ജര്‍മ്മന്‍ യുവതിയെ ചതിച്ചു! ലിഫ്റ്റ് കൊടുത്ത് കാറില്‍ കറക്കം, പിന്നീട് പീഡനം; പ്രതിക്ക് വേണ്ടി തിരച്ചിൽ

ഹൈദരാബാദ്: സുഹൃത്തിനെ കാണാന്‍ ജര്‍മ്മനിയില്‍ നിന്നെത്തിയ 25 കാരി ബലാത്സംഗത്തിന് ഇരയായി. ഹൈദരാബാദിലാണ് ജര്‍മ്മന്‍ പൗരയ്ക്ക് നേരെ ക്രൂരമായ അതിക്രമം ഉണ്ടായത്. ജര്‍മ്മനിയില്‍ ഒപ്പം പഠിച്ചിരുന്ന ഇന്ത്യന്‍ സുഹൃത്തിനെ കാണാനാണ് യുവതിയും മറ്റൊരു ആണ്‍ സുഹൃത്തും ഇന്ത്യയിലെത്തിയത്. കാറില്‍ സഞ്ചരിക്കുകയായിരുന്ന പ്രതിയും അയാളുടെ അഞ്ച് സുഹൃത്തുക്കളും ചേര്‍ന്ന് യുവതിക്കും സുഹൃത്തിനും ലിഫ്റ്റ് ഓഫര്‍ ചെയ്യുകയായിരുന്നു. ലിഫ്റ്റ് സ്വീകരിച്ച ഇവര്‍ മണിക്കൂറുകളോളം കാറില്‍ പ്രതിക്കും പ്രായപൂര്‍ത്തിയാവാത്ത മറ്റ് അഞ്ചുപേര്‍ക്കൊപ്പവും സ്ഥലങ്ങള്‍ ചുറ്റിക്കണ്ടു. ശേഷം എയര്‍പോര്‍ട്ടിലേക്ക് പോകുന്നതിനിടെയാണ് യുവതി പീഡനത്തിന് ഇരയായത്.

കാറിലുണ്ടായിരുന്ന പ്രായപൂര്‍ത്തിയാവാത്ത അഞ്ച് സുഹൃത്തുക്കളെയും യുവതിയുടെ സുഹൃത്തിനേയും പ്രതി കാറില്‍ നിന്ന് ഇറക്കിവിട്ടു. പിന്നീട് തിരക്കില്ലാത്ത ഓഴിഞ്ഞ പ്രദേശത്തേക്ക് വളരെ വേഗത്തില്‍ കാറോടിച്ച് പോയി. ഫോട്ടോ എടുക്കാന്‍ പറ്റിയ സ്ഥലമാണ് എന്ന് പറഞ്ഞാണ് വിജനമായ സ്ഥലത്തേക്ക് ഇയാള്‍ പോയത്. തുടര്‍ന്ന് യുവതിയെ കടന്നുപിടിച്ച് ബലാത്സംഗം ചെയ്യുകയുമായിരുന്നു. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ ആയിരുന്നു സംഭവം. ശേഷം പ്രതി സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. ഉടനെ തന്നെ യുവതി പൊലീസിനെ വിവരം അറിയിച്ചു. നിലവില്‍ പൊലീസ് പ്രതിക്കു വേണ്ടി തിരച്ചില്‍ നടത്തുകയാണ്. ഇയാളുടെ കാറ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് പൊലീസ് പറഞ്ഞു.

Read More:വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തി, പരിശോധനയില്‍ 5 മാസം ഗർഭിണി; 12 കാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin