ഇന്നും ടോപ്പര്‍; സീസണില്‍ ലഖ്‌നൗവിന്‍റെ കപ്പിത്താനായി നിക്കോളാസ് പുരാന്‍! 63 ശരാശരി, 219 സ്ട്രൈക്ക്റേറ്റ്

ലഖ്‌നൗ: നിക്കോളാസ് പുരാന്‍, ടി20 ക്രിക്കറ്റിലെ ഹാര്‍ഡ് ഹിറ്റിംഗ് ബാറ്റര്‍മാരില്‍ ഒരാള്‍. ഐപിഎല്‍ പതിനെട്ടാം സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ ആദ്യ മൂന്ന് മത്സരങ്ങളിലും പുരാന്‍ ഫോം കാട്ടി. ആദ്യ രണ്ട് കളികളിലും അര്‍ധസെഞ്ചുറി നേടിയ നിക്കോളാസ് പുരാന്‍ മൂന്നാം മത്സരത്തില്‍ 44 റണ്‍സെടുത്താണ് മടങ്ങിയത്. 

ഐപിഎല്‍ 2025ല്‍ മൂന്ന് മത്സരങ്ങളില്‍ 63 എന്ന അതിശയിപ്പിക്കുന്ന ശരാശരിയിലും 219 സ്ട്രൈക്ക്റേറ്റിലും 189 റണ്‍സ് നേടിക്കഴിഞ്ഞു ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിന്‍റെ നിക്കോളാസ് പുരാന്‍. രണ്ട് അര്‍ധസെഞ്ചുറികള്‍ നേടിയപ്പോള്‍ 17 ഫോറും 15 സിക്സും പുരാന്‍റെ ബാറ്റില്‍ നിന്ന് പറന്നു. സീസണിലെ ആദ്യ മാച്ചില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ വണ്‍ഡൗണായി ക്രീസിലിറങ്ങി 36 പന്തുകളില്‍ ആറ് വീതം ഫോറും സിക്‌സുകളും സഹിതം 72 റണ്‍സ് നേടിയാണ് പുരാന്‍ ജൈത്രയാത്ര തുടങ്ങിയത്. സണ്‍റൈസേഴ്സിന് എതിരായ അടുത്ത മത്സരത്തില്‍ ഇതേ ബാറ്റിംഗ് സ്ഥാനത്ത് 26 പന്തില്‍ ആറ് വീതം ഫോറും സിക്സുകളും അടക്കം 76 റണ്‍സ് അടിച്ചെടുത്തു. മൂന്നാം മത്സരത്തില്‍ പഞ്ചാബ് കിംഗിസിനെതിരെ 30 ബോളുകളില്‍ 5 ഫോറും രണ്ട് സിക്സുകളും സഹിതം 44 എടുത്തും തിളങ്ങി. 35 റണ്‍സിന് മൂന്ന് വിക്കറ്റ് നഷ്ടമായ ലഖ്നൗവിനെ കരകയറ്റിയത് പുരാന്‍റെ ഈ ഇന്നിംഗ്സായിരുന്നു. 

മൂന്ന് മത്സരത്തിലും ക്യാപ്റ്റന്‍ റിഷഭ് പന്ത് ബാറ്റിംഗ് പരാജയമായപ്പോള്‍ ടീമിന്‍റെ ബാറ്റിംഗ് മുന്നില്‍ നിന്ന് നയിച്ചത് നിക്കോളാസ് പുരാനായിരുന്നു. ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളിലും ടീമിന്‍റെ ടോപ് സ്കോററാണ് പുരാന്‍. നിലവില്‍ ഐപിഎല്‍ പതിനെട്ടാം സീസണിലെ ഓറഞ്ച് ക്യാപ്പ് 189 റണ്‍സുള്ള നിക്കോളാസ് പുരാന്‍റെ തലയിലാണ്. 

Read more: അര്‍ഷ്ദീപിന് മൂന്ന് വിക്കറ്റ്! ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ പഞ്ചാബിന് 172 റണ്‍സ് വിജയലക്ഷ്യം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin