‘എമ്പുരാന്‍’ റീ എഡിറ്റഡ് പതിപ്പ് തിയറ്ററുകളിലേക്ക് ഇന്ന് എത്തില്ല

ഉള്ളടക്കത്തെക്കുറിച്ച് ഉയര്‍ന്ന വിവാദത്തില്‍ റീ എഡിറ്റിംഗിന് വിധേയമായ എമ്പുരാന്‍ സിനിമയുടെ പുതിയ പതിപ്പ് ഇന്ന് തിയറ്ററുകളില്‍ എത്തില്ല. റീ സെന്‍സര്‍ ചെയ്യപ്പെട്ട പതിപ്പ് ഇന്ന് വൈകുന്നേരത്തോടെ പ്രദര്‍ശനം ആരംഭിക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ അത് ഉണ്ടാവില്ല. റീ എഡിറ്റിംഗ് പൂർത്തിയാക്കി തിയറ്റർ പ്രദർശത്തിന് എത്തിക്കാനുള്ള സാങ്കേതിക നടപടികൾക്ക് സമയം എടുക്കും. പ്രധാന വില്ലൻ കഥാപാത്രത്തിന്റെ പേര് അടക്കം മാറ്റിയുള്ള പുതിയ പതിപ്പ് നാളെയോടെയേ തിയറ്ററുകളില്‍ പ്രദർശനത്തിന് എത്തൂ.

റീ സെന്‍സറിംഗില്‍ മൂന്ന് മിനിറ്റ് രംഗങ്ങളാണ് വെട്ടി മാറ്റിയത്. പ്രതിനായക കഥാപാത്രങ്ങളിലൊരാള്‍ ഗര്‍ഭിണിയെ ബലാല്‍സംഗം ചെയ്യുന്ന രംഗമടക്കമാണ് മാറ്റുന്നത്. ഒപ്പം ചിത്രത്തിലെ പ്രതിനായകന്‍റെ ബജ്‍റംഗി എന്ന പേരും മാറ്റും. റീ എഡിറ്റ് ചെയ്ത പതിപ്പ് ഉടന്‍  തിയറ്ററുകളിലെത്തിക്കണമെന്ന കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്‍റെ നിര്‍ദേശ പ്രകാരമായിരുന്നു അടിയന്തര നടപടിയെന്നാണ് വിവരം. 

സിനിമയിലെ വിവാദങ്ങളില്‍ മോഹന്‍ലാ‍ല്‍ ഖേദം പ്രകടിപ്പിക്കുയും പ്രൃഥ്വിരാജ് മോഹന്‍ലാലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവയ്കുകയും ചെയ്തിരുന്നു. കഥയൊരുക്കിയ മുരളി ഗോപി വിവാദങ്ങളില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. സിനിമാ സംഘടനകളും വിഷയത്തില്‍ മൗനത്തിലാണ്. വിവാദങ്ങള്‍ക്കിടയിലും തിയറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ് ചിത്രം. വിദേശത്ത് ഒരു മലയാള സിനിമ ചരിത്രത്തില്‍ നേടുന്ന ഏറ്റവും വലിയ കളക്ഷനാണ് എമ്പുരാന്‍ ഇതിനകം നേടിയിരിക്കുന്നത്. ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഓപണിംഗ് വീക്കെന്‍ഡ് കളക്ഷനും എമ്പുരാന്‍ സ്വന്തം പേരിലാക്കി. പൃഥ്വിരാജിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രമായിരുന്ന, 2019 ല്‍ പുറത്തെത്തി വലിയ വിജയം നേടിയ ലൂസിഫറിന്‍റെ സീക്വല്‍ ആണ് എമ്പുരാന്‍. ബഹുഭാഷകളില്‍ പാന്‍ ഇന്ത്യ റിലീസ് ആയാണ് ചിത്രം എത്തിയത്. 

ALSO READ : പ്രണയാര്‍ദ്രം ഈ ‘അഭിലാഷം’; റിവ്യൂ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin