സമൂഹമാധ്യമങ്ങളിലൂടെ മതവിദ്വേഷ സന്ദേശം പ്രചരിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്
കോഴിക്കോട്: വാട്‌സ് ആപ് ഗ്രൂപ്പുകളില്‍ മതവദ്വേഷം പ്രചരിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. താമരശ്ശേരി പുതുപ്പാടി കണ്ണപ്പന്‍കുണ്ട് സ്വദേശി ചന്ദ്രഗിരി അജയ(44)നെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഭാരതീയ ന്യായ സംഹിതയിലെ 196(1) വകുപ്പ് പ്രകാരമാണ് നടപടി. പ്രാദേശിക വാട്‌സ് ആപ് ഗ്രൂപ്പുകളിലാണ് ഇയാള്‍ 1.55 മിനിറ്റ് ദൈര്‍ഘ്യമുള്ള സന്ദേശം പ്രചരിപ്പിച്ചത്. പുതുപ്പാടി മയിലള്ളാംപാറ ഞാറ്റുംപറമ്പില്‍ മജീദ് നല്‍കിയ പരാതിയിലാണ് നടപടി.
ഇന്നലെ രാത്രി താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ അജയനെ റിമാന്റ് ചെയ്തു. മതം, വംശം, ഭാഷ, പ്രദേശം എന്നിവയുടെ അടിസ്ഥാനത്തില്‍ വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയോ വിദ്വേഷമോ പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തികള്‍ക്കോ പ്രസംഗങ്ങള്‍ക്കോ എതിരായ വകുപ്പാണ് ഭാരതീയ ന്യായ സംഹിതയിലെ 196(1). ഇത് മൂന്ന് വര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്.