താത്കാലിക ആശുപത്രി ഉടൻ പ്രവർത്തന സജ്ജമാകും, അവശ്യ സാധനങ്ങളുമായി 4 കപ്പലുകളെത്തി; സഹായ ഹസ്തവുമായി ഇന്ത്യ
ദില്ലി: ഭൂകമ്പം കനത്ത ദുരിതം വിതച്ച മ്യാൻമറിൽ ഓപ്പറേഷൻ ബ്രഹ്മയുടെ ഭാഗമായെത്തിയ ഇന്ത്യ സംഘത്തിന്റെ രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ദുരന്തമുണ്ടായ മേഖലയിൽ താത്കാലിക ആശുപത്രി ഒരുക്കാനുള്ള നടപടികൾ കരസേന തുടങ്ങി. നാളെ താൽകാലിക ആശുപത്രി പ്രവർത്തനസജ്ജമാകുമെന്നാണ് പ്രതീക്ഷ. തകർന്ന ബുദ്ധവിഹാരത്തിൽ കുടുങ്ങിയ 170 ബുദ്ധ സന്യാസിമാരെ രക്ഷപ്പെടുത്താൻ എൻഡിആർഎഫ് സംഘവും ശ്രമം തുടങ്ങി. 11 നിലയുള്ള 4 കെട്ടിടങ്ങൾ തകർന്നുവീണ സ്കൈ വില്ല മേഖലയിലും സഹായമെത്തിക്കാൻ ശ്രമങ്ങൾ തുടരുകയാണ്. അവശ്യ സാധനങ്ങളുമായി കൂടുതൽ കപ്പലുകളും വിമാനങ്ങളും മ്യാൻമറിലേക്ക് അയക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതിനോടകം അവശ്യ സാധനങ്ങളുമായി 4 കപ്പലുകൾ മ്യാൻമറിലേക്ക് ഇന്ത്യ അയച്ചിട്ടുണ്ട്.
ഇതിനിടെ, മ്യാൻമർ ഭൂകമ്പം അതീവ അടിയന്തരാവസ്ഥയെന്ന് ലോകാരോഗ്യ സംഘടന . അടുത്ത 30 ദിവസത്തിനുള്ളിൽ ജീവൻ രക്ഷിക്കാനും പകർച്ചവ്യാധികൾ തടയാനും 8 മില്യൺ ഡോളർ അടിയന്തരമായി ആവശ്യപ്പെട്ടിട്ടുണ്ട്. മ്യാൻമറിൽ ഇതുവരെ 1,700 പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഏകദേശം 3,400 പേർക്ക് പരിക്കേറ്റു. 300 ഓളം പേരെ കാണാതായതായി ഭരണകൂടം അറിയിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:50നാണ് 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. മിനിറ്റുകൾക്ക് ശേഷം, 6.7 തീവ്രത രേഖപ്പെടുത്തിയ തുടർചലനവും ചെറിയ ഭൂചലനങ്ങളുടെ നിര തന്നെ ഉണ്ടായി.