കൊൽക്കത്ത ടീമിലേയ്ക്ക് സൂപ്പര്‍ താരം മടങ്ങിയെത്തും? മുംബൈയ്ക്ക് ഇന്ന് ജയിച്ചേ തീരൂ; സാധ്യതാ ടീം ഇങ്ങനെ

ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസിന് ജീവൻ മരണ പോരാട്ടം. നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ് മുംബൈയുടെ എതിരാളികൾ. മുംബൈയുടെ ഹോം ഗ്രൗണ്ടായ വാങ്കഡെ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക. ഈ സീസണിൽ ഇതാദ്യമായാണ് മുംബൈ വാങ്കഡെയിൽ ഇറങ്ങുന്നത്. 

ഈ സീസണിൽ കളിച്ച രണ്ട് മത്സരങ്ങളും പരാജയപ്പെട്ട മുംബൈ ഇന്ത്യൻസ് പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരാണ്. മുംബൈ മാത്രമാണ് ഇനി പോയിന്റ് ടേബിളിൽ അക്കൗണ്ട്  തുറക്കാനുള്ളത്. ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനോടും രണ്ടാം മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനോടും മുംബൈയ്ക്ക് പരാജയം സമ്മതിക്കേണ്ടി വന്നു. മൂന്നാം മത്സരത്തിൽ കൂടെ വിജയിക്കാനായില്ലെങ്കിൽ മുംബൈയ്ക്ക് മുന്നോട്ടുള്ള യാത്ര ബുദ്ധിമുട്ടാകും. രോഹിത് ശര്‍മ്മയും തിലക് വര്‍മ്മയും ഫോമിലേയ്ക്ക് ഉയരാത്തതാണ് മുംബൈയ്ക്ക് തലവേദനയാകുന്നത്. റൺസൊഴുകുന്ന വാങ്കഡെയിലെ പിച്ചിൽ ഇരുവരും ഫോമിലേയ്ക്ക് ഉയരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 

അതേസമയം, ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് പരാജയപ്പെട്ടെങ്കിലും രണ്ടാം മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ പരാജയപ്പെടുത്തി കൊൽക്കത്ത 2 പോയിന്റുകൾ സ്വന്തമാക്കി. അവസാന മത്സരത്തിൽ നിന്ന് വിട്ടുനിന്ന ഓൾ റൗണ്ടര്‍ സുനിൽ നരെയ്ൻ ഇന്ന് കൊൽക്കത്ത ടീമിൽ തിരികെയെത്തിയേക്കും. ഓപ്പണര്‍ ക്വിന്റൺ ഡീ കോക്ക് ഫോമിലേയ്ക്ക് മടങ്ങിയെത്തിയതിന്റെ ആത്മവിശ്വാസവും കൊൽക്കത്ത ക്യാമ്പിലുണ്ട്. 

സാധ്യതാ ടീം

മുംബൈ ഇന്ത്യൻസ്: രോഹിത് ശർമ്മ, റയാൻ റിക്കൽടൺ (വിക്കറ്റ് കീപ്പര്‍), തിലക് വർമ്മ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), റോബിൻ മിൻസ്, നമാൻ ധിർ, ദീപക് ചഹർ, മിച്ചൽ സാന്റന‍ര്‍ / മുജീബ് ഉർ റഹ്മാൻ, ട്രെന്റ് ബോൾട്ട്, എസ് രാജു.

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്: ക്വിന്റൺ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), സുനിൽ നരെയ്ൻ, അജിങ്ക്യ രഹാനെ (ക്യാപ്റ്റൻ), അംഗ്കൃഷ് രഘുവംശി, വെങ്കടേഷ് അയ്യർ, റിങ്കു സിംഗ്, ആന്ദ്രെ റസൽ, രമൺദീപ് സിംഗ്, ഹർഷിത് റാണ, സ്പെൻസർ ജോൺസൺ, വരുൺ ചക്രവർത്തി.

READ MORE: ഐപിഎല്ലില്‍ ആദ്യ ജയം സ്വന്തമാക്കിയതിന് പിന്നാലെ രാജസ്ഥാന്‍ നായകന്‍ റിയാൻ പരാഗിന് തിരിച്ചടി, കനത്ത പിഴ

By admin