കഷ്ടതകളെ ബൗള്‍ഡാക്കിയ അശ്വനി കുമാര്‍, മുംബൈയുടെ പേസ് സെൻസേഷൻ
അജിങ്ക്യ രഹാനയുടെ വിക്കറ്റ് വീഴുന്നു, വാംഖഡെ ആര്‍ത്തിരമ്പുന്ന നിമിഷം, 1669 കിലോമീറ്റര്‍ അകലെ പഞ്ചാബിലെ മൊഹാലി ജില്ലയിലെ ഝാൻജേരിയെന്ന ഗ്രാമം. അവിടെ ടെലിവിഷന് മുന്നിലിരുന്ന ഹര്‍കേഷ് കുമാറിന്റേയും മീന കുമാരിയുടേയും കണ്ണുകള്‍ നിറയുകയായിരുന്നു. കാരണം, കൊല്‍ക്കത്ത നായകനെ മടക്കിയത് അവരുടെ മകനായിരുന്നു, അശ്വനി കുമാര്‍.
അശ്വനി കുമാര്‍ എന്ന 23കാരൻ ഇടം കയ്യില്‍ പന്തെടുത്തിട്ട് ഒരു പതിറ്റാണ്ട് പിന്നിടുന്നു. ഒന്നും എളുപ്പമായിരുന്നില്ല. തന്റെ ഗ്രാമത്തില്‍ നിന്ന് 11 കിലോ മീറ്റര്‍ താണ്ടണമായിരുന്നു അവന് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്റെ സ്റ്റേഡിയത്തിലെത്താൻ. പലപ്പോഴും സൈക്കിളായിരുന്നു അവന് കൂട്ട്. ഹര്‍കേഷിനോട് 30 രൂപ വാങ്ങി ഷെയര്‍ ഓട്ടോ പിടിച്ച് മൈതാനത്തേക്ക് പായുന്ന അശ്വനി കുമാറിനെ ഝാൻജേരിയിലെ തെരുവുകള്‍ ഇന്ന് ഓര്‍ക്കുന്നുണ്ടാകും.
രാവിലെ അഞ്ച് മണിക്ക് ആരംഭിക്കുന്ന പരിശീലനം അവസാനിക്കുന്നത് രാത്രി പത്ത് മണിക്കാണ്. വെയിലും മഴയുമൊന്നും അതിന് തടസമായില്ല. അശ്വനിയുടെ പന്ത് നേരിടാത്ത യുവത ഝാൻജേരിയില്‍ തന്നെയുണ്ടാകില്ല. നെറ്റ്സില്‍ രണ്ടോ മൂന്നോ ഓവര്‍ എറിഞ്ഞ് തൃപ്തിപ്പെടുന്ന താരമായിരുന്നില്ല അശ്വനി, പതിനഞ്ച് ഓവര്‍ വരെ എറിയും. പരിശീലകരായിരുന്നു പലപ്പോഴും അശ്വനിയെ തടഞ്ഞിരുന്നത്.
സാധാരണ കാൻവാസ് ഷൂവുമായി കളിച്ചിരുന്ന കാലത്തെ താണ്ടാൻ സഹായിച്ചത് അശ്വനിയുടെ സുഹൃത്ത് വലയമായിരുന്നു. മെല്ലയായിരുന്ന ആ യാത്ര വേഗത്തിലാക്കിയത് പഞ്ചാബിലെ ഷേര്‍ ഇ ടി20 കപ്പാണ്. രണ്ട് സീസണിലായി നേടിയ 13 വിക്കറ്റുകള്‍.
അശ്വനി എന്ന പേസറിന്റെ മികവ് സൂക്ഷ്മമായി നിരീക്ഷിച്ച മുൻ ഇന്ത്യൻ താരം വിആര്‍വി സിങ്ങായിരുന്നു വഴികാട്ടി, കൂട്ടിന് ഹര്‍വീന്ദര്‍ സിങ്ങുമുണ്ടായിരുന്നു. സാങ്കേതികമികവിന്റെ അഭാവമായിരുന്നു അശ്വനിക്കുണ്ടായിരുന്നത്. ഇരുവരും ചേര്‍ന്ന് അശ്വനി കുമാര്‍ എന്ന പേസറിനെ പരുവപ്പെടുത്തി. ബൗളിങ് ആക്ഷൻ മെച്ചപ്പെടുത്തി. ഇൻസ്വിങ്ങും ഔട്ട്സ്വിങ്ങും യോര്‍ക്കറുകളും ആ ഇടംകൈക്ക് സുപരിചിതമാക്കിക്കൊടുത്തു.
