നായകൻ വീണ്ടും വരാര്‍..! വിക്കറ്റ് കീപ്പിംഗിനും അനുമതി വേണം, ബിസിസിഐയെ സമീപിച്ച് സഞ്ജു സാംസൺ
രാജസ്ഥാൻ റോയൽസ് ആരാധകർക്ക് ഒരു സന്തോഷ വാർത്ത. സഞ്ജു സാംസൺ വീണ്ടും രാജസ്ഥാന്റെ നായകനായി മടങ്ങി വരാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. വലതു കൈവിരലിലെ ശസ്ത്രക്രിയയ്ക്ക് ശേഷം ഈ സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ കളിക്കാൻ സഞ്ജുവിന് ഭാഗികമായ അനുമതി മാത്രമേ ബിസിസിഐയിൽ നിന്ന് ലഭിച്ചിരുന്നുള്ളൂ. അതിനാൽ, ഇംപാക്ട് പ്ലെയറുടെ റോളിൽ ബാറ്ററായി മാത്രമാണ് സഞ്ജു മൂന്ന് മത്സരങ്ങളിലും കളിച്ചത്. എന്നാൽ, ഇപ്പോൾ ഇതാ വിക്കറ്റ് കീപ്പിംഗ് ചുമതലകൾ കൂടി ഏറ്റെടുക്കുന്നതിനായി ബിസിസിഐ സെന്റർ ഓഫ് എക്സലൻസിനെ (സിഒഇ) സമീപിച്ചിരിക്കുകയാണ് സഞ്ജു സാംസൺ.
സഞ്ജുവിന്റെ അഭാവത്തിൽ റിയാൻ പരാഗാണ് ആദ്യ മൂന്ന് മത്സരങ്ങളിൽ രാജസ്ഥാനെ നയിച്ചത്. സഞ്ജു ഒരു ബാറ്ററായി മാത്രം കളിച്ചപ്പോൾ ധ്രുവ് ജുറെലാണ് വിക്കറ്റ് കീപ്പറായത്. പൂർണ്ണമായി വിക്കറ്റ് കീപ്പിംഗിലേയ്ക്ക് മടങ്ങിവരുന്നതിനായി സഞ്ജു സെന്റര്‍ ഓഫ് എക്സലൻസിലെ സ്‌പോർട്‌സ് സയൻസ് ഡിവിഷന്റെ വിലയിരുത്തലിന് വിധേയനാകും. അനുമതി ലഭിച്ചാൽ അദ്ദേഹം നായകസ്ഥാനത്തേയ്ക്കും തിരികെയെത്തും. ആദ്യ മൂന്ന് മത്സരങ്ങളിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ 66 റൺസും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 13 റൺസും ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ 20 റൺസുമായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം.
രാജസ്ഥാന്റെ അവസാന മത്സരങ്ങളിൽ പൂർണസമയം വിക്കറ്റ് കീപ്പറാകാൻ സഞ്ജു അനുമതി തേടുമെന്നും ഏകദേശം ഒരാഴ്ചയ്ക്ക് ശേഷമുള്ള രാജസ്ഥാന്റെ അടുത്ത മത്സരത്തിൽ അദ്ദേഹം നായകനായി തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ക്രിക്ബസ് നേരത്തെ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം, സഞ്ജുവിന്റെ അഭാവത്തിൽ ഈ സീസണിൽ മോശം തുടക്കമായിരുന്നു രാജസ്ഥാന്റേത്. ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട രാജസ്ഥാൻ അവസാന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ പരാജയപ്പെടുത്തി പോയിന്റ് ടേബിളിൽ അക്കൗണ്ട് തുറന്നു. ഏപ്രിൽ 5ന് പഞ്ചാബ് കിംഗ്സും ഏപ്രിൽ 9ന് അഹമ്മദാബാദിൽ ഗുജറാത്ത് ടൈറ്റൻസുമാണ് രാജസ്ഥാന്റെ അടുത്ത എതിരാളികൾ. തുടർന്ന് ഏപ്രിൽ 13ന് ആർസിബിക്കെതിരായ മത്സരത്തിനായി അവർ ജയ്പൂരിലെ സ്വന്തം തട്ടകത്തിലേക്ക് മടങ്ങും.