ഐപിഎല്‍: ഓറഞ്ച് ക്യാപ് തലയില്‍ നിന്നൂരാതെ നിക്കോളാസ് പുരാന്‍, പര്‍പ്പിള്‍ ക്യാപിന് പുതിയ അവകാശി

ഗുവാഹത്തി: ഐപിഎല്ലില്‍ സൂപ്പര്‍ സണ്‍ഡേയില്‍ ഇന്നലെ രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോഴും റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് ലക്നൗ സൂപ്പര്‍ താരം നിക്കോളാസ് പുരാന്‍റെ തലയില്‍ തന്നെ. രണ്ട് മത്സരങ്ങളില്‍ 145 റണ്‍സുമായാണ് നിക്കോളാസ് പുരാന്‍ റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. രണ്ട് കളികളില്‍ 137 റണ്‍സ് നേടിയ സായ് സുദര്‍ശനാണ് രണ്ടാം സ്ഥാനത്ത്.

ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ഹൈദരാബാദിനായി 22 റണ്‍സടിച്ച ട്രാവിസ് ഹെഡ് 136 റണ്‍സുമായി ടോപ് ത്രീയില്‍ തിരിച്ചെത്തിയതാണ് ഓറഞ്ച് ക്യാപ്പിലെ പ്രധാന മാറ്റം. മിച്ചല്‍ മാര്‍ഷ് 124 റണ്‍സുമായി നാലാം സ്ഥാനത്തേക്ക് വീണപ്പോള്‍ ഇന്നലെ ഡല്‍ഹിക്കെതിരെ ഹൈദരാബാദിനായി വെടിക്കെട്ട് അര്‍ധസെഞ്ചുറി നേടിയ അനികേത് വര്‍മ മൂന്ന് കളികളില്‍ 117 റൺസുമായി അഞ്ചാം സ്ഥാനത്തെത്തി.

അവസാന സ്ഥാനത്തു നിന്ന് കരകയറി രാജസ്ഥാന്‍, ഒരു ജയം പോലും നേടാത്ത ഒരേയൊരു ടീമായി മുംബൈ ഇന്ത്യൻസ്

രാജസ്ഥാന്‍ റോയല്‍സിനെതിരെ സീസണിലെ രണ്ടാം അര്‍ധസെഞ്ചുറി നേടിയ ചെന്നൈ നായകന്‍ റുതുരാജ് ഗെയ്ക്‌വാദ് മൂന്ന് കളികളില്‍ 116 റണ്‍സുമായി ആറാം സ്ഥാനത്തെത്തിയപ്പോള്‍ ഇഷാന്‍ കിഷന്‍ ഏഴാമതും രചിന്‍ രവീന്ദ്ര എട്ടാമതുമാണ്. ധ്രുവ് ജുറെല്‍ ഒമ്പതാം സ്ഥാനത്തുള്ളപ്പോള്‍ ക്വിന്‍റണ്‍ ഡി കോക്കാണ് 101 റണ്‍സുമായി പത്താം സ്ഥാനത്ത്. മൂന്ന് കളികളില്‍ 99 റണ്‍സടിച്ച സഞ്ജു സാംസണ്‍ പന്ത്രണ്ടാം സ്ഥാനത്താണ്. ഇന്നലെ ചെന്നൈക്കെതിരെ സഞ്ജു 15 പന്തില്‍ 20 റണ്‍സെടുത്ത് പുറത്തായിരുന്നു.

പര്‍പ്പിള്‍ ക്യാപ്പില്‍ മാറ്റം

വിക്കറ്റ് വേട്ടക്കാര്‍ക്കുള്ള പര്‍പ്പിള്‍ ക്യാപ് ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം നൂര്‍ അഹമ്മദ് തിരിച്ചുപിടിച്ചതാണ് ഇന്നലത്തെ പ്രധാന മാറ്റം. ഇന്നലെ ഹൈദരാബാദിനെതിരെ അഞ്ച് വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്ക് സ്വന്തമാക്കിയ പര്‍പ്പിള്‍ ക്യാപ്പ് മണിക്കൂറുകള്‍ക്കകം നൂര്‍ അഹമ്മദ് തിരിച്ചുപിടിച്ചു. രാജസ്ഥാനെതിരെ സഞ്ജു സാംസന്‍റേതുള്‍പ്പെടെ രണ്ട് വിക്കറ്റെടുത്ത നൂര്‍ അഹമ്മദ് മൂന്ന് കളികളില്‍ ഒമ്പത് വിക്കറ്റുമായി ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ രണ്ട് കളികളില്‍ എട്ട് വിക്കറ്റുള്ള മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടാമതാണ്.

അവസാന ഓവറില്‍ ഫിനിഷ് ചെയ്യാനാവാതെ ധോണി വീണു, ആവേശപ്പോരില്‍ ചെന്നൈയെ വീഴ്ത്തി രാജസ്ഥാന ആദ്യ ജയം

ഇന്നലെ രാജസ്ഥാനെതിരെ ചെന്നൈക്കായി തിളങ്ങിയ  ഖലീല്‍ അഹമ്മദ് ആറ് വിക്കറ്റുമായി മൂന്നാമതുള്ളപ്പോള്‍ രണ്ട് കളികളില്‍ ആറ് വിക്കറ്റുള്ള ഷാര്‍ദ്ദുല്‍ താക്കൂര്‍ നാലാമതും അഞ്ച് വിക്കറ്റുള്ള കുല്‍ദീപ് യാദവ് അഞ്ചാമതുമാണ്. ഇന്നലെ ചെന്നൈക്കെതിരെ നാലു വിക്കറ്റ് വീഴ്ത്തിയ രാജസ്ഥാന്‍ റോയല്‍സ് താരം വാനിന്ദു ഹസരങ്ക രണ്ട് കളികളില്‍ അഞ്ച് വിക്കറ്റുമായി ഏഴാമതെത്തിയതാണ് വിക്കറ്റ് വേട്ടക്കാരുടെ ആദ്യ പത്തിലെ മറ്റൊരു പ്രധാനമാറ്റം. ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ മതീഷ പതിരാന എട്ടാം സ്ഥാനത്തുള്ളപ്പോള്‍ സായ് കിഷോര്‍ ഒമ്പതാമതും യാഷ് ദയാല്‍ പത്താമതുമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

 

By admin