ആകർഷകമായ ശമ്പളത്തിൽ കേരള സർക്കാരിന് കീഴിൽ ജോലി! 200 ഒഴിവുകളിലേയ്ക്ക് അപേക്ഷിക്കാം

കേരള സര്‍ക്കാരിന് കീഴിൽ ജോലി സ്വപ്നം കാണുന്നവര്‍ക്ക് ഇതാ ഒരു സുവ‍ര്‍ണാവസരം. സഹകരണ സംഘങ്ങളിൽ ജോലി നേടാനുള്ള അവസരമാണ് ഉദ്യോഗാര്‍ത്ഥികൾക്ക് ലഭിച്ചിരിക്കുന്നത്. സഹകരണ സർവീസ് പരീക്ഷാ ബോർഡ്  ജൂനിയർ ക്ലാർക്ക്/കാഷ്യർ ,സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഡേറ്റ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിലേയ്ക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. 

മൊത്തം 200 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഉദ്യോഗാര്‍ത്ഥികൾ ഓൺലൈനായി വേണം അപേക്ഷിക്കാൻ. ഏപ്രിൽ 30 വരെയാണ് അപേക്ഷിക്കാൻ അവസരമുള്ളത്. 17,360 രൂപ മുതൽ 44,650 രൂപ വരെയാണ് വിവിധ തസ്തികകളിലെ ശമ്പളം. പ്രായപരിധി : 01.01.2025ന് 18 – 40 വയസ്. ഉയർന്ന പ്രായപരിധിയിൽ പട്ടികജാതി / പട്ടികവർഗ വിഭാഗക്കാർക്ക് 5 വർഷത്തെയും മറ്റ് പിന്നാക്ക വിഭാഗക്കാർക്കും വിമുക്തഭടന്മാർക്കും 3 വർഷത്തെയും വികലാംഗർക്ക് 10 വർഷത്തെയും വിധവകൾക്ക് 5 വർഷത്തെയും ഇളവ് ലഭിക്കും. വിവിധ തസ്തികകളിലേയ്ക്കുള്ള യോഗ്യത ചുവടെ ചേ‍ര്‍ക്കുന്നു.

1) സെക്രട്ടറി

എച്ച്‌ഡിസി & ബിഎമ്മിൽ ബിരുദവും അക്കൗണ്ടന്റായി 7 വർഷത്തെ പ്രവൃത്തിപരിചയവും/ സഹകരണ ബാങ്കിൽ അതിനുമുകളിലുള്ള തസ്തികയും അഥവാ 
A. അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബി.എസ്‌സി (കോ-ഓപ്പറേഷൻ & ബാങ്കിംഗ്), അക്കൗണ്ടന്റായി 5 വർഷത്തെ പ്രവൃത്തിപരിചയം /  സഹകരണ ബാങ്കിൽ അതിനു മുകളിലുള്ള തസ്തികയും. അഥവാ
B. അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബി.എസ്‌സി (കോ-ഓപ്പറേഷൻ & ബാങ്കിംഗ്), അക്കൗണ്ടന്റായി 5 വർഷത്തെ പ്രവൃത്തിപരിചയം / സഹകരണ ബാങ്കിൽ അതിനു മുകളിലുള്ള തസ്തികയും. അഥവാ
C. ബി.കോം (സഹകരണം) സഹകരണ ബാങ്കിൽ അക്കൗണ്ടന്റ് / അതിനു മുകളിലുള്ള തസ്തികയിൽ 7 വർഷത്തെ പരിചയം.

