ദന്ത ചികിത്സയ്ക്കിടെ അനസ്തേഷ്യയിൽ പിഴവ്, 9 വയസുകാരിക്ക് ദാരുണാന്ത്യം
സാൻഡിയാഗോ: ദന്ത ചികിത്സയ്ക്കിടെ നൽകിയ അനസ്തേഷ്യ പിഴച്ചു. 9 വയസുകാരിക്ക് ദാരുണാന്ത്യം. 2016ൽ പല്ല് പറിക്കാനെത്തിയ രോഗി അനസ്തേഷ്യയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലെത്തിയതിന് അന്വേഷണം നേരിടുന്ന ഡോക്ടറുടെ ക്ലിനിക്കിലാണ് 9 വയസുകാരി മരിച്ചത്. സാൻഡിയോഗോയിലാണ് സംഭവം.
ചികിത്സ പൂർത്തിയാക്കിയ ശേഷം മയക്കത്തിലായിരുന്ന 9 വയസുകാരിയെ അമ്മയ്ക്കൊപ്പം ദന്ത ഡോക്ടർ വീട്ടിലേക്ക് അയച്ചു. വീട്ടിലേക്കുള്ള യാത്രയ്ക്കിടയിലും 9 കാരി ഉറങ്ങുകയായിരുന്നു. അനസ്തേഷ്യ കഴിഞ്ഞുള്ള സാധാരണ മയക്കം എന്ന ധാരണയിലായിരുന്നു 9കാരിയുടെ അമ്മയുണ്ടായിരുന്നത്. വീട്ടിലെത്തിയ ശേഷവും കുട്ടി നിശ്ചലാവസ്ഥയിൽ തുടർന്നതോടെയാണ് മാതാപിതാക്കൾ അടിയന്തര സഹായം തേടിയത്. ആംബുലൻസ് സഹായത്തോടെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. കാലിഫോർണിയയിലെ സാൻഡിയാഗോയിലെ വിസ്തയിലെ ഡ്രീം ടൈം ഡെൻറിസ്ട്രി എന്ന ക്ലിനിക്കിലാണ് സംഭവം. എന്നാൽ ചികിത്സയ്ക്കിടെ കുട്ടിക്ക് യാതൊരു വിധ ആരോഗ്യ പ്രശ്നങ്ങളും നേരിട്ടിരുന്നില്ലെന്നാണ് സ്ഥാപനത്തിലെ ഡോക്ടർ വിശദമാക്കുന്നത്.
ആരോഗ്യ നിലയിൽ ഒരു കുഴപ്പവുമില്ലാതെയാണ് കുട്ടിയെ ഡിസ്ചാർജ്ജ് ചെയ്തതെന്നാണ് സ്ഥാപനം വാദിക്കുന്നത്. കുട്ടിയുടെ ഹൃദയമിടിപ്പ് അടക്കമുള്ളവ ഡിസ്ചാർജ്ജ് ചെയ്ത സമയത്ത് സാധാരണ നിലയിലായിരുന്നുവെന്നാണ് ദന്ത ഡോക്ടർ വിശദമാക്കുന്നത്. എന്നാൽ ഇവർ നൽകിയ മെഡിക്കൽ റിപ്പോർട്ട് അനുസരിച്ച് കുട്ടിയെ ഡിസ്ചാർജ്ജ് ചെയ്യുമ്പോൾ മയക്കത്തിലായിരുന്നു.
സംഭവത്തിൽ സാൻഡിയാഗോ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2016ൽ സമാനമായ ഒരു സംഭവത്തിന്റെ പേരിൽ ഈ ക്ലിനിക്കിന് നേരെ അന്വേഷണമുണ്ടായിരുന്നു 54 വയസുള്ള രോഗി അനസ്തേഷ്യയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഇത്. ഈ സംഭവത്തിന് പിന്നാലെ 2020-23 വരെ ചികിത്സ ലഭ്യമായ ഡോക്ടറെ ചികിത്സയിൽ നിന്ന് മാറ്റി നിർത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം