ചതുപ്പിൽ പുതഞ്ഞ് 63 ടൺ ഭാരമുള്ള സൈനിക കവചിത വാഹനം, 3 അമേരിക്കൻ സൈനികർക്ക് ദാരുണാന്ത്യം

വിൽനുസ്: വടക്കൻ യൂറോപ്പിലെ  ലിത്വാനിയയിൽ പരിശീലനത്തിനിടെ കവചിത വാഹനം തകർന്ന് കാണാതായ 4 അമേരിക്കൻ സൈനികരിൽ 3 പേരുടെ മൃതദേഹം കണ്ടെത്തി. പാബ്രേഡ് എന്ന സ്ഥലത്ത് ചതുപ്പിൽ പുതഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങളുണ്ടായിരുന്നത്. ഒരു സൈനികനായി തെരച്ചിൽ തുടരുകയാണ്. കഴിഞ്ഞ ആഴ്ചയാണ് പരിശീലനത്തിനിടെയാണ് കവചിത വാഹനത്തിലെ അമേരിക്കൻ സൈനികരെ കാണാതായത്. 

എം88എ2 ഹെർക്കുലീസ് കവചിത വാഹനം ചതുപ്പിൽ കുടുങ്ങിയതിന് പിന്നാലെയാണ് അപകടമുണ്ടായത്. സൈന്യത്തിന്റെ തകരാറിലായ ലൈറ്റ് യൂട്ടിലിറ്റി വാഹനത്തിന്റെ അറ്റകുറ്റ പണികൾക്കായി പോകുമ്പോഴാണ് സൈന്യത്തിന്റെ കവചിത റിക്കവറി വാഹനം ചതുപ്പിലേക്ക് ആഴ്ന്ന് പോയത്. 3 ഇൻഫന്റ്രി ഡിവിഷനിലെ ഫസ്റ്റ് ബ്രിഗേജ് കോംബാക്റ്റ് ടീമിലെ സൈനികരാണ് മരിച്ചത്. ജോർജ്ജിയയിലെ ഫോർട്ട് സ്റ്റീവാർട്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓപ്പറേഷൻ അറ്റ്ലാൻറിക് റിസോൾവിന്റെ ഭാഗമായി പ്രവർത്തിക്കുകയായിരുന്നു ഈ സൈനികരെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തിങ്കളാഴ്ച രാവിലെയോടെയാണ് അപകടത്തിൽപ്പെട്ട സൈനികർ സഞ്ചരിച്ചിരുന്ന 63 ടൺ ഭാരമുള്ള കവചിത വാഹനം ചതുപ്പിൽ നിന്ന് ഉയർത്താനായത്. ആറ് ദിവസത്തെ തെരച്ചിലിന് ശേഷമായിരുന്നു ഇത്. 

അമേരിക്കൻ സൈനികരും പൊലീസും അടങ്ങുന്ന നൂറ് കണക്കിന് പേരാണ് കവചിത വാഹനത്തിൽ കുടുങ്ങിയ സൈനികർക്കായി തിരച്ചിൽ നടത്തിയത്. കൊടുങ്കാട്ടിലെ ചതുപ്പ് നിറഞ്ഞ മേഖലയിൽ ആറ് ദിവസത്തെ തെരച്ചിലിന് ഒടുവിലാണ് കവചിത വാഹനം കണ്ടെത്താനായത്. ലിത്വാനിയൻ സൈന്യത്തിന്റെ ഹെലികോപ്റ്ററുകളും ഏരിയൽ സംവിധാനങ്ങളും ഇപയോഗിച്ച് നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് കവചിത വാഹനം കണ്ടെത്താനായത്. നിരവധി ടൺ ചെളിയും മണ്ണും മാറ്റിയ ശേഷമാണ് വാഹനം പുറത്തെടുക്കാനായത്. 

മുൻ സോവിയറ്റ് റിപ്പബ്ലിക് രാജ്യമായ ലിത്വാനിയ 2004 മുതൽ നാറ്റോയിലെ അംഗമാണ്. അറ്റ്ലാൻറിക് റിസോൾവിന്റെ ഭാഗമായി നൂറ് കണക്കിന് അമേരിക്കൻ സൈനികർക്കാണ് ലിത്വാനിയയിൽ പരിശീലനം നൽകുന്നത്. റഷ്യ ക്രീമിയയും പിടിച്ചെടുത്തതിന് പിന്നാലെയാണ് ഓപ്പറേഷൻ അറ്റ്ലാൻറിക് റിസോൾവ് ആരംഭിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

By admin