്യയുടെ റീൽ, പൊലീസുകാരനായ ഭർത്താവിന് സസ്പെൻഷൻ
സീബ്രാ ക്രോസിംഗിൽ നൃത്തം ചെയ്ത് യുവതിയുടെ ചിത്രീകരണം കലാശിച്ചത് പൊലീസ് ഉദ്യോഗസ്ഥനായ ഭർത്താവിൻ്റെ സസ്പെൻഷനിൽ. ചണ്ഡീഗഢിൽ നിന്നുള്ള പൊലീസ് കോൺസ്റ്റബിളിന്റെ ഭാര്യയാണ് സീബ്രാ ക്രോസിംഗിൽ നൃത്തം ചെയ്ത് നഗരത്തിൽ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചത്.
സെക്ടർ 19 പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന അജയ് കുണ്ടു എന്ന പൊലീസുകാരനാണ് ഭാര്യയുടെ റീൽ ചിത്രീകരണത്തെ തുടർന്ന് സസ്പെൻഷനിൽ ആയത്. സീബ്ര ക്ലോസിംഗിൽ നൃത്തം ചെയ്യുന്ന വീഡിയോ ഇയാളുടെ ഭാര്യ ജ്യോതി മാർച്ച് 22 -നാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. വീഡിയോ വൈറലായതോടെയാണ് അജയ് കുണ്ടു വിവാദങ്ങളിൽ പെട്ടത്.
തിരക്കേറിയ റോഡിൽ ഒരു ജനപ്രിയഗാനത്തിനൊപ്പം ജ്യോതി നൃത്തം ചെയ്യുന്നതാണ് വീഡിയോയിൽ കാണാനാവുക. റീൽ പെട്ടെന്ന് വൈറലാകുകയും പ്രദേശത്തെ പൊലീസിന്റെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. നൃത്തം ഗുരുതരമായ ഗതാഗത തടസ്സം സൃഷ്ടിച്ചതോടെയാണ് നടപടിയെടുക്കാൻ അധികൃതർ തീരുമാനിച്ചത്.
റീൽ ചിത്രീകരണത്തിനിടയിൽ വലിയ ഗതാഗത തടസ്സം ഉണ്ടായെങ്കിലും ജ്യോതിയും അവരോടൊപ്പം വീഡിയോ ചിത്രീകരണത്തിൽ ഉണ്ടായിരുന്ന സഹോദരഭാര്യയും ഇതൊന്നും വകവയ്ക്കാതെ തങ്ങളുടെ പ്രവൃത്തി തുടരുകയായിരുന്നു. വാഹന ഗതാഗതം തടസ്സപ്പെട്ടതോടൊപ്പം കാൽനട യാത്രക്കാരെയും ഇവരുടെ പ്രവൃത്തി ബുദ്ധിമുട്ടിലാക്കി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
चंडीगढ़: पुलिसकर्मी की पत्नी ने ज़ेबरा क्रॉसिंग पर बनाई रील, ट्रैफिक नियमों की उड़ाई धज्जियां; रोड पर लगा जाम
महिला के खिलाफ पुलिस ने FIR दर्ज की, हालांकि थाने में ही बेल दे दी गई. मामला सेक्टर-20 में गुरुद्वारा चौक के पास का है.#Chandigarh pic.twitter.com/l2j4fTYFGv
— Ishani K (@IshaniKrishnaa) March 27, 2025
വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വലിയ ജനരോഷം ഉയരുകയും യുവതികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയരുകയും ആയിരുന്നു. ഇതേ തുടർന്നാണ് പൊലീസ് നടപടിയെടുത്തത്. സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോക്കൊപ്പം നഗരത്തിലെ സിസിടിവി ദൃശ്യങ്ങൾ കൂടി പരിശോധിച്ചാണ് പൊലീസ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
ഗതാഗതം തടസ്സപ്പെടുത്തിയതിനും പൊതുജന സുരക്ഷയെ അപകടപ്പെടുത്തിയതിനും ബിഎൻഎസ് സെക്ഷൻ 125, 292, 3(5) എന്നിവ പ്രകാരം ഇവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.