ഗുവാഹത്തി: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ നാലു വിക്കറ്റ് വീഴ്ത്തി രാജസ്ഥാന്‍റെ വിജയശില്‍പിയായത് ശ്രീലങ്കന്‍ സ്പിന്നറായ വാനിന്ദു ഹസരങ്കയായിരുന്നു. ഓരോ വിക്കറ്റെടുത്തശേഷവും പുഷ്പ സ്റ്റൈല്‍ പുറത്തെടുത്താണ് ഹസരങ്ക വിക്കറ്റ് നേട്ടങ്ങള്‍ ആഘോഷിച്ചത്.
ദക്ഷിണേന്ത്യൻ സിനിമകളോടുള്ള ഇഷ്ടം കൊണ്ടാണ് താന്‍ പുഷ്പ സ്റ്റൈലില്‍ വിക്കറ്റ് നേട്ടം ആഘോഷിച്ചതെന്ന് മത്സരശേഷം ഹസരങ്ക പറഞ്ഞു. താന്‍ ധാരാളം മലയാളം, തമിഴ്, തെലുങ്ക് സിനിമകള്‍ കാണാറുള്ള ആളാണെന്നും മത്സരശേഷം സമ്മാനദാനച്ചടങ്ങില്‍ വ്യക്തമാക്കി. ഇന്നലെ ഹസരങ്ക വീഴ്ത്തിയ നാലു വിക്കറ്റുകളും സിക്സര്‍ വഴങ്ങിയശേഷമായിരുന്നു. പവര്‍ പ്ലേ പിന്നിട്ടതിന് പിന്നാലെ പന്തെറിയാനെത്തിയ ഹസരങ്ക തന്‍റെ ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ രാഹുല്‍ ത്രിപാഠിയെ വീഴ്ത്തിയാണ് ചെന്നൈക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചത്. പിന്നാലെ ആതേ ഓവറില്‍ ഹസരങ്കയെ ശിവം ദുബെ സിക്സിന് പറത്തി.
തന്‍റെ രണ്ടാം ഓവറില്‍ ശിവം ദുബെ ഫോറിനും സിക്സിനും പറത്തിയതിന് പിന്നാലെ അടുത്ത പന്തില്‍ ദുബെയെ റിയാന്‍ പരാഗിന്‍റെ കൈകളിലെത്തിച്ചാണ് ഹസരങ്ക കണക്കുതീര്‍ത്തത്. സ്പിന്നര്‍മാര്‍ക്കെതിരെ തകര്‍ത്തടിക്കുന്ന ശിവം ദുബെയുടെ വിക്കറ്റ് മത്സരഫലത്തില്‍ നിര്‍ണായകമാകുകയും ചെയ്തു. തന്‍റെ മൂന്നാം ഓവറിലും സിക്സ് വഴങ്ങിയതിന് പിന്നാലെ ഹസരങ്ക വിജയ് ശങ്കറെ ക്ലീന്‍ ബൗള്‍ഡാക്കി.
ഒടുവില്‍ തന്‍റെ അവസാന ഓവറില്‍ റുതുരാജ് ഗെയ്ക്‌വാദും ഹസരങ്കയെ സിക്സിന് പറത്തിയെങ്കിലും തൊട്ടടുത്ത പന്തില്‍ റുതുരാജിനെ വീഴ്ത്തി ഹസരങ്ക കണക്കുവീട്ടി. മത്സരത്തില്‍ നാലോവറില്‍ 35 റണ്‍സ് വഴങ്ങിയാണ് ഹസരങ്ക നാലുവിക്കറ്റെടുത്തത്. ആദ്യ മത്സരത്തില്‍ ഒരു വിക്കറ്റ് മാത്രം നേടാനെ ഹസരങ്കക്ക് കഴിഞ്ഞിരുന്നുള്ളു. രണ്ട് കളികളില്‍ പിഞ്ച് ഹിറ്ററായി ഇറങ്ങിയെങ്കിലും ഹസരങ്കക്ക് തിളങ്ങാനായിരുന്നില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക