മറീന്‍ പെന്നിന് സാമ്പത്തിക ക്രമക്കേട് കേസിൽ തടവും പിഴയും, പ്രസിഡന്റ് മോ​ഹത്തിന് തിരിച്ചടി

പാരിസ്: സാമ്പത്തിക ക്രമക്കേട് കേസില്‍ ഫ്രാന്‍സിലെ തീവ്രവലതുപക്ഷ നേതാവ് മറീന്‍ ലെ പെൻ  കുറ്റക്കാരിയെന്ന്  കോടതി. നാലുകൊല്ലം തടവിനും പിഴയ്ക്കും ശിക്ഷിച്ചതിന് പുറമെ, പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് അഞ്ചുവര്‍ഷത്തേക്ക് വിലക്കുകയും ചെയ്തു. 
 ഇതോടെ 2027-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുകയെന്ന നാഷണല്‍ റാലി (എന്‍ആര്‍) പാര്‍ട്ടി നേതാവിന്റെ നീക്കവും പാളി. മറീനും അവരുടെ പാര്‍ട്ടിയായ നാഷണല്‍ റാലി പാർട്ടിയും 24-ഓളം നേതാക്കളും യൂറോപ്യന്‍ പാര്‍ലമെന്റിന്റെ 4.44 മില്യന്‍ ഡോളര്‍ വകമാറ്റി ചെലവഴിച്ചു എന്നാണ് കേസ്.

2004 മുതല്‍ 2016 വരെയുള്ള കാലത്ത് യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് അസിസ്റ്റന്റുമാര്‍ക്ക് നല്‍കേണ്ട പണം വകമാറ്റി പാർട്ടി പ്രവർത്തനത്തിന് ചെലവാക്കിയെന്നാണ് കേസ്. ഫണ്ട് വകമാറ്റലില്‍ മുഖ്യ പങ്കുവഹിച്ചത് മറീനാണെന്നും കോടതി വിധിയിൽ വ്യക്തമാക്കി. പണം ചെലവഴിച്ചത് നിയമവിധേയമായിട്ടാണെന്ന മറീന്റെ വാദം കോടതി തള്ളി. 2004 മുതല്‍ 2017 വരെ യൂറോപ്യന്‍ പാര്‍ലമെന്റ് അംഗമായിരുന്നു മറീന്‍. നാലുകൊല്ലത്തെ തടവുശിക്ഷയില്‍ രണ്ടുകൊല്ലം കോടതി ഇളവുചെയ്തു. ര

ണ്ടുകൊല്ലത്തെ ശിക്ഷ, ജയിലിന് പുറത്ത് ഇലക്ട്രോണിക് ബ്രേസ്‌ലറ്റ് ധരിച്ച് അനുഭവിക്കണമെന്നും കോടതി പറഞ്ഞു. ഒരുലക്ഷം യൂറോ (2 ലക്ഷം രൂപ) പിഴയും നൽകണം. മേല്‍ക്കോടതിയെ സമീപിക്കുമെന്ന് മറീനും ടീമും അറിയിച്ചു. തെരഞ്ഞെടുപ്പിന് മുമ്പ് കേസിൽ വിധിവരാൻ സാധ്യത കുറവാണെന്ന് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

By admin