ഡ്രാഗൺ ഫ്രൂട്ട് വീട്ടിൽ വളർത്താം; ഇത്രയേ ചെയ്യാനുള്ളൂ
എല്ലാവർക്കും ഇഷ്ടമുള്ള പഴവർഗ്ഗമാണ് ഡ്രാഗൺ ഫ്രൂട്ട്. ജ്യൂസായും അല്ലാതെയും ഇത് കഴിക്കാൻ സാധിക്കും. നിരവധി ഗുണങ്ങളുള്ള ഡ്രാഗൺ ഫ്രൂട്ട് നിറത്തിലും ആകൃതിയിലും മറ്റുള്ളതിൽനിന്നും വ്യത്യസ്തമായിരിക്കുന്നു. എന്നാൽ വിലയിലും ഒട്ടും പിന്നിലല്ല ഡ്രാഗൺ ഫ്രൂട്ട്. പലർക്കും സംശയമുള്ള കാര്യമാണ് ഡ്രാഗൺ ഫ്രൂട്ട് വീട്ടിൽ വളർത്താൻ സാധിക്കുമോ എന്നത്. എന്നാൽ ചെറിയൊരു പോട്ടിൽ തന്നെ ഇത് വളർത്താൻ സാധിക്കും. എങ്ങനെയെന്നല്ലേ? ഇങ്ങനെ ചെയ്തു നോക്കൂ.
വിത്തുകൾ
വിത്തുകളിൽ നിന്ന് ഡ്രാഗൺ ഫ്രൂട്ട് വളർത്തുന്നത് സാധ്യമാണെങ്കിലും ചെടിയിൽ ഫലം കായ്ക്കാൻ കുറഞ്ഞത് 4 വർഷമെങ്കിലുമെടുക്കും. അതിനാൽ തന്നെ പോട്ടിൽ വിത്തിട്ട് വളർത്തിയതിന് ശേഷം വെട്ടിമാറ്റി മറ്റൊരിടത്തേക്ക് വളർത്താം. ഇങ്ങനെ ചെയ്താൽ ഡ്രാഗൺ ഫ്രൂട്ട് 2 വർഷത്തിനുള്ളിൽ കായ്ക്കുകയും ചെയ്യുന്നു.
വളരുന്ന സമയം
ചൂടുള്ള സമയങ്ങളിലാണ് ഡ്രാഗൺ ഫ്രൂട്ട് കൂടുതലും വളർത്താൻ അനുയോജ്യമായ സമയം. പ്രത്യേകിച്ചും വേനൽ അല്ലെങ്കിൽ വസന്തകാലത്തിന്റെ തുടക്കത്തിലായിരിക്കും നല്ലത്. അതിനാൽ തന്നെ മാർച്ച് മുതൽ മെയ് വരെ ഇത് വളർത്താൻ സാധിക്കുന്നതാണ്. എല്ലാ ദിവസവും കുറഞ്ഞത് 4 മുതൽ 6 മണിക്കൂർ വരെ സൂര്യപ്രകാശം ലഭിക്കേണ്ടത് അത്യാവശ്യമാണ്.
എവിടെ നടണം
പോട്ടിൽ വിത്തിട്ട് വളർത്താൻ സാധിക്കും. എന്നാൽ നന്നായി വളരണമെങ്കിൽ അവ വെട്ടിമാറ്റി കൂടുതൽ സൗകര്യമുള്ളയിടത്ത് നടേണ്ടതുണ്ട്. കുറഞ്ഞത് 15 ഇഞ്ച് വ്യാസമെങ്കിലും ഉള്ള ചട്ടിയിലായിരിക്കണം ഡ്രാഗൺ ഫ്രൂട്ട് വളർത്തേണ്ടത്. ഒപ്പം വേരുകൾക്ക് പടരാനും സ്ഥലം അത്യാവശ്യമാണ്.
വെട്ടിമാറ്റിയതിന് ശേഷം നടേണ്ട രീതി
വളർന്നതിന് ശേഷം വെട്ടിമാറ്റി മറ്റൊരിടത്തേക്ക് നടുമ്പോൾ ശ്രദ്ധിക്കണം. ചെടി നശിച്ചുപോകാത്ത രീതിയിലാവണം വെട്ടിയെടുക്കേണ്ടത്. കുറഞ്ഞത് 12 ഇഞ്ച് നീളമെങ്കിലും ഉണ്ടായിരിക്കണം. ശേഷം മണ്ണിൽ ഒരു കുഴിയെടുത്ത് നട്ടുപിടിപ്പിക്കാവുന്നതാണ്.
