ഒരു കൊല്ലം മക് ഡൊണാൾഡ്സിൽ നിന്നും ഫ്രീയായി ഭക്ഷണം കഴിച്ചു, സഹായിച്ചത് കൂട്ടുകാരൻ, പോസ്റ്റ്
വിശ്വസിക്കാൻ പ്രയാസം തോന്നുന്ന അനേകം പോസ്റ്റുകൾ പ്രത്യക്ഷപ്പെടുന്ന ഒരു സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമാണ് റെഡ്ഡിറ്റ്. റെഡ്ഡിറ്റിൽ അടുത്തിടെ ഒരാൾ കുറിച്ച പോസ്റ്റാണ് ഇപ്പോൾ ചർച്ചയാവുന്നത്. മക്ഡൊണാൾഡ്സിൽ നിന്നും എങ്ങനെയാണ് കൊല്ലം മുഴുവനും തനിക്ക് സൗജന്യ ഭക്ഷണവും ഡിസ്കൗണ്ടുകളും കിട്ടിയത് എന്നാണ് ഈ പോസ്റ്റിൽ ഒരാൾ വിശദീകരിക്കുന്നത്.
മക്ഡൊണാൾഡ്സിൽ ജോലി ചെയ്യുന്ന തന്റെ സുഹൃത്ത് വഴി തനിക്ക് സൗജന്യ ഭക്ഷണം കിട്ടി എന്നാണ് ഇയാൾ പറയുന്നത്. ഒരിക്കൽ പോലും താനോ സുഹൃത്തോ പിടിക്കപ്പെട്ടില്ല എന്നും ഇയാൾ പറയുന്നുണ്ട്. കുറ്റബോധമേതും ഇല്ലാതെയാണ് ആ ഓഫറുകൾ സ്വീകരിച്ചത് എന്നും ഇയാൾ പോസ്റ്റിൽ സമ്മതിക്കുന്നു. ചിലപ്പോൾ അഞ്ച് പേരുടെ ഒരു സംഘം പോലും ഇങ്ങനെ ഭക്ഷണം കഴിച്ചിട്ടുണ്ട് എന്നും പോസ്റ്റിൽ പറയുന്നു.
‘അത് തെറ്റായിരുന്നോ? തനിക്ക് എപ്പോഴും ചിരിയാണ് വന്നിരുന്നത്. ഒരു തരത്തിലും തനിക്ക് അത് മോശമായി തോന്നിയിട്ടില്ല’ എന്നാണ് ഇയാൾ പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. ‘മക് റോബിൻഹുഡ് ഓപ്പറേഷനാ’ണ് അവിടെ ജോലി ചെയ്തിരുന്ന തന്റെ സുഹൃത്ത് നടത്തിയത് എന്നും പോസ്റ്റിൽ പറയുന്നു.
ഇതൊക്കെ നടക്കുമോ എന്ന് സ്വാഭാവികമായും നമുക്ക് സംശയം തോന്നും അല്ലേ? എന്തായാലും, നിരവധിപ്പേർ ഈ പോസ്റ്റിന് കമന്റുകളുമായി എത്തിയിട്ടുണ്ട്. സമാനമായി പലയിടങ്ങളിൽ നിന്നും സൗജന്യഭക്ഷണം നേടിയിട്ടുണ്ട് എന്നും ഒരുപാടുപേരാണ് പോസ്റ്റിന്റെ കമന്റിൽ പറഞ്ഞിരിക്കുന്നത്.
‘തന്റെ ഇളയ സഹോദരൻ ടീനേജറായിരുന്നപ്പോൾ ഡൊമിനോ ആപ്പിൽ ഇതുപോലെ ഒരു കാര്യം കണ്ടെത്തി. എല്ലാ വാരാന്ത്യത്തിലും തന്റെ സുഹൃത്തുക്കളോടൊപ്പം സൗജന്യ പിസ്സകൾ നേടിയെടുത്തിട്ടുണ്ട്’ എന്നാണ് ഒരാൾ ഇതിന് കമന്റ് നൽകിയിരിക്കുന്നത്. ഒടുവിൽ ഡൊമിനോ അത് തിരിച്ചറിഞ്ഞ് തിരുത്തുന്നത് വരെ അവർ ഇത് തുടർന്നു എന്നും കമന്റിൽ പറയുന്നു.