ഇനി അടുക്കള വൃത്തിയാക്കുന്നത് ബോറൻ പണിയാകില്ല; ഇതാ ചില പൊടിക്കൈകൾ
രാത്രി ഉറങ്ങുന്നതിന് മുമ്പ് അടുക്കളയിൽ എല്ലാം വൃത്തിയാക്കുന്നത് കുറച്ച് പണിയുള്ള കാര്യം തന്നെയാണ്. കാരണം രാവിലെ മുതൽ ഉപയോഗിച്ച പാത്രങ്ങൾ ഉൾപ്പടെ ബാക്കി വന്ന ഭക്ഷണങ്ങൾവരെ കളഞ്ഞ് വൃത്തിയാക്കേണ്ടതായി വരും. ഇത് എല്ലാ വീടുകളിലേയും സ്ഥിരം കാഴ്ചയാണ്. എല്ലാം പൂർണമായും വൃത്തിയാക്കാതെ പോയാൽ അടുത്ത ദിവസം അടുക്കള ജോലി കൂടുതൽ ഭാരമാവുകയും ചെയ്യുന്നു. എന്നാൽ എന്നും ചെയ്യുന്ന രീതികൾ ഒന്ന് മാറ്റിപിടിച്ചാൽ രാത്രിയിലെ അടുക്കള ജോലി എളുപ്പത്തിൽ തീർക്കാൻ സാധിക്കും. അവ എന്തൊക്കെയാണെന്ന് അറിഞ്ഞാലോ.
അടുക്കളയിലെ പ്രതലങ്ങൾ വൃത്തിയാക്കാം
പലതരത്തിലുള്ള ഭക്ഷണങ്ങൾ പാചകം ചെയ്യുന്നതുകൊണ്ട് തന്നെ കറയും അണുക്കളും അത്രത്തോളം ഉണ്ടാവുന്നു. അടുക്കളയിലെ സിങ്കിലാണ് ഏറ്റവും കൂടുതൽ അണുക്കൾ ഉണ്ടാകുന്ന സ്ഥലം. എന്നാൽ സിങ്കിൽ മാത്രമല്ല അടുക്കളയിലെ കൗണ്ടർടോപുകൾ പോലെയുള്ള പ്രതലങ്ങളിലും കറയും അഴുക്കും ഉണ്ടാവാനും അണുക്കൾ പെരുകാനും സാധ്യതയുണ്ട്. അതിനാൽ തന്നെ ആദ്യം വൃത്തിയാക്കേണ്ടതും ഈ സ്ഥലങ്ങളാണ്.
നിലമടിച്ചുവാരാം
പൊടിപടലങ്ങളും അഴുക്കും അടിഞ്ഞുകൂടുന്നതുകൊണ്ട് തന്നെ ഇടക്ക് നിലം അടിച്ചുവാരുന്നത് ഒരുപരിധിവരെ ജോലി ഭാരം കുറയ്ക്കുന്നു. ഒരുമിച്ചടിക്കുമ്പോൾ മാലിന്യങ്ങൾ കൂടുകയും എളുപ്പത്തിൽ വൃത്തിയാക്കുന്നതിന് തടസ്സമാവുകയും ചെയ്യുന്നു. അതിനാൽ തന്നെ ചവറുകൾ വീഴുമ്പോൾ തന്നെ നിലം അടിച്ചുവരാണ് ശ്രദ്ധിക്കണം.
പാത്രങ്ങൾ കഴുകി വൃത്തിയാക്കാം
ഓരോ സമയത്തും ഉപയോഗിക്കുന്ന പാത്രങ്ങൾ അപ്പോൾ തന്നെ കഴുകി വെച്ചാൽ ജോലി എളുപ്പമാകും. ഓരോ തവണ ഉപയോഗിക്കുന്ന പാത്രങ്ങളും കൂട്ടിയിടുകയാണെങ്കിൽ അവ വൃത്തിയാക്കാൻ ബുദ്ധിമുട്ടാവുകയും ദുർഗന്ധമുണ്ടാവുകയും ചെയ്യുന്നു. ഇത് ജോലിഭാരം കുറയ്ക്കാനും സഹായിക്കുന്നു.
ദുർഗന്ധമകറ്റാം
എത്രയൊക്കെ അടുക്കള വൃത്തിയാക്കിയിട്ടാലും ദുർഗന്ധങ്ങൾ പോകണമെന്നില്ല. ഇങ്ങനെ ഉണ്ടാകുന്നത് തടയാൻ ഈ എളുപ്പ വഴികൾ പരീക്ഷിച്ച് നോക്കാവുന്നതാണ്. ബാക്കി വന്ന ഭക്ഷണങ്ങൾ അടുക്കളയിൽ തന്നെ സൂക്ഷിക്കാതെ അവ കളയുകയോ അല്ലെങ്കിൽ ശരിയായ രീതിയിൽ സൂക്ഷിക്കുകയോ ചെയ്യാവുന്നതാണ്. ഭക്ഷണങ്ങളിൽ നിന്നും മാത്രമല്ല അടഞ്ഞുപോയ അടുക്കള സിങ്കിൽനിന്നും ദുർഗന്ധങ്ങൾ വരാറുണ്ട്. ഇവ കൃത്യമായി പരിശോധിച്ച് അറ്റകുറ്റപണികൾ നടത്തിയാൽ ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും.