ഭരിച്ച് മിച്ചം പിടിച്ചത് 37.5 കോടി; ട്വൻ്റി20 ഭരിക്കുന്ന പഞ്ചായത്തുകളിൽ പുതിയ പദ്ധതി; വൈദ്യുതി-ഗ്യാസ് സബ്‌സിഡി

കൊച്ചി: കിഴക്കമ്പലം, ഐക്കരനാട് പഞ്ചായത്തുകളിൽ ബിസിനസിലൂടെ മിച്ചം പിടിച്ച തുക ഉപയോഗിച്ച് പുതിയ പദ്ധതികൾ ട്വൻ്റി ട്വൻ്റി പാർട്ടി പ്രഖ്യാപിച്ചു. വൈദ്യുതിയിലും പാചകവാതകത്തിലും പഞ്ചായത്തിൽ താമസിക്കുന്ന ജനങ്ങൾക്ക് വരുന്ന ചെലവിൻ്റെ 25 ശതമാനം തുക നൽകാനാണ് തീരുമാനം. കിഴക്കമ്പലം പഞ്ചായത്തിൽ നീക്കിയിരിപ്പുള്ള 25 കോടിയും ഐക്കരനാട് പഞ്ചായത്തിൽ നീക്കിയിരിപ്പുള്ള 12.5 കോടി രൂപയും ഇതിനായി ചെലവഴിക്കും.

പാർട്ടി ചീഫ്  കോഡിനേറ്റർ സാബു എം ജേക്കബ് വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതിയെന്നും തങ്ങൾ ഭരിക്കുന്ന രണ്ട് പഞ്ചായത്തുകളിലും ജനത്തിൻ്റെ ജീവിത ചെലവ് ഇതിലൂടെ കുറയ്ക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു വർഷം രണ്ടര കോടി രൂപയാണ് എല്ലാ വികസന പ്രവർത്തനങ്ങൾക്ക് ശേഷവും രണ്ട് പഞ്ചായത്തുകളിലും മിച്ചം പിടിച്ചത്. സദ്‌ഭരണം കാഴ്ചവച്ചാൽ കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും ഇത് സാധ്യമാണ്. മിച്ചം പിടിക്കുന്ന പണം ബാങ്കിലിട്ട് പലിശ ഉണ്ടാക്കലല്ല ഒരു തദ്ദേശസ്ഥാപനത്തിന്റെ ജോലി. അത് ജനങ്ങളിലേക്ക് തന്നെ എത്തിക്കാനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

By admin