ദില്ലി കലാപം: ബിജെപി മന്ത്രി കപിൽ മിശ്രയ്ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവ്
ദില്ലി: 2020 ൽ നടന്ന ദില്ലി കലാപവുമായി ബന്ധപ്പെട്ട് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബിജെപി മന്ത്രി കപിൽ മിശ്രയ്ക്കും മറ്റുള്ളവർക്കും എതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ട് ദില്ലിയിലെ കോടതി.
തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രഥമദൃഷ്ട്യാ മന്ത്രി കപിൽ മിശ്ര കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് വൈഭവ് ചൗരസ്യ അന്വേഷണം പ്രഖ്യാപിച്ചത്. കുറ്റകൃത്യം നടന്ന സമയത്ത് കപിൽ മിശ്ര പ്രദേശത്തുണ്ടായിരുന്നുവെന്ന് വ്യക്തമാണെന്നും കൂടുതൽ അന്വേഷണം ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു.
വടക്കുകിഴക്കൻ ദില്ലിയിൽ നടന്ന കലാപത്തിൽ കപിൽ മിശ്രയ്ക്ക് പങ്കില്ലെന്ന് കാണിച്ച് ദില്ലി പൊലീസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ ഇതിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് യമുന വിഹാർ നിവാസിയായ മുഹമ്മദ് ഇല്യാസ് സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുകയായിരുന്നു ജഡ്ജി.
പൗരത്വ നിയമഭേദഗതിയെ ചൊല്ലിയുള്ള സംഘർഷങ്ങളെത്തുടർന്നാണ് ദില്ലി കലാപം ഉടലെടുത്തത്. 2020 ഫെബ്രുവരിയിലാണ് സംഭവം. ആക്രമണത്തിന് ആഹ്വാനം ചെയ്തെന്ന് ആരോപിച്ച് ബിജെപി നേതാവ് കപിൽ മിശ്രയ്ക്കെതിരെ ജാമിയ കോ ഓർഡിനേഷൻ കമ്മിറ്റി നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. സംഘർഷത്തിനിടെ മൗജ്പുരിയിൽ വീടുകൾക്കും വാഹനങ്ങൾക്കും പ്രതിഷേധക്കാർ തീയിട്ടു.
പടക്ക നിര്‍മ്മാണശാലയിൽ വൻ സ്ഫോടനം; ഗുജറാത്തിൽ 17 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം