ആദ്യത്തെ മടക്കാവുന്ന ഐഫോൺ പണിപ്പുരയിലെന്ന് റിപ്പോർട്ട്, എന്തൊക്കെ പ്രതീക്ഷിക്കാം

കാലിഫോർണിയ: ആപ്പിൾ തങ്ങളുടെ ആദ്യത്തെ മടക്കാവുന്ന ഐഫോണിന്‍റെ പണിപ്പുരയിലാണെന്ന് കഴിഞ്ഞ കുറച്ചുകാലമായി വരുന്ന റിപ്പോർട്ടുകൾ. 2026 ൽ ഐഫോൺ 18 സീരീസിന്റെ ഭാഗമായി ഈ ഫോൺ പുറത്തിറക്കിയേക്കാം എന്നാണ് ഒടുവിലായി അന്തർദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഫോൾഡബിൾ സ്‍മാർട്ട് ഫോൺ വിപണിയിലേക്കുള്ള ആപ്പിളിന്റെ പ്രവേശനം സാംസങ്ങിന്റെ ഗാലക്‌സി ഇസഡ് ഫോൾഡ് സീരീസ് ഉൾപ്പെടെയുള്ളവയക്ക് കനത്ത വെല്ലുവിളിയാകും. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ഫോൺ ഐഫോൺ ചരിത്രത്തിൽ ഒരു പുതിയ അധ്യായം അടയാളപ്പെടുത്തിയേക്കാം. ഈ പുതിയ ഐഫോണിൽ പ്രതീക്ഷിക്കാവുന്ന ചില കാര്യങ്ങൾ ഇവയാണ്.

ഫോൾഡബിൾ ഫോണുകളുടെ പ്രധാന സവിശേഷതകളിൽ ഒന്ന് ഹിഞ്ച് ആണ്. പുതിയ ഫോൾഡബിൾ ഐഫോണിനായി, ആപ്പിൾ ഒരു ലിക്വിഡ് മെറ്റൽ ഹിഞ്ച് ഉപയോഗിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇത് മറ്റ് മടക്കാവുന്ന ഡിവൈസുകളെ ബാധിച്ചിരിക്കുന്ന ചുളിവുകൾ ഇല്ലാതാക്കുന്നു. ഒപ്പം ഈട് വർദ്ധിപ്പിക്കുമെന്നുമാണ് കമ്പനി അവകാശപ്പെടുന്നത്. മാത്രമല്ല ഫോൾഡബിൾ സ്‍മാർട്ട്‌ഫോൺ വിഭാഗത്തിലെ ഒരു സാധാരണ പ്രശ്‌നമായ തേയ്‍മാനത്തെയും പൊട്ടലിനെയും പ്രതിരോധിക്കാനും ഈ നീക്കം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

മടക്കാവുന്ന ഐഫോണിൽ 7.8 ഇഞ്ച് ഇന്റേണൽ ഡിസ്‌പ്ലേയും 5.5 ഇഞ്ച് കവർ സ്‌ക്രീനും ഉണ്ടാകുമെന്നാണ് കരുതുന്നത്. ഇത് തുറക്കുമ്പോൾ ടാബ്‌ലെറ്റ് പോലുള്ള അനുഭവം സൃഷ്ടിക്കും. പ്രധാന ഡിസ്‌പ്ലേയ്ക്ക് 4:3 ആസ്പെക്ട് റേഷ്യോ ലഭിച്ചേക്കും. ഇത് ആപ്പ് അനുയോജ്യതയും മികച്ച മീഡിയ പ്ലേബാക്കും ഒപ്റ്റിമൈസ് ചെയ്യും. ആപ്പിൾ ഈ ഫോണിൽ പ്രീമിയം മെറ്റീരിയലുകൾ ഉപയോഗിക്കുമെന്നും വിവിധ റിപ്പോർട്ടുകൾ പറയുന്നു.

കൂടുതൽ ഈടുനിൽക്കുന്നതിനായി ഫോൾഡബിൾ ഐഫോണിൽ ടൈറ്റാനിയം ഷാസി ഉണ്ടായിരിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. അതേസമയം വളരെ നേർത്ത പ്രൊഫൈൽ നിലനിർത്തുകയും ചെയ്യും. അതായത് മടക്കുമ്പോൾ 9.2 മില്ലീമീറ്ററും തുറക്കുമ്പോൾ 4.6 മില്ലീമീറ്ററും ആയിരിക്കും ഈ ഐഫോമിന്‍റെ വലിപ്പം. മടക്കിയാലും തുറന്നാലും ഉയർന്ന നിലവാരമുള്ള ഫോട്ടോഗ്രാഫി ഉറപ്പാക്കുന്ന ഒരു ഡ്യുവൽ ക്യാമറ സംവിധാനവും ഈ ഫോണിൽ ലഭിച്ചേക്കാം എന്നും റിപ്പോർട്ടുകൾ വിശദമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

By admin