2020ല്‍ ടെന്നിസ് എല്‍ബൊ മൂലം ഒരുവര്‍ഷത്തോളം കളത്തില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നു അശ്വനിക്ക്. രാജസ്ഥാൻ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിങ്സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകളുടെ ട്രയല്‍സില്‍ പങ്കെടുത്തു. പക്ഷേ, മുംബൈ ഇന്ത്യൻസായിരുന്നു അശ്വനിയുടെ മികവിന് ശരിവെച്ചത്. അശ്വിനിയെ സ്വന്തമാക്കി കഴിഞ്ഞുള്ള മുംബൈ മാനേജ്മെന്റിന്റെ പരസ്പരമുള്ള അഭിനന്ദനത്തിന്റെ തെളിവായിരുന്നു ഇന്നലത്തെ പ്രകടനം.
30 രൂപ നല്‍കി ഷെയര്‍ ഓട്ടോയിലും സൈക്കിളിലും പരിശീലനത്തിലെത്തിയ അശ്വിനിയുടെ മൂല്യം 30 ലക്ഷമായി ഉയര്‍ന്നു. വന്നവഴി മറന്നില്ല, ലേലത്തില്‍ മുംബൈക്കൊപ്പം ചേര്‍ന്നതിന് പിന്നാലെ തന്റെ ഗ്രാമത്തിലും ചുറ്റുമുള്ള ക്രിക്കറ്റ് അക്കാദിമികള്‍ക്ക് കിറ്റുകളും മറ്റും വാങ്ങി നല്‍കി. ജസ്പ്രിത് ബുംറയെപ്പോലെയും മിച്ചല്‍ സ്റ്റാര്‍ക്കിനേയും പോലെയും വളരാനാഗ്രഹിച്ച അശ്വനി ബുംറയുടെ വിടവ് മുംബൈ ബൗളിങ് നിരയില്‍ നികത്തിയിരിക്കുന്നു. വൈകാതെ സ്റ്റാര്‍ക്കിന് മുന്നിലും പന്തെറിയാൻ കഴിഞ്ഞേക്കും.
തന്റെ ആദ്യ ഐപിഎല്‍ മത്സരത്തിന്റെ സമ്മര്‍ദം മൂലം ഉച്ചഭക്ഷണം പോലും കഴിക്കാതിരുന്ന അശ്വനിയെ അല്ലായിരുന്നു കളത്തില്‍ കണ്ടത്. വാംഖഡയില്‍ പന്തെറിഞ്ഞ ഒരു നിമിഷത്തിലും ആ സമ്മര്‍ദം അവനെ വിഴുങ്ങിയില്ല. റിങ്കു സിങ്, ആന്ദ്രെ റസല്‍, മനീഷ് പാണ്ഡെ, രഹാനെ എന്നീ ബിഗ് വിക്കറ്റുകളാണ് അശ്വനി നേടിയത്. മനീഷിനേയും റസലിനേയും ബൗള്‍ഡാക്കുകയായിരുന്നു. അരങ്ങേറ്റത്തില്‍ നാല് വിക്കറ്റ്, കളിയിലെ താരം. അരങ്ങേറ്റ മത്സരത്തില്‍ ഒരു ഇന്ത്യ ബൗളറുടെ ഏറ്റവും മികച്ച പ്രകടനം. മലയാളി താരം വിഘ്നേഷ് പുത്തൂരിന് ശേഷം മുംബൈയുടെ ടാലന്റ് ഫാക്ടറിയില്‍ നിന്ന് മറ്റൊരു താരോദയവും.
ഝാൻജേരി പ്രശസ്തമായൊരു ഗ്രാമമല്ല, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കപ്പുറം എടുത്തുപറയാനൊന്നുമില്ലാത്തൊരിടം. ഝാൻജേരി ഇനി അശ്വനി കുമാറിലൂടെ ലോകം അറിയും. അറിഞ്ഞു തുടങ്ങിയിരിക്കുന്നു. അതിന് പിന്നില്‍ അശ്വിനികുമാറിന്റെ തളരാത്ത ഇടംകയ്യാണ്.