2) അസിസ്റ്റൻറ് സെക്രട്ടറി    

അംഗീകൃത സർവകലാശാലയിൽ നിന്ന് എല്ലാ വിഷയങ്ങൾക്കും 50% മാർക്കിൽ കുറയാതെ ലഭിച്ച ബിരുദവും സഹകരണ ഹയർ ഡിപ്ലോമയും (കേരള സംസ്ഥാന സഹകരണ യൂണിയൻ എച്ച്.ഡി.സി. / എച്ച്.ഡി. & സി. ബി.എം. / നാഷണൽ കൗൺസിൽ ഫോർ കോ-ഓപ്പറേറ്റീവ് ട്രെയിനിങ്ങിന്റെ എച്ച്.ഡി.സി. / എച്ച്.ഡി.സി.എം.) അല്ലെങ്കിൽ സബോർഡിനേറ്റ് പേഴ്സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ് (ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ) വിജയിച്ചിരിക്കണം / കേരള കാർഷിക സർവകലാശാലയിൽ നിന്നും ബി.എസ്.സി./ എം.എസ്.സി.(സഹകരണം ബാങ്കിങ്) / കേരളത്തിലെ ഏതെങ്കിലും സർവകലാശാല അംഗീകരിച്ചതും സഹകരണം ഐച്ഛികമായിട്ടുള്ളതുമായ എല്ലാ വിഷയങ്ങളും ചേർത്ത് 50% മാർക്കിൽ കുറയാത്ത ബി.കോം ബിരുദം.

3) ജൂനിയർ ക്ലാർക്ക്/ കാഷ്യർ    

എസ്.എസ്.എൽ.സി അഥവാ തത്തുല്യ യോഗ്യതയും, സബോർഡിനേറ്റ് പേഴ്സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സും (ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ) അടിസ്ഥാന യോഗ്യതയായിരിക്കും. കാസർകോട് ജില്ലയിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് പ്രസ്തുത ജില്ലയിലെ സഹകരണ സംഘം/ബാങ്കുകളിലെ നിയമനത്തിന് കർണാടക സംസ്ഥാന സഹകരണ ഫെഡറേഷൻ നടത്തുന്ന സഹകരണ ഡിപ്ലോമ കോഴ്സ് (ജി.ഡി.സി.), കേരള സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓ പ്പറേഷൻ (ജെ.ഡി.സി.) തുല്യമായ അടിസ്ഥാന യോഗ്യതയായിരിക്കും. കൂടാതെ സഹകരണം ഐച്ഛികവിഷയമായി എടുത്ത ബി.കോം. ബിരുദം / ഏതെങ്കിലും ഒരു അംഗീകൃത സർവ്വകലാശാലയിൽനിന്നുള്ള ബിരുദവും സഹകരണ ഹയർ ഡിപ്ലോമ (കേരള സംസ്ഥാന സഹകരണ യൂണിയൻ എച്ച്.ഡി.സി. / എച്ച്.ഡി.സി. ആൻഡ് ബി.എം. / നാഷണൽ കൗൺസിൽ ഫോർ കോ-ഓപ്പറേറ്റീവ് ട്രെയിനിങ്ങിൻറ എച്ച്.ഡി.സി. / എച്ച്.ഡി.സി.എം.) / വിജയകരമായി പൂർത്തീകരിച്ച സബോർഡിനേറ്റ് പേഴ്സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ് (ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ) / കേരള കാർഷിക സർവകലാശാലയുടെ ബി.എസ്.സി (സഹകരണം ബാങ്കിങ് ) ഉള്ളവർക്കും അപേക്ഷിക്കാം.

4) സിസ്റ്റം അഡ്മിനിസ്ട്രേറ്റർ    

ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, ഇൻഫർമേഷൻ ടെക്നോളജി, കമ്പ്യൂട്ടർ സയൻസ് എന്നിവയിൽ ഏതെങ്കിലും വിഷയത്തിന് ഡിഗ്രി/ എം സി എ / എം എസ് സി. 3 വർഷത്തെ പ്രവൃത്തിപരിചയം അനിവാര്യം.

5) ഡേറ്റ എൻട്രി ഓപ്പറേറ്റർ    

ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം. കേരള/കേന്ദ്രസർക്കാർ അംഗീകരിച്ച സ്ഥാപനത്തിലെ ഡേറ്റാ എൻട്രി കോഴ്സ് പാസ്സായ സർട്ടിഫിക്കറ്റ്. ഒരു അംഗീകൃത സ്ഥാപനത്തിൽ ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ജോലി ചെയ്ത ഒരു വർഷത്തെ പ്രവർത്തി പരിചയം.

READ MORE: വനിതാ ദിനത്തിലെ പ്രത്യേക പ്ലേസ്‌മെന്റ് ഡ്രൈവ്; തൊഴിൽ ലഭിച്ചത് 250 വിദ്യാർത്ഥിനികൾക്ക്

By admin