27.4 കോടി രൂപയുടെ മെത്താഫിറ്റമിനും കൊക്കെയ്നും എംഡിഎംഎയും; ദില്ലിയിൽ വൻമയക്കുമരുന്ന് വേട്ട
ദില്ലി: രാജ്യതലസ്ഥാനത്ത് വൻ മയക്കുമരുന്ന് വേട്ട. 27.4 കോടി രൂപയുടെ മെത്താഫിറ്റമിനും കൊക്കെയ്നും എംഡിഎംഎയും പിടിച്ചെടുത്തു. അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിൽ നാലു പേർ നൈജീരിയൻ സ്വദേശികളാണ്. നർക്കോട്ടിക് കൺട്രോൾ ബ്യൂറോയും ദില്ലി പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഛത്തർപൂരിൽ നിന്നും സംഘം പിടിയിലായത്.
അഞ്ചംഗ സംഘം സഞ്ചരിച്ചിരുന്ന വാഹനത്തിൽ നിന്നും 10 കോടി രൂപയിൽ അധികം വില വരുന്ന മെത്താഫിറ്റമിനും കണ്ടെടുത്തു. തുടർന്ന് മേഖലയിൽ നടത്തിയ പരിശോധനയിലാണ് ക്രിസ്റ്റൽ മെത്തഫെറ്റമിനും ഹെറോയിനും അടക്കം രാസലഹരികൾ പിടികൂടിയത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ വിദ്യാർത്ഥി വിസയിൽ ഇന്ത്യയിൽ എത്തുന്ന ആഫ്രിക്കൻ യുവാക്കൾ ഇത്തരം സംഘങ്ങളുമായി ചേർന്ന് ലഹരി കച്ചവടത്തിൽ ഏർപ്പെടുന്നുണ്ടെന്ന് കണ്ടെത്തി. സംഘത്തിന് ലഹരി എവിടെ നിന്ന് ലഭിച്ചു എന്നതിലടക്കം അന്വേഷണം പുരോഗമിക്കുകയാണ്.
അതിനിടെ കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന മൊത്തവിതരണക്കാരനായ നൈജീരിയൻ സ്വദേശിയെ സാഹസികമായി പിടികൂടി. 29കാരനായ അഗ്ബെഡോ അസൂക്ക സോളമനാണ് അറസ്റ്റിലായത്. ഇരവിപുരം പൊലീസ് ഡൽഹിയിൽ എത്തി പ്രതിയെ സാഹസികമായി പിടികൂടുകയായിരുന്നു.
കൊല്ലം നഗരത്തിൽ ഈ വർഷം നടന്ന ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണ് നൈജീരിയൻ സ്വദേശി അഗ്ബെഡോ അസൂക്ക സോളമനിൽ എത്തി നിൽക്കുന്നത്. മാർച്ച് 11 ന് രാത്രിയാണ് സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണന്‍റെ നേതൃത്വത്തിലുള്ള സംഘം 90 ഗ്രാം എംഡിഎംഎ പിടികൂടിയത്. പ്രതികളെ ചോദ്യംചെയ്തപ്പോൾ ഡൽഹിയുള്ള നൈജീരിയൻ സ്വദേശിയിൽ നിന്നാണ് എംഡിഎംഎ വാങ്ങിയതെന്ന് മനസിലായി. മൂന്ന് ദിവസം നീണ്ട പരിശ്രമത്തിന് ഒടുവിലാണ് അഗ്ബെഡോ അസൂക്ക സോളമൻ എന്ന മുഖ്യ പ്രതി പിടിയിലായത്.