എമ്പുരാൻ വിവാദം പാർലമെന്‍റ് ചർച്ച ചെയ്യില്ല, പ്രതിപക്ഷ എംപിമാരുടെ നോട്ടീസുകൾ ഇരുസഭകളും തള്ളി

ദില്ലി: എമ്പുരാൻ വിവാദം ചർച്ച ചെയ്യാതെ പാർലമെന്‍റ്. ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ നൽകിയ നോട്ടീസുകൾ ഇരുസഭകളിലും തള്ളി. . കോൺഗ്രസ് എംപിമാരായ ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, ബെന്നി ബെഹനാൻ, ആന്‍റോ  ആന്‍റണി എന്നിവർ ലോക്സഭയിലും, സിപിഎം എംപിമാരായ ജോൺ ബ്രിട്ടാസ്, എഎ റഹീം, സിപിഐ എംപി സന്തോഷ് കുമാര്‍ എന്നിവര്‍ രാജ്യസഭയിലും നോട്ടീസ് നൽകി. 

സിനിമയ്ക്കും അണിയറ പ്രവർത്തകർക്കുമെതിരായ സൈബർ ആക്രമണങ്ങളും, പ്രധാനപ്പെട്ട  രംഗങ്ങൾ എഡിറ്റ് ചെയ്യണമെന്നതും ഫാസിസ്റ്റ് കൽപ്പനയാണെന്നും, 17 ഓളം രംഗങ്ങൾ എഡിറ്റ് ചെയ്ത് നീക്കണമെന്ന തീരുമാനം ആവിഷ്കാര സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും എംപിമാർ ആരോപിച്ചു. എന്നാൽ ഇരുസഭകളിലും നോട്ടീസുകൾ ചർച്ചയ്ക്കെടുക്കാതെ തള്ളി.

വിവാദത്തില് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞതുതന്നെയാണ് തന്റെയും നിലപാടെന്നും. യുഡിഎഫും എല്ഡിഎഫും ബിജെപിയെ അപകീർത്തിപ്പെടുത്തനാണ് ശ്രമിക്കുന്നതെന്നും ബിജെപി കേരള പ്രഭാരി പ്രകാശ് ജാവ്ദേക്കർ പ്രതികരിച്ചു. ഉത്തരവാദിത്വമുള്ള ആവിഷ്കാര സ്വാതന്ത്ര്യത്തിനൊപ്പമാണ് ബിജെപിയെന്നും ജാവ്ദേക്കർ പറഞ്ഞു.

 

 

By admin