ജീവിതച്ചെലവ് കുറയ്ക്കുന്നതിനായി ജോലിസ്ഥലത്തെ ടോയ്‌ലറ്റില്‍ താമസിച്ച് ചൈനീസ് യുവതി. 18കാരിയായ യുവതിയാണ് ഓഫീസിലെ ടോയ്‌ലറ്റ് വീടാക്കി മാറ്റിയത്. ഫർണിച്ചർ കടയിൽ ജോലി ചെയ്യുന്ന യാങ് എന്ന യുവതിയാണ് പണം ലാഭിക്കാന്‍ ‘അറ്റകൈ പ്രയോഗം’ നടത്തിയത്. ടോയ്‌ലറ്റില്‍ താമസിക്കുന്നതിന് ഇവര്‍ തൊഴിലുടമയ്ക്ക് പ്രതിമാസം ഏഴ് ഡോളര്‍/50 യുവാന്‍ (ഏകദേശം അറുനൂറോളം രൂപ) വാടക നല്‍കിയതായി സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
തെക്കൻ ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ ഒരു ഗ്രാമീണ കുടുംബത്തിൽ നിന്നുള്ളയാളാണ് യാങെന്ന്‌ സിയാവോക്സിയാങ് മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.  ഹുനാൻ പ്രവിശ്യയിലെ സുഷോവിലെ ഒരു ഫർണിച്ചർ സ്റ്റോറിലാണ് ഇവര്‍ ജോലി ചെയ്യുന്നത്. 2,700 യുവാനാണ് (32,000 രൂപയോളം) ഇവരുടെ പ്രതിമാസ ശമ്പളമെന്നും, നഗരത്തിലെ ശരാശരി ശമ്പളം 7,500 യുവാനാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
800 മുതൽ 1,800 യുവാൻ വരെയാണ് പ്രദേശത്ത് വാടകയീടാക്കുന്നത്. അതുകൊണ്ട് യാങിന് താമസസൗകര്യം ലഭിച്ചില്ല. തുടര്‍ന്ന് ഓഫീസ് ടോയ്‌ലറ്റില്‍ 50 യുവാന്‍ പ്രതിമാസ വാടകയ്ക്ക് താമസിക്കാന്‍ അവര്‍ തൊഴിലുടയുമായി കരാറില്‍ ഏര്‍പ്പെടുകയായിരുന്നു. മടക്കാവുന്ന കിടക്ക, ഒരു ചെറിയ പാചക പാത്രം, ഒരു കർട്ടൻ, ഒരു വസ്ത്ര റാക്ക് എന്നിവ ടോയ്‌ലറ്റില്‍ സജ്ജമാക്കിയായിരുന്നു യുവതിയുടെ താമസം.
ഒരു മാസമായി യുവതി ടോയ്‌ലറ്റിലാണ് താമസമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പകല്‍ സമയത്ത് മറ്റ് ജീവനക്കാര്‍ ഈ ടോയ്‌ലറ്റ് ഉപയോഗിക്കുന്നുണ്ട്. കമ്പനി 24 മണിക്കൂറും നിരീക്ഷണത്തിലായതിനാൽ തനിക്ക് സുരക്ഷിതത്വം തോന്നുന്നുവെന്ന് യാങ് പറഞ്ഞു. ഒരിക്കലും വാതിൽ പൂട്ടിയിട്ടില്ലെന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും യാങ് വ്യക്തമാക്കി.
യാങ്ങിന്റെ വനിതാ തൊഴിലുടമയായ സു കുറച്ചുകാലം അവരുടെ വീട്ടില്‍ താമസിക്കാന്‍ യുവതിയെ അനുവദിച്ചിരുന്നു. ഉപയോഗിക്കാത്ത ഓഫീസ് സ്ഥലത്ത് 400 യുവാന്‍ വാടകയ്ക്ക് താമസിക്കാന്‍ യാങ് ആലോചിച്ചിരുന്നെങ്കിലും, പിന്നീട് ടോയ്‌ലറ്റ് തിരഞ്ഞെടുക്കുയായിരുന്നുവെന്നും സൂ വ്യക്തമാക്കി. നവീകരിച്ച ഓഫീസ് മുറിയിലേക്ക് യാങിനെ മാറ്റാനാണ് സൂവിന്റെ ആലോചനയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg

By admin

Leave a Reply

Your email address will not be published. Required fields are marked *