സംഗീത സപര്യയുടെ 50ാം വാര്‍ഷികത്തില്‍ സുജാതയ്ക്ക് ഇന്ന് പിറന്നാള്‍
കൊച്ചി: 62 ആം പിറന്നാളിന്റ നിറവിൽ മലയാളത്തിന്റെ പ്രിയ ഗായിക സുജാത മോഹൻ. പാട്ടിന്‍റെ ലോകത്ത് അര നൂറ്റാണ്ടു പൂർത്തിയാക്കുന്ന വേളയിൽ ആണ് ഇത്തവണ പിറന്നാൾ മധുരം. 5 പതിറ്റാണ്ടിന്‍റെ സംഗീത യാത്ര അവിശ്വസനീയമാണെന്ന് സുജാത ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മകൾ ശ്വേത മോഹനൊപ്പം ഉള്ള ആദ്യ സംഗീത വീഡിയോ പുറത്തിങ്ങുന്നതിന്റെ സന്തോഷവും സുജാത പങ്കു വച്ചു. മലയാളി 50 വര്‍ഷത്തോളമായി കേള്‍ക്കുന്ന ശബ്ദമാണ് സുജാതയുടെത്. മനസ്സിൽ പ്രണയം നിറയുമ്പോൾ സുജാതയെ കേൾക്കാത്തവരുണ്ടാകില്ല. മഞ്ഞ് പോലെ സുന്ദരമായി പൊഴിയുന്ന നാദം. ചിരിയും കൊഞ്ചലും ഭാവുകത്വവും നിറക്കുന്ന മാജിക്.
പത്താം വയസിൽ ഗാനമേളകളിൽ സൂപ്പർ സ്റ്റാറായിരുന്ന ബേബി സുജാത ആദ്യ സിനിമക്കായി പാടുമ്പോൾ കഷ്ടിച്ച് 12 വയസായിരുന്നു. ടൂറിസ്റ്റ് ബംഗ്ലാവിൽ അർജുനൻ മാസ്റ്റർക്ക് വേണ്ടി പാടി തുടങ്ങിയ സുജാത മലയാളിയുടെ പാട്ടുപുസ്തകത്തിലെ പ്രിയഗാനങ്ങളിലുടെ മനസില്‍ ഇടം നേടിയിട്ട് 50 വർഷം.
ഇത്രയും വലിയൊരു കാലയളവ് സംഗീത ലോകത്ത് പൂര്‍ത്തിയാക്കിയത് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് സുജാത തന്നെ ഏഷ്യാനെറ്റ് ന്യൂസിനോട് പറയുന്നു. എത്രയോ ജന്മമായി, നാടോടി പൂതിങ്കൾ, പുതു വെള്ളൈ, ഒരു പൂവിലേ നിശാ ശലഭം, പ്രണയമണി തൂവൽ മലയാളിയുടെ മനസില്‍ ഇന്നും യുവത്വം തുളുമ്പുന്ന ഗാനങ്ങള്‍ പലതും സുജാതയുടെതാണ്.
സുജാതയ്ക്ക് മലയാളത്തിൽ അർജുനൻ മാഷും തമിഴിൽ ഇളയരാജയും നല്ല തുടക്കം നൽകിയെങ്കിലും കരിയറിൽ വലിയ ബ്രേക്കുകൾ നൽകിയത് എ ആർ റഹ്മാനും വിദ്യാസാഗറുമാണ്. കുട്ടി ആയിരിക്കെ മുതൽ ഗാനഗന്ധർവ്വനുമായും സുജാതക്ക് ഉള്ളത് പതിറ്റാണ്ട് നീണ്ട ഹൃദയബന്ധമായിരുന്നു. സംഗീത പരിപാടികളില്‍ ബേബി സുജാതയും യേശുദാസും ഒന്നിച്ച് പാടുന്ന പഴയ വിന്‍റേജ് ചിത്രം ഇന്നും സോഷ്യല്‍ മീഡിയയില്‍ വന്നാല്‍ ഒരു കൗതുകം പോലെ വൈറലാകാറുണ്ട്.
ജൂണിലെ നിലാമഴയിൽ, മണിക്കിനാവിൻ കൊതുമ്പ് ഈ ജോഡി ഒന്നിച്ച് പാടി ഹിറ്റാക്കിയ പാട്ടുകള്‍ ഏറെയാണ്. ഇത്രയും കാലത്തെ സംഗീത രംഗത്തെ ഈ വിജയകരമായ പ്രയാണത്തിന്‍റെ രഹസ്യങ്ങള്‍ എന്താണെന്ന് ചോദിച്ചാല്‍ സുജാതയ്ക്ക് പറയാനുള്ളത് ഇവയാണ്. പ്രതിസന്ധികളിൽ പതറാതെ നോക്കും. നേട്ടങ്ങളിൽ അമിത ആവേശമില്ല. നഷ്ടബോധവും ഇല്ല.
കൊച്ചുമകൾ ശ്രേഷ്ഠ വന്ന ശേഷം കുടുംബത്തിനൊപ്പമാണ് സുജാത കൂടുതൽ സമയവും. ഇടക്ക് റെക്കോർഡിംഗുകളും ടെലിവിഷൻ ഷോകളിലും പങ്കെടുക്കും. 50 ആം സംഗീത വർഷത്തിൽ ഒരു വലിയ സ്വപ്നം അരികിൽ എത്തിയതിന്റെ സന്തോഷത്തിൽ ആണ്. മകൾ ശ്വേതക്കൊപ്പം ഒരു പാട്ട്
ഓരോ പിറന്നാൾ കഴിയുമ്പോഴും സുജാതയുടെ ശബ്ദത്തിനു ചെറുപ്പം കൂടി വരികയാണെന്നു പറയും ആരാധകർ. പാട്ടിന്റെ നിലാവായി ഇനിയും തിളങ്ങട്ടെ മലയാളത്തിന്റ അഭിമാനം.
സുജാത മോഹന്റെ ആലാപനത്തില്‍ ‘ദൂരമറിയാത്ത യാത്ര..’, ശ്രദ്ധേയമായി ‘തണല്‍ തേടി’ സംഗീത ആല്‍ബം