വെള്ളം കോരുന്നതിനിടെ യുവതി ആഴമേറിയ കിണറ്റില്‍ വീണു, അവധിക്ക് നാട്ടിലെത്തിയ പ്രവാസി യുവാവ് രക്ഷകനായി
മലപ്പുറം: വെള്ളം കോരുന്നതിനിടെ ആഴമേറിയ കിണറ്റില്‍ വീണ യുവതിയുടെ ജീവൻ രക്ഷിച്ച് പ്രവാസി യുവാവ്. ഇരിങ്ങാട്ടിരി ഭവനംപറമ്പ് ക്ഷേത്രത്തിന് സമീപം തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. വാക്കയില്‍ രാമചന്ദ്രന്റെ ഭാര്യ ജിഷയാണ് 40 അടിയിലേറെ താഴ്ചയുള്ള കിണറ്റില്‍ വീണത്. വെള്ളം കോരുന്നതിനിടെ ജിഷ ചവിട്ടിനിന്ന ആള്‍മറയില്ലാത്ത കിണറ്റിന്‍ കരയിലെ ദ്രവിച്ച മരത്തടി മുറിയുകയായിരുന്നു. ആഴമുള്ള കിണറിന്റെ പകുതി ഭാഗം റിംഗിട്ടിരുന്നു.
രാമചന്ദ്രന്‍ സുഹൃത്തായ സുനീര്‍ ബാവയെ ഉടന്‍ ഫോണില്‍ വിളിച്ചു. നോമ്പ് തുറക്കുകയായിരുന്ന സുനീര്‍ വൈകാതെ സ്ഥലത്തെത്തി. കിണറ്റിലിറങ്ങി സാരിയില്‍ കെട്ടി വിദഗ്ദമായി ജിഷയെ പുറത്തെടുത്തു. മഞ്ചേരി മെഡിക്കല്‍ കോളജിലെത്തിച്ച് ചികിത്സ നല്‍കി. ജിഷക്ക് ചെവിക്കും കഴുത്തിനും പരിക്കുണ്ട്. റിംഗുകളില്‍ തലയടിക്കാത്തതും സുനീറിന്റെ മനോധൈര്യവുമാണ് ജിഷക്ക് രക്ഷയായത്. ഓടിക്കൂടിയ മൈത്രി ക്ലബ് പ്രവര്‍ത്തകരും സഹായികളായി. സുനീര്‍ ബാവ വനംവകുപ്പിന്റെ അംഗീക്യത പാമ്പ് പിടുത്തക്കാരന്‍ കൂടിയാണ്. മക്കയില്‍ ജോലിചെയ്യുന്ന ഇദ്ദേഹം കഴിഞ്ഞ മാസമാണ് അവധിക്ക് നാട്ടിലെത്തിയത്.
തലസ്ഥാനത്ത് ആമയിഴഞ്ചാൻ തോട്ടിൽ വീണ് വീണ്ടും അപകടം! മധ്യവയസ്കന് പരിക്ക്, ഫയർഫോഴ്സെത്തി രക്ഷിച്ചു
അതിനിടെ തിരുവനന്തപുരത്ത് നിന്നുള്ള മറ്റൊരു വാർത്ത നഗരത്തിലെ മാലിന്യവാഹിയായ ആമയിഴഞ്ചാൻ തോട്ടിൽ വീണ മധ്യവയസ്കനെ ഫയർഫോഴ്സ് രക്ഷിച്ചു എന്നതാണ്. പവർഹൗസ് റോഡിന് സമീപമുള്ള ഭാഗത്ത് ഒരാൾ വീണ് കിടക്കുന്ന നിലയിൽ സമീപത്തെ കടക്കാരാണ് കണ്ടത്. ചെളി നിറഞ്ഞ ഭാഗത്ത് അബോധാവസ്ഥയിലായിരുന്നു ഇയാളെന്നതിനാൽ മറ്റുവഴിയില്ലാതെ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തി ഫയർഫോഴ്സ് യൂണിറ്റിനെ വിളിച്ചുവരുത്തിയാണ് ഇയാളെ കരയ്ക്കെത്തിച്ചത്. കൊട്ടാരക്കര സ്വദേശിയായ ബിജു ആണ് തോട്ടിൽ വീണത്. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നും മാനസിക പ്രശ്നമുള്ളയാളാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഗ്രേഡ് സ്റ്റേഷൻ ഓഫീസർ സതീഷ് കുമാർ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സുധീഷ് ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ സേനാംഗങ്ങൾ കയർ ഉപയോഗിച്ച് തോട്ടിൽ ഇറങ്ങിയാണ് ഇയാളെ പുറത്തെടുത്തത്. ശരീരത്തിൽ പലയിടത്തും പരിക്കുകളുണ്ടായിരുന്നതിനാൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ മനപ്പൂർവം ചാടിയാതാവാനും സാധ്യതയുണ്ടെന്നും സമീപത്തുണ്ടായിരുന്നവർ പറഞ്ഞു.