ഇരട്ടനികുതി ഒഴിവാക്കൽ, ഇന്ത്യയുടെ പ്രോട്ടോക്കോളിന് സുൽത്താന്റെ അംഗീകാരം
മസ്കത്ത്: ഇരട്ടനികുതി ഒഴിവാക്കുന്നതിനും ആദായ നികുതി വെട്ടിപ്പ് തടയുന്നതിനുമായുള്ള ഇന്ത്യയുടെ പ്രോട്ടോക്കോളിന് അംഗീകാരം. ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖാണ് ഭേദഗതി ചെയ്തുകൊണ്ടുള്ള പ്രോട്ടോക്കോൾ അംഗീകരിച്ച് രാജകീയ ഉത്തരവ് പുറപ്പെടുവിച്ചത്. ജനുവരി 27ന് മസ്കത്തിൽ നടന്ന ചടങ്ങിൽ അന്നത്തെ ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരങ്ങും ഒമാൻ നികുതി അതോറിറ്റി ചെയർമാൻ നാസർ ബിൻ ഖാമിസ് അൽ ജാഷ്മിയുമാണ് കരാറിൽ ഒപ്പുവെച്ചത്.
ഇരട്ട നികുതി ഒഴിവാക്കുക, ആദായ നികുതിയുമായി ബന്ധപ്പെട്ട വെട്ടിപ്പുകൾ തടയുക, ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം വർധിപ്പിക്കുക, അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുക എന്നിവയാണ് ഭേദഗതി ചെയ്ത കരാർ ലക്ഷ്യമിടുന്നത്. ഒമാനും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിലും അതിർത്തി കടന്നുള്ള സാമ്പത്തിക ഇടപാടുകളിൽ സുതാര്യതയും കാര്യക്ഷമതയും ശക്തിപ്പെടുത്തുന്നതിലും സുപ്രധാനമായ ചുവടുവെപ്പായിരിക്കും ഈ തീരുമാനമെന്നാണ് പ്രതീക്ഷിക്കുന്നത്.