ചിത്രശലഭങ്ങൾ, ജെല്ലി ഫിഷ്, കൂട്ടിൽ വിളമ്പുന്ന കോഴിക്കാല്; അതിവിചിത്രമായ മെനുവുമായി റെസ്റ്റോറന്റ്

കോപ്പൻഹേഗനിലെ പ്രശസ്തമായ റെസ്റ്റോറന്റാണ് ആൽക്കെമിസ്റ്റ്. ഇവിടെ ഷെഫ് റാസ്മസ് മങ്ക് ഉണ്ടാക്കിയിരിക്കുന്ന 50 കോഴ്‌സ് മെനു ഭയങ്കര പ്രശസ്തമാണ്. അതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുമുണ്ട്. എന്നാൽ, അതേസമ?ം തന്നെ ഇതേച്ചൊല്ലിയുള്ള വിവാദവും ചെറുതല്ല.

50 വിഭവങ്ങളടങ്ങിയ ഈ മെനു കഴിച്ച് തീർക്കണമെങ്കിൽ ഏകദേശം അഞ്ച് മണിക്കൂർ വേണ്ടിവരും എന്നാണ് കണക്ക്. 700 ഡോളർ അതായത് ഏകദേശം 60,000 രൂപയാണ് ഇതിന് വില. എന്നാൽ, ഇതൊന്നുമല്ല ഇതിനെ വിവാദമാക്കുന്നത്. തികച്ചും വിചിത്രം എന്ന് തോന്നുന്ന ഇതിലെ വിഭവങ്ങൾ തന്നെയാണ്. 

ഭക്ഷ്യയോഗ്യമായ ചിത്രശലഭങ്ങൾ, ജെല്ലിഫിഷ്, ലാംബ് ബ്രെയിൻ മൂസ് തുടങ്ങിയ അസാധാരണമായതും ആളുകളെ അമ്പരപ്പിക്കുന്നതുമായ വിഭവങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. അതായത്, കാമുകിയോ കാമുകനോ ഒത്തുള്ള ആദ്യത്തെ കണ്ടുമുട്ടലിനോ, അല്ലെങ്കിൽ വിവാഹവാർഷികത്തിനോ, പ്രണയം പങ്കുവയ്ക്കാനോ ഒന്നും പറ്റിയ ഇടമല്ല ഇത് എന്ന് അർത്ഥം. 

എന്നാൽ, പാചകത്തിലും വിഭവത്തിലും ഉള്ള ഈ വെറൈറ്റി ചില ആ​ഗോള പ്രശ്നങ്ങളെ കുറിച്ച് കൂടി ബോധവൽക്കരിക്കുന്നതിന് വേണ്ടിയാണ് എന്നാണ് റെസ്റ്റോറന്റ് പറയുന്നത്. കാലാവസ്ഥാ വ്യതിയാനം, മൃ​ഗങ്ങൾക്ക് നേരെയുള്ള ക്രൂരത തുടങ്ങിയ പ്രശ്നങ്ങളെയാണ് ഈ വിഭവങ്ങളിലൂടെയും ഇത് വിളമ്പുന്ന രീതിയിലൂടെയും ഇവർ അഭിസംബോധന ചെയ്യാൻ ശ്രമിക്കുന്നതത്രെ. 

ഉദാഹരണത്തിന് മൃ​ഗങ്ങളോട് മനുഷ്യർ കാണിക്കുന്ന ക്രൂരതകളെ പ്രതിനിധാനം ചെയ്യുന്നതിനായി ഒരു കൂട് പോലെയുള്ള ഒന്നിലാണ് കോഴിക്കാൽ വിളമ്പുന്നത്. ഇങ്ങനെയുള്ള പല വിഭവങ്ങളും, വിചിത്രമായ രീതികളും ഈ റെസ്റ്റോറൻ‌റിൽ കാണാം. 

 
 
 

 
 
 
 
 

 
 

 
 
 

 
 

A post shared by Tiff (@greenonionbun)

സമുദ്ര മലിനീകരണത്തെ കുറിച്ച് കാണിക്കുന്നതിന് ഭക്ഷ്യയോഗ്യമായ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ മത്സ്യം. ശീതീകരിച്ച പന്നിയുടെയും ആട്ടിൻകുട്ടിയുടെയും രക്തം ഉപയോഗിച്ച് നിർമ്മിച്ച മധുരപലഹാരം തുടങ്ങിയ വിഭവങ്ങളും ഇവിടെയുണ്ട്. എന്നാൽ, വൻ വിമർശനമാണ് ഈ റെസ്റ്റോറന്റിനെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്നത്. 

മൃ​ഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കാൻ എന്നും കാണിച്ച് വിളമ്പുന്നത് മൃ​ഗങ്ങളുടെ തന്നെ ഇറച്ചിയാണ് തുടങ്ങി ഇതിലെ വൈരുധ്യങ്ങളാണ് ആളുകൾ ചൂണ്ടിക്കാണിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin