രാജസ്ഥാനിൽ കമ്യൂണിറ്റി സെന്ററിൽ ഒരേ സമയം പ്രസവിച്ച 2 സ്ത്രീകൾ മരിച്ചു, ആശുപത്രി തകർത്ത് ബന്ധുക്കൾ, അന്വേഷണം
കോട്ട: രാജസ്ഥാനിലെ ജലവാറിൽ കമ്യൂണിറ്റി സെന്ററിൽ പ്രസവത്തെ തുടർന്ന് 2 സ്ത്രീകൾ മരിച്ച സംഭവത്തിൽ അന്വേഷണം. അന്വേഷണത്തിന് അഞ്ചംഗസമിതി രൂപീകരിച്ച് ജില്ലാ കളക്ടർ. ഒരു ഡോക്ടർ അടക്കം 5 പേരെ അന്വേഷണം തീരും വരെ ജോലിയിൽ നിന്ന് മാറ്റിനിർത്താൻ തീരുമാനം. ഗർഭിണികൾ മരിച്ചതിന് പിന്നാലെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് മേഖലയിലുണ്ടായത്. ഗർഭിണികളുടെ ബന്ധുക്കൾ കമ്യൂണിറ്റി സെന്ററും പരിസരവും അടിച്ച് തകർക്കുകയും മിനി സെക്രട്ടേറിയറ്റിന് മുന്നിലെ റോഡ് തടഞ്ഞ് സമരം ചെയ്തതിന് പിന്നാലെയാണ് സംഭവത്തിൽ അന്വേഷണത്തിന് തീരുമാനമായത്.
മധ്യപ്രദേശിലെ ഗരോട് സ്വദേശിയായ രേഷ്മ എന്ന യുവതിയുടെ അവസ്ഥ ഞായറാഴ്ച മൂന്ന് മണിയോടെയാണ് മോശമായത്. ഞായറാഴ്ച ഒന്നരയോടെയാണ് രേഷ്മ പെൺകുഞ്ഞിന് ജന്മം നൽകിയത്. യുവതിയുടെ ആരോഗ്യ നില മോശമായിട്ട് പോലും ആശുപത്രിയിലെ ജീവനക്കാർ തിരിഞ്ഞുനോക്കിയില്ലെന്നാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്. ഇതേ സമയം തന്നെ ആൺകുഞ്ഞിന് ജന്മം നൽകിയ കോട്ട സ്വദേശിനിയായ 20കാരി കവിത മേഹ്വാളിന്റെയും ആരോഗ്യനില ഞായറാഴ്ച വൈകുന്നേരത്തോടെ മോശമായിരുന്നു. വാർഡിൽ ഒപ്പമുണ്ടായിരുന്ന യുവതിയുടെ മരണം നേരിട്ട് കണ്ടതിനേ തുടർന്നുണ്ടായ ആഘാതത്തിലാണ് കവിത മരിച്ചതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. പ്രാഥമിക റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ രേഷ്മ രക്തസ്രാവത്തേ തുടർന്നും കവിത ഹൃദയാഘാതത്തേ തുടർന്നുമാണ് മരിച്ചിട്ടുള്ളത്.
ഗർഭിണികൾ മരിച്ചതിന് പിന്നാലെ ബന്ധുക്കൾ ആശുപത്രി അടിച്ച് തകർത്തു. ലേബർ റൂമിലെ അടക്കം ഗ്ലാസ് പാനലുകൾ പ്രതിഷേധക്കാർ തകർത്തു. പൊലീസ് സംഭവ സ്ഥലത്ത് എത്തി ബന്ധുക്കളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും ബന്ധുക്കൾ ദേശീയ പാത 52 ഉപരോധിക്കുകയായിരുന്നു. സംഭവത്തിൽ അസ്വഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരുടെ നവജാത ശിശുക്കളിൽ ഒരാൾ പൂർണ ആരോഗ്യത്തോടെയിരിക്കുന്നതായും ഒരാൾക്ക് ചെറിയ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നുമാണ് ആശുപത്രി അധികൃതർ വിശദമാക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം