വ്യാജകറൻസി ഉപയോഗിച്ച് ഷോപ്പിംഗ്: 2 സ്ത്രീകൾ പിടിയിൽ, അറസ്റ്റ് ചെയ്തത് ദില്ലിയിലെ സരോജിനി നഗർ മാർക്കറ്റിൽ വച്ച്

ദില്ലി: വ്യാജ കറൻസി നോട്ടുകൾ കൈവശം വച്ചതിന് ദില്ലിയിൽ രണ്ട് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. ദില്ലിയിലെ സരോജിനി നഗർ മാർക്കറ്റിൽ നിന്നുമാണ് സ്ത്രീകളെ പിടികൂടിയത്. റാണി ഝാ (22), അകാൻഷ ദേശായി (29) എന്നിവരാണ് പിടിയിലായത്. റാണി ഫരീദാബാദ് സ്വദേശിനിയും അകാൻഷ ആൻഡമാൻ ആന്‍റ് നിക്കോബാർ സ്വദേശിനിയുമാണ്. 

സരോജിനി നഗർ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള പൊലീസ് സംഘം മഫ്തിയിൽ മാർക്കറ്റിൽ നിരീക്ഷണം നടത്തുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സുരേന്ദർ ചൗധരി പറഞ്ഞു. അതിനിടെ രണ്ട് സ്ത്രീകൾ പ്രദേശത്ത് വ്യാജ കറൻസി വിതരണം ചെയ്യുന്നതായും ഷോപ്പിംഗിനായി വ്യാജ നോട്ടുകൾ ഉപയോഗിച്ചതായും സൂചന ലഭിച്ചെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ പറഞ്ഞു.

തുടർന്ന് ഉദ്യോഗസ്ഥർ സ്ത്രീകളെ കണ്ടെത്തി. 100 രൂപയുടെ 33 വ്യാജ നോട്ടുകൾ അവരുടെ കൈവശം കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു. കള്ളനോട്ടുകൾ പിടിച്ചെടുക്കുകയും സ്ത്രീകളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വ്യാജ നോട്ടുകളുടെ ഉറവിടം കണ്ടെത്താൻ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.  

27.4 കോടി രൂപയുടെ മെത്താഫിറ്റമിനും കൊക്കെയ്നും എംഡിഎംഎയും; ദില്ലിയിൽ വൻ മയക്കുമരുന്ന് വേട്ട

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin