ഇൻഡിഗോയ്ക്ക് 944 കോടി രൂപ പിഴയിട്ട് ആദായ നികുതി വകുപ്പ്

ദില്ലി: ഇൻഡിഗോ വിമാന കമ്പനിക്ക് 944 കോടി രൂപ പിഴ ചുമത്തി ആദായ നികുതി വകുപ്പ്. 2021- 22 സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്കായാണ് പിഴ ചുമത്തിയത്. എന്നാൽ ആദായ നികുതി വകുപ്പിന്‍റെ ഉത്തരവ് അംഗീകരിക്കാതെ ഇന്‍ഡിഗോ. വകുപ്പിന്‍റെ ഭാഗത്ത് നിന്നുണ്ടായ പിശകാണ് നോട്ടീസ് അയക്കാൻ കാരണമെന്നുമാണ് കമ്പനി പ്രതികരിക്കുന്നത്. ഇൻഡിഗോയുടെ മാതൃ കമ്പനിയായ ഇന്റർ ഗ്ലോബ് ഏവിയേഷനാണ് പിഴയീടാക്കുമെന്ന ഉത്തരവ് ലിഭിച്ചിരിക്കുന്നത്. 

പിഴ കമ്പനിയുടെ സാമ്പത്തിക സ്ഥിതിയെ ബാധിക്കില്ലെന്നാണ് ഇൻഡിഗോ നിക്ഷേപകരോട് വ്യക്തമാക്കിയിട്ടുള്ളത്. സർവ്വീസുകളെയോ മറ്റ് പ്രവർത്തനങ്ങളേയോ ഒരു തരത്തിലും പിഴ ബാധിക്കില്ലെന്നും ഇൻഡിഗോ ഞായറാഴ്ച വിശദമാക്കി. നിയമപരമായി പ്രശ്നപരിഹാരത്തിനുള്ള സാധ്യതകൾ തേടുമെന്നും എയർലൈൻ കമ്പനി വിശദമാക്കി. 

സെക്ഷൻ 143(3) പ്രകാരമുള്ള അസസ്‌മെന്റ് ഉത്തരവിനെതിരെ കമ്പനി ആദായനികുതി കമ്മീഷണർ (അപ്പീൽ) മുമ്പാകെ സമർപ്പിച്ച അപ്പീൽ തള്ളിയെന്ന തെറ്റായ ധാരണയുടെ അടിസ്ഥാനത്തിലാണ് പിഴയിട്ടുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്നാണ് ഇൻഡിഗോ വിശദമാക്കുന്നത്. ആദായനികുതി ഉത്തരവ് ലഭിച്ചതിനെത്തുടർന്ന് ഇൻഡിഗോയുടെ ഓഹരികൾ 0.32 ശതമാനം ഇടിഞ്ഞ് 5,113 രൂപയിലെത്തി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin