പുടിനോടിടഞ്ഞ് ട്രംപ്, യുദ്ധം നിര്‍ത്തിയില്ലെങ്കില്‍ എണ്ണ വ്യാപാരത്തിന് തീരുവ ഏര്‍പ്പെടുത്തും; ഇന്ത്യക്ക് ആശങ്ക

ക്രെയ്നുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍  സഹകരിച്ചില്ലെങ്കില്‍ റഷ്യന്‍ എണ്ണ വാങ്ങുന്നവര്‍ക്ക്  ദ്വിതീയ താരിഫ് ചുമത്തുമെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് .യുക്രെയ്നിലെ രക്തച്ചൊരിച്ചില്‍ തടയുന്നതില്‍ റഷ്യയ്ക്കും തനിക്കും ഒരു കരാറിലെത്താന്‍ കഴിയുന്നില്ലെങ്കില്‍, അത് റഷ്യയുടെ തെറ്റാണെങ്കില്‍, റഷ്യയില്‍ നിന്ന് വരുന്ന എല്ലാ എണ്ണയ്ക്കും  ദ്വിതീയ താരിഫ് ചുമത്തുമെന്ന് ട്രംപ് പറഞ്ഞു. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ യുഎസുമായി നടത്തുന്ന വ്യാപാരഇടപാടുകള്‍ക്ക് നിലവിലുള്ള തീരുവയ്ക്ക് പുറമേ അമേരിക്കയ്ക്ക് നല്‍കേണ്ട തീരുവയാണ് ദ്വിതീയ തീരുവ. 25 ശതമാനം മുതല്‍ 50 ശതമാനം വരെയുള്ള ദ്വിതീയ തീരുവ റഷ്യന്‍ എണ്ണ വാങ്ങുന്നവര്‍ക്ക് ഏര്‍പ്പെടുത്തുമെന്നാണ് ട്രംപിന്‍റെ ഭീഷണി.

റഷ്യയില്‍ നിന്നും അസംസ്കൃത എണ്ണ ഏറ്റവും കൂടുതല്‍ പ്രധാന ഇറക്കുമതി ചെയ്യുന്ന  ഇന്ത്യ, ചൈന  തുടങ്ങിയ രാജ്യങ്ങള്‍ക്ക് തിരിച്ചടിയാകുന്നതാണ് ട്രംപിന്‍റെ നിലപാട്. നേരത്തെ വെനസ്വേലയ്ക്കെതിരായ ഉപരോധത്തിന്‍റെ ഭാഗമായി  അവിടെ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്കും ദ്വിതീയ തീരുവ ഏര്‍പ്പെടുത്താന്‍ യുഎസ് തീരുമാനിച്ചിരുന്നു. ഇതെ തുടര്‍ന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് അടക്കമുള്ള കമ്പനികള്‍ വെനസ്വേലയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തിവച്ചിരുന്നു. അധികാരമേറ്റതിനുശേഷം റഷ്യയോടുള്ള ട്രംപിന്‍റെ ആദ്യ അനുരഞ്ജന നിലപാടില്‍ പാശ്ചാത്യ സഖ്യകക്ഷികള്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഉക്രൈനുമായുള്ള വെടിനിര്‍ത്തലില്‍ പുരോഗതിയില്ലാത്തതിനാല്‍ ട്രംപ് റഷ്യയെ വിമര്‍ശിക്കുന്നത് അതീവ പ്രാധാന്യത്തോടെയാണ് വിലയിരുത്തപ്പെടുന്നത്. തീരുവ ഏര്‍പ്പെടുത്തുമെന്ന ട്രംപിന്‍റെ ഭീഷണിയോട് റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇന്ത്യയെ എങ്ങനെ ബാധിക്കും?

ഉക്രൈനുമായുള്ള യുദ്ധം തുടങ്ങിയതിനു ശേഷം റഷ്യയുടെ എണ്ണ വ്യാപാരം യൂറോപ്പില്‍ നിന്ന് ഏഷ്യയിലേക്ക് മാറ്റിയതിനാല്‍ ടാങ്കറുകളില്‍ ഭൂരിഭാഗവും ഇന്ത്യയിലേക്കും ചൈനയിലേക്കും എണ്ണ കയറ്റി അയക്കാനാണ് റഷ്യ ഉപയോഗിക്കുന്നത്. ഇവയ്ക്കെതിരെ തീരുവ വരുന്നതോടുകൂടി ഈ രണ്ടു രാജ്യങ്ങളിലേക്കുമുള്ള റഷ്യയില്‍ നിന്നുള്ള എണ്ണ കയറ്റുമതി ബാധിക്കപ്പെട്ടേക്കാം. നേരത്തെ റഷ്യയിലെ രണ്ട് എണ്ണ കമ്പനികള്‍ക്കും എണ്ണ കയറ്റുമതി ചെയ്യുന്ന 183 കപ്പലുകള്‍ക്കും എതിരെ അമേരിക്കന്‍ ഭരണകൂടം ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഉക്രൈനുമായുള്ള യുദ്ധത്തിന് ധനസഹായം ലഭ്യമാക്കാന്‍ മോസ്കോ എണ്ണ കയറ്റുമതിയില്‍ നിന്നുള്ള വരുമാനം ഉപയോഗിക്കുന്നു എന്ന് ആരോപിച്ചായിരുന്നു അമേരിക്കയുടെ ഉപരോധം.

By admin