അടുക്കളയിലെ പാത്രങ്ങൾ തുരുമ്പെടുത്തോ? ഇക്കാര്യങ്ങൾ ചെയ്താൽ പാത്രം തിളങ്ങും
അടുക്കളയിൽ പാത്രം വൃത്തിയാക്കുന്നതാണ് ഏറ്റവും കൂടുതൽ സമയം ചിലവഴിക്കേണ്ടി വരുന്ന ജോലി. ഭക്ഷണങ്ങൾ പാകം ചെയ്യുന്നതുകൊണ്ട് തന്നെ പലതരത്തിലുള്ള കറകൾ പാത്രങ്ങളിൽ പറ്റിപ്പിടിച്ചിരിക്കാം. ശരിയായ രീതിയിൽ പാത്രങ്ങൾ വൃത്തിയാക്കില്ലെങ്കിൽ ഭക്ഷണാവശിഷ്ടങ്ങൾ പാത്രത്തിൽ ഇരിക്കുകയും അതുമൂലം പാത്രം തുരുമ്പെടുക്കുകയും ചെയ്യുന്നു. ഇതുമാത്രമല്ല അധിക ദിവസം ഉപയോഗിക്കാതെ വയ്ക്കുന്ന പാത്രങ്ങളും എളുപ്പത്തിൽ തുരുമ്പെടുക്കാറുണ്ട്. എന്നാൽ പാത്രത്തിലെ തുരുമ്പ് ഇനി അനായാസം വൃത്തിയാക്കാൻ സാധിക്കും. ഇക്കാര്യങ്ങൾ ചെയ്താൽ മതി.
പാത്രം കഴുകാം
പാചകം ചെയ്ത് കഴിഞ്ഞതിന് ശേഷം പാത്രങ്ങൾ എത്രയും വേഗം കഴുകുന്നതാണ് നല്ലത്. കാരണം ഭക്ഷണാവശിഷ്ടങ്ങൾ അധിക നേരം പാത്രത്തിൽ പറ്റിയിരുന്നാൽ അത് തുരുമ്പെടുക്കാൻ കാരണമാകും. ഇനി പാചക ശേഷം ഉടനെ പാത്രം കഴുകി വൃത്തിയാക്കാൻ സാധിച്ചില്ലെങ്കിൽ അവ ചൂടുവെള്ളത്തിൽ ഇട്ടുവയ്ക്കാവുന്നതാണ്. ഇത് തുരുമ്പെടുക്കുന്നതിനെ തടയുന്നു.
വിനാഗിരി, നാരങ്ങ നീര്
പാത്രങ്ങൾ കഴുകുമ്പോൾ വെറും സോപ്പ് മാത്രം ഉപയോഗിക്കാതെ വിനാഗിരി അല്ലെങ്കിൽ നാരങ്ങ നീര് ഉപയോഗിച്ച് വൃത്തിയാക്കാവുന്നതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ആസിഡ് പാത്രങ്ങളെ തുരുമ്പെടുക്കുന്നതിൽ നിന്നും സംരക്ഷിക്കുന്നു.
സ്റ്റീൽ പാത്രങ്ങൾ
സ്റ്റീൽ പാത്രം ഉപയോഗിച്ച് പാചകം ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ആസിഡ് അടങ്ങിയിട്ടുള്ള ഭക്ഷണ സാധനങ്ങൾ സ്റ്റീൽ പാത്രത്തിൽ പാകം ചെയ്താൽ അവ എളുപ്പത്തിൽ തുരുമ്പെടുക്കാൻ കാരണമാകും. വൃത്തിയാക്കുമ്പോൾ ഉപയോഗിക്കാമെങ്കിലും ആസിഡ് അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ പാചകം ചെയ്യാൻ നല്ലതല്ല. അതിനാൽ തന്നെ സവാള, തക്കാളി, വെളുത്തുള്ളി എന്നിവ ഉപയോഗിച്ച് പാചകം ചെയ്യുമ്പോൾ പാത്രം ഉടനെ തന്നെ വൃത്തിയാക്കണം.
എണ്ണ പ്രയോഗം
പാത്രങ്ങൾ കഴുകി വൃത്തിയാക്കിയതിന് ശേഷം നന്നായി ഉണക്കാൻ വയ്ക്കണം. പൂർണമായും ഉണങ്ങിയതിന് ശേഷം പാത്രത്തിലേക്ക് എണ്ണ തേച്ചുപിടിപ്പിക്കുന്നത് നല്ലതായിരിക്കും. ഇത് പാത്രങ്ങളെ തുരുമ്പെടുക്കുന്നതിൽ നിന്നും സംരക്ഷിക്കുന്നു.