കാറിൽ പൊട്ടിത്തെറിച്ചത് ഉഗ്രശേഷിയുള്ള ഗുണ്ടെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്, തെളിവ് നശിപ്പിച്ചെന്ന് പൊലീസ്
കോഴിക്കോട്: നാദാപുരം പേരോട് കാറില്‍ പൊട്ടിത്തെറിച്ചത് ഉഗ്രശേഷിയുള്ള ഗുണ്ടെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ കൂടാതെ രണ്ടു പേര്‍ കൂടി കാറിലുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. അപകടമുണ്ടായതിനു പിന്നാലെ ഇവര്‍ സ്ഥലത്ത് നിന്നും രക്ഷപ്പെടുകയായിരുന്നു. ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കാറിലുണ്ടായിരുന്ന പടക്ക ശേഖരം മാറ്റി തെളിവ് നശിപ്പിച്ചതായും പൊലീസ് പറഞ്ഞു. ഞായറാഴ്ച രാത്രിയിലാണ് കാറില്‍ വെച്ച് പടക്കം പൊട്ടിത്തെറിച്ച് രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റത്. പടക്കം കത്തിച്ചു പുറത്തേക്കെറിയുന്നതിനിടെ കാറിനുള്ളില്‍ വെച്ച് തന്നെ പൊട്ടിത്തെറിക്കുകയായിരുന്നു.
ഇന്നലെ സംഭവത്തിൽ പരിക്കേറ്റ രണ്ടുപേർക്കുമെതിരെ നാദാപുരം പൊലീസ് കേസെടുത്തിരുന്നു. കല്ലാച്ചി സ്വദേശികളായ പൂവുള്ളതിൽ ഷഹറാസ്, റയീസ് എന്നിവർക്കെതിരെയാണ് കേസ്. സ്ഫോടക വസ്തുക്കൾ അശ്രദ്ധമായി കൈകാര്യം ചെയ്ത് അപകടം വരുത്തിയതിനാണ് കേസ്. കാറിൽ നിന്നും ഉഗ്രശേഷിയുള്ള കൂടുതൽ പടക്കങ്ങൾ കണ്ടെടുത്തിരുന്നു.
ഓടുന്ന കാറിൽ നിന്നും പടക്കം കത്തിച്ചു പുറത്തേക്കെറിയുമ്പോൾ അപകടം ഉണ്ടായത്. പടക്കം കാറിനുള്ളിൽ വെച്ചു പൊട്ടിത്തെറിക്കുകയായിരുന്നു. കൈക്ക് ഗുരുതരമായി പരിക്കേറ്റ ഷഹറാസിനെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കാറിന്റെ ഗ്ലാസുകളും തകർന്നു.