പവര്‍ പ്ലേയിൽ മുംബൈയുടെ ആക്സിലറേഷൻ; കൊൽക്കത്തയ്ക്ക് നെഞ്ചിടിപ്പ്
മുംബൈ: ഐപിഎല്ലിൽ കൊൽക്കത്തയ്ക്ക് എതിരായ റൺ ചേസിൽ മുംബൈ ഇന്ത്യൻസിന് തകര്‍പ്പൻ തുടക്കം. പവര്‍ പ്ലേ പൂര്‍ത്തിയാകുമ്പോൾ മുംബൈ ഒരു വിക്കറ്റ് നഷ്ടത്തിൽ 55 റൺസ് എന്ന നിലയിലാണ്. ഓപ്പണര്‍മാരായ റയാൻ റിക്കൽട്ടൻ 31 റൺസുമായും വിൽ ജാക്സ് 8 റൺസുമായും ക്രീസിൽ തുടരുന്നു. 12 പന്തിൽ 13 റൺസ് നേടിയ രോഹിത് ശര്‍മ്മയുടെ വിക്കറ്റാണ് മുംബൈയ്ക്ക് നഷ്ടമായത്.
ആദ്യ ഓവറിൽ വെറും ഒരു റൺസ് മാത്രം വഴങ്ങിയ സ്പെൻസര്‍ ജോൺസൺ കൊൽക്കത്തയ്ക്ക് പ്രതീക്ഷ നൽകി. ഹര്‍ഷിത് റാണ എറിഞ്ഞ രണ്ടാം ഓവറിൽ ആദ്യ സിക്സര്‍ പിറന്നു. 2 ഓവര്‍ പൂര്‍ത്തിയായപ്പോൾ മുംബൈ സ്കോര്‍ ബോര്‍ഡിൽ 14 റൺസ്. സ്പെൻസര്‍ ജോൺസൺ വീണ്ടും എത്തിയപ്പോൾ ഒരു സിക്സും ഫോറും പറത്തി റിക്കൽട്ടൻ കടന്നാക്രമണം നടത്തി. ഈ ഓവറിൽ ആകെ 13 റൺസ് പിറന്നതോടെ മുംബൈയുടെ സ്കോര്‍ ഉയര്‍ന്നു. 3 ഓവറുകൾ പിന്നിട്ടപ്പോൾ സ്കോര്‍ വിക്കറ്റ് നഷ്ടമില്ലാതെ 28 റൺസ്.
രോഹിത്തിനെ അപേക്ഷിച്ച് റിക്കൽട്ടനായിരുന്നു പവര്‍ പ്ലേയിൽ കൂടുതൽ അപകടകാരി. 4-ാം ഓവറിലും പിറന്നു 14 റൺസ്. ഹര്‍ഷിത് റാണയുടെ ഓവറിൽ ഒരു സിക്സറും രണ്ട് ബൗണ്ടറികളുമാണ് റിക്കൽട്ടൻ അടിച്ചെടുത്തത്. 5-ാം ഓവറിൽ വരുൺ ചക്രവര്‍ത്തിയെ ഇറക്കി കൊൽക്കത്ത നടത്തിയ പരീക്ഷണം റണ്ണൊഴുക്ക് പിടിച്ചുനിര്‍ത്താൻ സഹായിച്ചു. വെറും 2 റൺസ് മാത്രമാണ് 5-ാം ഓവറിൽ നേടാനായത്. പവര്‍ പ്ലേയുടെ അവസാന ഓവറിൽ ആന്ദ്രെ റസിലിന് പന്ത് നൽകിയ അജിങ്ക്യ രഹാനെയുടെ പദ്ധതി വിജയം കണ്ടു. രണ്ടാം പന്തിൽ കൂറ്റനടിക്ക് ശ്രമിച്ച രോഹിത് ശര്‍മ്മയ്ക്ക് പിഴച്ചു. മിഡ് ഓഫിൽ ഹര്‍ഷിത് റാണയുടെ ക്യാച്ചിൽ രോഹിത് പുറത്ത്. പവര്‍ പ്ലേ അവസാനിക്കുമ്പോൾ മുംബൈ 1ന് 55 എന്ന നിലയിൽ.
READ MORE: നായകൻ വീണ്ടും വരാര്‍..! വിക്കറ്റ് കീപ്പിംഗിനും അനുമതി വേണം, ബിസിസിഐയെ സമീപിച്ച് സഞ്ജു സാംസൺ