കാലിലേക്ക് സാധനങ്ങൾ ഇടുന്ന സോഷ്യൽ മീഡിയ ചലഞ്ച് ഏറ്റെടുത്ത് 40 -കാരി; ചലഞ്ച് കഴിഞ്ഞപ്പോഴേക്കും കാലൊടിഞ്ഞു
അപകടകരമായ സമൂഹ മാധ്യമ ചലഞ്ചുകളുടെ ഭാഗമാകുന്നതിനെത്തുടർന്ന് ആളുകൾക്ക് സ്വന്തം ജീവൻ പോലും നഷ്ടപ്പെട്ട നിരവധി സംഭവങ്ങൾ സമീപകാലങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ചും കൌമാരക്കാരും കുട്ടികളുമാണ് ഇത്തരത്തിലുള്ള അപകടങ്ങൾക്ക് ഇരയാക്കപ്പെടുന്നത്. എന്നാല്‍ സമ്മാനമായ രീതിയിൽ മറ്റൊരു സമൂഹ മാധ്യമ വെല്ലുവിളി ഏറ്റെടുത്ത ഒരു നാല്പതുകാരിയുടെ കാലുകൾ ഒടിഞ്ഞതായാണ് റിപ്പോർട്ടുകൾ പറയുന്നത്.
#droppingthingsonmyfoot എന്ന ടിക്ടോക് ട്രെൻഡ് പരീക്ഷിക്കുന്നതിനിടെയാണ് ഇവരുടെ കാൽ ഒടിഞ്ഞത്. മാർച്ച് മാസം ആദ്യം തന്‍റെ ഒരു ബന്ധുവിന്‍റെ ജന്മദിനാഘോഷ പരിപാടിക്ക് ഇടയിലാണ് ക്ലെയർ കേവും 29 -കാരിയായ അവരുടെ കസിൻ ജെമ്മ സ്റ്റീഫൻസും ചേർന്ന് ഈ ട്രെൻഡ് പരീക്ഷിച്ചത്. #droppingthingsonmyfoot ട്രെൻഡിൽ, ആളുകൾ അരക്കെട്ടിന് മുകളിൽ നിന്ന് ഭാരമുള്ള വസ്തുക്കൾ കാല്‍ പാദത്തിലേക്ക് ഇട്ട് വേദന വിലയിരുത്തി അതിന്‍റെ വീഡിയോ ചിത്രീകരിക്കുകയാണ് ചെയ്യുന്നത്. ഒരുപാട് ആളുകൾ അനുകരിക്കുന്നത് കണ്ടത് കൊണ്ടാണ് താനും ഈ ചലഞ്ച് പരീക്ഷിച്ചു നോക്കാൻ തീരുമാനിച്ചത് എന്നാണ് ക്ലെയർ കേവ് പറയുന്നത്.
സാധനങ്ങൾ കാലിൽ ഇടുമ്പോൾ ലഭിക്കുന്ന പെയിൻ സ്കെയിൽ റേറ്റിംഗിന്‍റെ അടിസ്ഥാനത്തിലാണ് ഈ ചലഞ്ച് മുന്നോട്ട് പോകുന്നത്. രണ്ട് കുട്ടികളുടെ അമ്മയായ കേവ്, ഒരു സ്പൂൺ താഴെയിട്ട് പെയിൻ സ്കെയിലിൽ 1/10 റേറ്റിംഗ് നേടിയാണ് ചലത്ത് തുടങ്ങിയത്. തുടർന്ന് അവൾ ഒരു ഡോർ സ്റ്റോപ്പ് താഴെയിട്ടു, അതിന് 2/10 റേറ്റിംഗ് ലഭിച്ചു. പിന്നീട് കേവ് ഹോട്ടലിന്‍റെ സ്റ്റാൻഡിംഗ് ഫാനും ഒരു സ്യൂട്ട്കേസും അവളുടെ കാലിൽ ഇട്ടു. അതിന് 8/10 ഉം 10/10 ഉം റേറ്റിംഗ് ലഭിച്ചു. ഇവയിൽ ഏതോ ഒന്ന് കാലിൽ വീണപ്പോഴാണ് തന്‍റെ കാലൊടിഞ്ഞത് എന്നാണ് ക്ലെയർ കേവ് പറയുന്നത്. ചലഞ്ച് കഴിഞ്ഞ സമയത്ത് പ്രത്യേകിച്ചൊന്നും അനുഭവപ്പെട്ടില്ലെങ്കിലും പിറ്റേ ദിവസം എഴുന്നേറ്റപ്പോൾ ഇവർക്ക് നടക്കാൻ കഴിയാതെ വന്നു. തുടർന്ന് ആശുപത്രിയിൽ എത്തി പരിശോധന നടത്തിയപ്പോഴാണ് കാലിലെ ലിഗ്മെന്‍റിനും എല്ലിനും പൊട്ടലുള്ളതായി കണ്ടെത്തിയത്.