എന്തുതരം ഭാഷയാണിത്? പോക്സോ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയതിൽ സൂരജ് പാലക്കാരന് സുപ്രീം കോടതിയുടെ വിമർശനം
ദില്ലി: കടയ്ക്കാവൂർ പോക്സോ കേസിലെ അതിജീവിതയുടെ പേര് വിഡിയോയിൽ വെളിപ്പെടുത്തിയതിൽ യൂ ട്യൂബർ സൂരജ് പാലക്കാരന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. യൂട്യൂബിൽ സൂരജ് പാലാക്കാരൻ ഉപയോഗിക്കുന്ന ഭാഷയെയാണ് സുപ്രീം കോടതി വിമർശിച്ചത്. എന്ത് തരം ഭാഷയാണിതെന്ന് ജസ്റ്റിസുമാരായ സൂര്യ കാന്ത്, എൻ.കെ.സിങ് എന്നിവരുടെ ബെഞ്ച് ചോദിച്ചു.
ഉത്തരവാദിത്തപ്പെട്ട യൂ ട്യൂബർക്ക് ഉപയോഗിക്കാൻ പറ്റിയ ഭാഷയാണോ ഇതെന്നുംസമൂഹത്തിൽ എന്തോ കുഴപ്പമുണ്ടെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. അതേസമയം, അതിജീവിതയുടെ പേര് വെളിപ്പെടുത്തിയെന്ന കേസിൽ സൂരജ് പാലക്കാരനെതിരെയുള്ള നടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്തു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഉത്തരവ്. ഹർജിയിൽ സംസ്ഥാന സർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. സൂരജ് പാലക്കാരനായി അഭിഭാഷകന്‍ അഡോള്‍ഫ് മാത്യു ഹാജരായി.