18 ഐപിഎല്ലുകളിലെ ‘തല’യിസം; എം എസ് ധോണിയെ ആദരിച്ച് ബിസിസിഐ

ഗുവാഹത്തി: ഐപിഎല്ലിന്‍റെ പതിനെട്ട് സീസണുകള്‍, പതിനെട്ടിലും കളിച്ച എം എസ് ധോണി! ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ താരമായ എം എസ് ധോണിക്ക് പ്രത്യേക അനുമോദനം നല്‍കിയിരിക്കുകയാണ് ബിസിസിഐ. ഐപിഎല്‍ 2025ല്‍ ഗുവാഹത്തിയിലെ ബര്‍സാപാര സ്റ്റേഡിയത്തില്‍ രാജസ്ഥാന്‍ റോയല്‍സ്- ചെന്നൈ സൂപ്പര്‍ കിംഗ്സ് മത്സരം തുടങ്ങും മുമ്പായിരുന്നു തല എം എസ് ധോണിക്ക് ബിസിസിഐ ഉപഹാരം സമ്മാനിച്ചത്. ഐപിഎല്‍ 18 എന്നെഴുതിയ ഫലകമായിരുന്നു ധോണിക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് സമ്മാനിച്ചത്. 

ഐപിഎല്ലിന്‍റെ 2008ലെ കന്നി സീസണ്‍ മുതല്‍ ടൂര്‍ണമെന്‍റിന്‍റെ ഭാഗമാണ് എം എസ് ധോണി. 2016, 2017 എന്നീ വര്‍ഷങ്ങളില്‍ പൂനെ റൈസിംഗ് സൂപ്പര്‍ജയന്‍റ്‌സിന് വേണ്ടി കളിച്ചത് മാറ്റിനിര്‍ത്തിയാല്‍ 16 സീസണുകളിലും ധോണി സിഎസ്‌കെയുടെ താരമായിരുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്ററായ ധോണി ഇതുവരെ 267 മത്സരങ്ങള്‍ കളിച്ചു. 39.35 ശരാശരിയിലും 137.68 സ്ട്രൈക്ക്റേറ്റിലും ധോണി 5273 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. വിക്കറ്റിന് പിന്നില്‍ 200-നടുത്ത് പുറത്താക്കലുകള്‍ ധോണിയുടെ പേരിനൊപ്പമുണ്ട്. ചെന്നൈ സൂപ്പര്‍ കിംഗ്സിന് അഞ്ച് ഐപിഎല്‍ കിരീടങ്ങള്‍ (2010, 2011, 2018, 2021, 2023 ) സമ്മാനിച്ച ധോണിയുടെ ചരിത്രം ഐപിഎല്ലിന്‍റെ ചരിത്രം കൂടിയാണ്. സിഎസ്‌കെയെ ധോണി പത്ത് ഫൈനലുകളിലെത്തിച്ചു. 

ഇന്ന് രാജസ്ഥാന്‍ റോയല്‍സിനെതിരെ കളിക്കുമ്പോഴും ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമില്‍ എംഎസ്ഡിയുടെ സാന്നിധ്യമുണ്ട്. വിക്കറ്റിന് പിന്നിലെ തന്ത്രങ്ങള്‍ക്ക് പുറമെ ഫിനിഷറായി ധോണി പകരംവെക്കാനില്ലാത്ത ക്രിക്കറ്റ് താരവും ഐപിഎല്‍ ഇതിഹാസവുമാണ്. കഴിഞ്ഞ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ 9-ാം സ്ഥാനത്ത് ബാറ്റ് ചെയ്യാനിറങ്ങിയ ധോണി ഇന്ന് സ്ഥാനക്കയറ്റം തെരഞ്ഞെടുക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ.

Read more: ഐപിഎല്‍: ജയ്സ്വാള്‍ വീണു, വെടിക്കെട്ടുമായി റാണ, കൂടെ സഞ്ജുവും; ചെന്നൈക്കെതിരെ പവര്‍ പ്ലേ പവറാക്കി രാജസ്ഥാൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin