ലോകമെങ്ങുമുള്ള വിദ്യാർഥികൾക്ക് ഇരുട്ടടിയായി ട്രംപിന്‍റെ പുതിയ തീരുമാനം, സ്‌കോളർഷിപ്പ് സഹായം നിർത്തി

ന്യൂയോർക്ക്: വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പ് സഹായം നിർത്തി അമേരിക്ക. എട്ടു പതിറ്റാണ്ടായി ലോകമെങ്ങും ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് സഹായമായ ഫുൾ ബ്രൈറ്റ് പ്രോഗ്രാം അടക്കമുള്ള സ്‌കോളർഷിപ്പുകൾക്ക് ഉള്ള ധനസഹായമാണ് ട്രംപ് ഭരണകൂടം മരവിപ്പിച്ചത്. യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ തീരുമാനം ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളെയും വലയ്ക്കും. പരിമിതമായ വരുമാനമുള്ളതു നിരവധി വിദ്യാർത്ഥികൾക്ക് അക്കാദമിക് മികവിന് ആശ്രയം ഈ സ്‌കോളർഷിപ്പുകൾ ആയിരുന്നു. ഗവേഷണ മേഖലയ്ക്കും അക്കദമിക് മേഖലയ്ക്കും കനത്ത തിരിച്ചടിയാണ് ട്രംപ് ഭരണകൂടത്തിന്റെ നടപടി.

ഉദാഹരണമായി ഇന്ത്യയെ ചൂണ്ടിക്കാട്ടി ഡോണൾഡ് ട്രംപ്; തെരഞ്ഞെടുപ്പിൽ വൻ മാറ്റങ്ങൾ വരുത്തുന്ന ഉത്തരവിൽ ഒപ്പിട്ടു

അതിനിടെ അമേരിക്കയിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ സമഗ്രമായ മാറ്റങ്ങൾ നിർബന്ധമാക്കുന്ന ഒരു എക്‌സിക്യൂട്ടീവ് ഓർഡറില്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഒപ്പുവെച്ചു എന്നതാണ്. യു എസ് വോട്ടർ രജിസ്ട്രേഷന് പൗരത്വത്തിന്‍റെ രേഖാമൂലമുള്ള തെളിവ് ആവശ്യപ്പെടുകയും എല്ലാ ബാലറ്റുകളും തെരഞ്ഞെടുപ്പ് ദിവസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നത് ഉൾപ്പെടെ വലിയ മാറ്റങ്ങളാണ് ഉത്തരവിൽ ഉള്ളത്. എന്നാല്‍ പുതിയ തീരുമാനങ്ങൾ നിയമപരമായ വെല്ലുവിളികൾ നേരിടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. യുഎസ് അടിസ്ഥാനപരായ തെരഞ്ഞെടുപ്പ് സംരക്ഷണം നടപ്പിലാക്കുന്നതിൽ പരാജയപ്പെട്ടു എന്നാണ് ഉത്തരവിൽ വാദിക്കുന്നത്. കൂടാതെ, വോട്ടർ ലിസ്റ്റുകൾ പങ്കിടാനും തെരഞ്ഞെടുപ്പ് സംബന്ധമായ കുറ്റകൃത്യങ്ങൾ പ്രോസിക്യൂട്ട് ചെയ്യാനും ഫെഡറൽ ഏജൻസികളുമായി സഹകരിക്കാൻ സംസ്ഥാനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്യുന്നുണ്ട്. ഉദാഹരണമായി ഇന്ത്യയെ ചൂണ്ടിക്കാട്ടിയാണ് ട്രംപ് ഈ ഉത്തരവിൽ ഒപ്പുവെച്ചത്. സ്വയം ഭരണത്തിന് തുടക്കമിട്ടിട്ടും, ആധുനികവും വികസിതവുമായ രാജ്യങ്ങൾ ഉപയോഗിക്കുന്ന അടിസ്ഥാനപരവും ആവശ്യവുമായ തെരഞ്ഞെടുപ്പ് സംരക്ഷണം നടപ്പിലാക്കുന്നതിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ഇപ്പോൾ പരാജയപ്പെടുന്നു. ഉദാഹരണത്തിന്, ഇന്ത്യയും ബ്രസീലും വോട്ടർ ഐഡന്‍റിഫിക്കേഷൻ ഒരു ബയോമെട്രിക് ഡാറ്റാബേസുമായി ബന്ധിപ്പിക്കുന്നു. അതേസമയം യുണൈറ്റഡ് സ്റ്റേറ്റ്സ് പൗരത്വത്തിനായി കൂടുതലും സ്വയം സാക്ഷ്യപ്പെടുത്തലിനെ ആശ്രയിക്കുന്നുവെന്ന് ട്രംപ് പറഞ്ഞു. ഫെഡറൽ തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാൻ അർഹത നേടുന്നതിന് പാസ്‌പോർട്ട് പോലുള്ള പൗരത്വത്തിന്‍റെ തെളിവ് നിർബന്ധമാക്കുന്നതിനായി ഫെഡറൽ വോട്ടർ രജിസ്ട്രേഷൻ ഫോമിൽ ഭേദഗതി വരുത്തുന്നതാണ് പുതി ഉത്തരവ്. കൂടാതെ, പോസ്റ്റ് ചെയ്ത തീയതി പരിഗണിക്കാതെ, തെരഞ്ഞെടുപ്പ് ദിവസത്തിന് ശേഷം ലഭിക്കുന്ന മെയിൽ-ഇൻ ബാലറ്റുകൾ സ്വീകരിക്കുന്നതിന് സംസ്ഥാനങ്ങൾക്ക് വിലക്കുമുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

By admin