മണ്ണ് മിശ്രിതം
മണൽ, മണ്ണ്, കമ്പോസ്റ്റ്, കൊക്കോപീറ്റ് എന്നിവയുടെ മണ്ണ് മിശ്രിതമാണ് ഡ്രാഗൺ ഫ്രൂട്ട് വളരാൻ കൂടുതൽ അനുയോജ്യം. മികച്ച ഫലം ലഭിക്കാൻ 40 ശതമാനം പൂന്തോട്ട മണ്ണ്, 10 ശതമാനം മണൽ, 30 ശതമാനം കൊക്കോപീറ്റ്, 20 ശതമാനം കമ്പോസ്റ്റ് എന്ന കണക്കിൽ ചേർക്കുന്നതായിരിക്കും നല്ലത്.
ചെടിയുടെ സംരക്ഷണം
വളർച്ച തുടരണമെങ്കിൽ ചെടിക്ക് വേണ്ട വിധത്തിൽ സംരക്ഷണം നൽകണം. ചെടി വളർന്നു തുടങ്ങിയാൽ അതിന്റെ ഭാരം കൊണ്ട് ചരിയാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ ചെടിയെ താങ്ങി നിർത്താൻ ഊന്ന് കൊടുക്കണം.
വെള്ളം നനയ്ക്കുമ്പോൾ ശ്രദ്ധിക്കാം
കള്ളിച്ചെടിയിൽ നിന്നും വളരുന്ന ഡ്രാഗൺ ഫ്രൂട്ടിന് ചെറിയ തോതിൽ നനവിന്റെ ആവശ്യമുണ്ട്. കുറഞ്ഞത് 4 മണിക്കൂർ സൂര്യപ്രകാശം ലഭിച്ചെങ്കിൽ എല്ലാ ദിവസവും ഒരു തവണ വെള്ളമൊഴിച്ച് കൊടുക്കാവുന്നതാണ്. എന്നാൽ കുറഞ്ഞ അളവിലാണ് സൂര്യപ്രകാശം ലഭിക്കുന്നതെങ്കിൽ രണ്ട് ദിവസത്തിൽ ഒരിക്കൽ മാത്രം വെള്ളമൊഴിച്ച് കൊടുത്താൽ മതി.
വളം
പൂക്കളും പഴവും ഉത്പാദിപ്പിക്കുന്നത് കൊണ്ട് തന്നെ ദ്രാവക രൂപത്തിലുള്ള വളം ഉപയോഗിക്കുന്നതാണ് നല്ലത്. വെള്ളവും വളവും ചേർത്ത് ചെടിക്ക് ഒഴിച്ചുകൊടുക്കാം. അല്ലെങ്കിൽ ഓർഗാനിക് കംപോസ്റ്റുകളും ഇടാവുന്നതാണ്.
വെട്ടിമാറ്റാം
ചീഞ്ഞു പോയതോ പഴുത്തതോ ആയ ഇലകളുണ്ടെങ്കിൽ അവ വെട്ടിമാറ്റണം. ഇത് പുതിയ ഇലകൾ വരാൻ സഹായിക്കുന്നു.
പൂവ്
വെട്ടിമാറ്റിയ ചെടി വളർന്നു കഴിയുമ്പോൾ അതിൽനിന്നും വലിയൊരു പൂവ് ഉണ്ടാകും. 7-8 മാസങ്ങൾകൊണ്ടാണ് ഇത് വരുന്നത്. പൂവ് വന്നതിന് ശേഷം അത് വാടിപ്പോവുകയും അതിൽനിന്നും ഫലം ഉണ്ടാവുകയും ചെയ്യുന്നു.
ഡ്രാഗൺ ഫ്രൂട്ടിന്റെ ഫലം
പൂവ് വന്നുകഴിഞ്ഞ് 30 മുതൽ 50 ദിവസം വരെയാണ് ഫലം വരാനെടുക്കുന്ന സമയം. പൂവ് വാടിയതിന് ശേഷം അതിൽ നിന്നും ഫലം വരുകയും അത് വളരാൻ തുടങ്ങുകയും ചെയ്യുന്നു. ഇത് കടും പിങ്ക് അല്ലെങ്കിൽ മഞ്ഞ നിറത്തിലാകുമ്പോഴാണ് വിളവെടുക്കേണ്ടത്.