സ്ത്രീയെ കന്യകത്വ പരിശോധനക്ക് നിർബന്ധിക്കുന്നത് മൗലികാവകാശ ലംഘനമെന്ന് ഹൈക്കോടതി വിധി
ദില്ലി: സ്ത്രീയെ കന്യകത്വ പരിശോധനയ്ക്ക് വിധേയയാക്കാൻ നിർബന്ധിക്കരുതെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. കന്യകത്വ പരിശോധനക്ക് നിര്‍ബന്ധിക്കുന്നത് മൗലികാവകാശ ലംഘനമാണെന്നും ഹൈക്കോടതി വിധിച്ചു. കന്യകത്വ പരിശോധനയ്ക്ക് അനുമതി നൽകുന്നത് മൗലികാവകാശങ്ങൾക്കും സ്വാഭാവിക നീതിയുടെ തത്വങ്ങൾക്കും സ്ത്രീയുടെ സ്വകാര്യതക്കും എതിരായിരിക്കുമെന്ന് ഹൈക്കോടതി പറഞ്ഞു. മൗലികാവകാശങ്ങളുടെ കാതലായ ആര്‍ട്ടിക്കിള്‍ 21ന്‍റെ ലംഘനമാണെന്നും കോടതി ഊന്നിപ്പറഞ്ഞു.
ഭാര്യക്ക് മറ്റൊരു പുരുഷനുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് കന്യകത്വ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് ഒരാൾ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അരവിന്ദ് കുമാർ വർമ്മയുടെ നിരീക്ഷണം. 2024 ഒക്ടോബർ 15 ലെ കുടുംബ കോടതിയുടെ ഇടക്കാല അപേക്ഷ തള്ളിയ ഉത്തരവിനെയാണ് ചോദ്യം ചെയ്തത്. ഭർത്താവ് ബലഹീനനാണെന്നും ഒരുമിച്ച് ജീവിക്കാൻ വിസമ്മതിച്ചുവെന്നും ഭാര്യയും ആരോപിച്ചിരുന്നു.
ബലഹീനത സംബന്ധിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കാൻ ഹർജിക്കാരന് താൽപ്പര്യമുണ്ടെങ്കിൽ ബന്ധപ്പെട്ട വൈദ്യപരിശോധനയ്ക്ക് വിധേയനാകാമെന്നും അല്ലെങ്കിൽ മറ്റേതെങ്കിലും തെളിവുകൾ ഹാജരാക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. എന്നാല്‍, ഭാര്യയെ കന്യകത്വ പരിശോധനയ്ക്ക് വിധേയമാക്കാനും അനുവദിക്കാൻ കഴിയില്ല. ഭാര്യയുടെ കന്യകത്വ പരിശോധന നടത്തണമെന്ന് ആവശ്യപ്പെടുന്ന ഹർജിക്കാരന്റെ വാദം ഭരണഘടനാ വിരുദ്ധമാണെന്നും സ്ത്രീകളുടെ അന്തസ്സിനുള്ള അവകാശം ഉൾപ്പെടുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 21 ലംഘിക്കുന്നതാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
2023 ഏപ്രിൽ 30 ന് വിവാഹിതരായ ദമ്പതികളാണ് കോടതിയെ സമീപിച്ചത്. കോർബ ജില്ലയിലെ ഭർത്താവിന്റെ കുടുംബ വസതിയിലാണ് ഇവര്‍ ഒരുമിച്ച് താമസിച്ചിരുന്നത്. ഭർത്താവിന് ബലഹീനതയുണ്ടെന്ന് ഭാര്യ കുടുംബാംഗങ്ങളോട് പറഞ്ഞതായും ഭർത്താവിനൊപ്പം താമസിക്കാന്‍ യുവതി വിസ്സമ്മതിച്ചതായും ഹർജിക്കാരന്റെ അഭിഭാഷകൻ പറഞ്ഞു. ഭർത്താവിൽ നിന്ന് 20,000 രൂപ ജീവനാംശം ആവശ്യപ്പെട്ട് റായ്ഗഡ് ജില്ലയിലെ കുടുംബ കോടതിയിൽ ഒരു ഇടക്കാല അപേക്ഷ ഭാര് സമർപ്പിച്ചു. പിന്നാലെ, ഭാര്യയുടെ സഹോദരീ ഭർത്താവുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് കന്യകത്വ പരിശോധന നടത്തണമെന്ന് അപേക്ഷകൻ ഇടക്കാല മെയിന്റനൻസ് ക്ലെയിം അപേക്ഷയിൽ ആവശ്യപ്പെട്ടു. 2024 ഒക്ടോബർ 15-ന് റായ്ഗഢിലെ കുടുംബ കോടതി ഭർത്താവിന്റെ അപേക്ഷ നിരസിച്ചു. തുടർന്ന് അദ്ദേഹം ഹൈക്കോടതിയിൽ ക്രിമിനൽ ഹർജി ഫയൽ ചെയ്തു.