ഹാട്രിക് തോൽവി ഒഴിവാക്കാൻ രാജസ്ഥാൻ, തിരിച്ചടിക്കാൻ ചെന്നൈ; ഐപിഎല്ലിൽ ഇന്ന് ആവേശപ്പോര്

ഐപിഎല്ലിൽ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ ചെന്നൈ സൂപ്പര്‍ കിംഗ്സ് രാജസ്ഥാൻ റോയൽസിനെ നേരിടും. കളിച്ച രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട രാജസ്ഥാൻ റോയൽസിന് ഇന്നത്തെ മത്സരത്തിൽ ജയിച്ചേ തീരൂ. മുംബൈ ഇന്ത്യൻസിനെ തകര്‍ത്ത് തുടങ്ങിയ ചെന്നൈ രണ്ടാം മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് കനത്ത തോൽവിയാണ് ഏറ്റുവാങ്ങിയത്. പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരായ രാജസ്ഥാനും 8-ാം സ്ഥാനക്കാരായ ചെന്നൈയ്ക്കും ഇന്നത്തെ മത്സരം നിര്‍ണായകമാണ്. 

ഹാട്രിക് തോൽവി ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാകും രാജസ്ഥാൻ ഇന്ന് ഇറങ്ങുക. രാജസ്ഥാൻ പഴയ പോരാട്ട വീര്യം വീണ്ടെടുത്താൽ ചെന്നൈയ്ക്ക് കാര്യങ്ങൾ എളുപ്പമാകില്ല. സഞ്ജു സാംസന്റെ അഭാവത്തിൽ രാജസ്ഥാനെ നയിക്കുന്ന പരാഗിന് ചീത്തപ്പേര് ഒഴിവാക്കിയേ മതിയാകൂ. മറുഭാഗത്ത്, രണ്ടാം മത്സരത്തിൽ 9-ാമനായി കളത്തിലിറങ്ങിയ മഹേന്ദ്ര സിംഗ് ധോണിയ്ക്ക് ഇന്ന് ബാറ്റിംഗ് ഓര്‍ഡറിൽ സ്ഥാനക്കയറ്റം  ലഭിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. 

രാജസ്ഥാന്റെ ബൗളിംഗ് നിരയിൽ പ്രശ്നങ്ങളേറെയാണ്. വലിയ പ്രതീക്ഷകളോടെ ടീമിലെത്തിച്ച ജോഫ്ര ആര്‍ച്ചര്‍ തല്ലുകൊള്ളിയാകുന്ന കാഴ്ചയാണ് കാണാനാകുന്നത്. തുഷാര്‍ ദേശ്പാണ്ഡെയും സന്ദീപ് ശര്‍മ്മയും ഇനിയും താളം കണ്ടെത്തിയിട്ടില്ല. മഹീഷ് തീക്ഷണയും വാനിന്ദു ഹസറംഗയും പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നിട്ടില്ല. ബാറ്റിംഗ് നിരയിലും രാജസ്ഥാന് ആശ്വസിക്കാനാകുന്ന പ്രകടനം ആരും പുറത്തെടുത്തിട്ടില്ല. ഓപ്പണര്‍ യശസ്വി ജയ്സ്വാൾ നിറം മങ്ങുന്ന കാഴ്ചയാണ് ആദ്യ മത്സരങ്ങളിൽ കാണാനായത്. നിതീഷ് റാണ ഫോമിലേയ്ക്ക് ഉയര്‍ന്നിട്ടില്ല. മുന്നിൽ നിന്ന് നയിക്കേണ്ട നായകൻ റിയാൻ പരാഗാകട്ടെ ബാറ്റിംഗിലും ക്യാപ്റ്റൻസിയിലും നിരാശപ്പെടുത്തുകയാണ്. ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങുന്ന മലയാളി താരം സഞ്ജു സാംസണിലാണ് ആരാധകര്‍ പ്രതീക്ഷയര്‍പ്പിക്കുന്നത്. 

മറുഭാഗത്ത്, ചെന്നൈ സൂപ്പര്‍ കിംഗ്സിന് ബാറ്റിംഗ് നിരയുടെ പ്രകടനമാണ് തലവേദനയാകുന്നത്. ഓപ്പണര്‍ രാഹുൽ ത്രിപാഠി രണ്ട് മത്സരങ്ങളിലും പരാജയമായി. റിതുരാജ് ഗെയ്ക്വാദ് ആദ്യ മത്സരത്തിൽ തിളങ്ങിയെങ്കിലും രണ്ടാം മത്സരത്തിൽ നിറം മങ്ങി. ശിവം ദുബെയിൽ നിന്ന് പ്രതീക്ഷിക്കുന്ന പ്രകടനം ഇനിയും ലഭിച്ചിട്ടില്ല. അവസാന നിമിഷം ഇറങ്ങുന്ന ധോണിയുടെ പതിവ് രീതിയിൽ ആരാധകര്‍ ഒട്ടും സന്തുഷ്ടരല്ലെന്ന് അവസാന മത്സരത്തിൽ നിന്ന് വ്യക്തമായിക്കഴിഞ്ഞു. ഓപ്പണര്‍ രചിന്‍ രവീന്ദ്രയിലാണ് ചെന്നൈ മുഴുവൻ പ്രതീക്ഷയും ആര്‍പ്പിക്കുന്നത്. രചിനൊപ്പം ഡെവോൺ കോണ്‍വേ ഓപ്പണറായി കളത്തിലിറങ്ങുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്. 

രാജസ്ഥാൻ സാധ്യത ഇലവൻ: ​യശസ്വി ജയ്‌സ്വാൾ, സഞ്ജു സാംസൺ, നിതീഷ് റാണ, റിയാൻ പരാഗ് (ക്യാപ്റ്റൻ), ധ്രുവ് ജുറെൽ, ഷിമ്രോൺ ഹെറ്റ്‌മെയർ, ശുഭം ദുബെ, ജോഫ്ര ആർച്ചർ, മഹീഷ് തീക്ഷണ, തുഷാർ ദേശ്പാണ്ഡെ, സന്ദീപ് ശർമ്മ.

ചെന്നൈ സാധ്യത ഇലവൻ: രചിൻ രവീന്ദ്ര, ഡെവോൺ കോൺവേ, റിതുരാജ് ഗെയ്‌ക്‌വാദ്, രാഹുൽ ത്രിപാഠി, ശിവം ദുബെ, രവീന്ദ്ര ജഡേജ, എംഎസ് ധോണി, ആർ അശ്വിൻ, നൂർ അഹമ്മദ്, ഖലീൽ അഹമ്മദ്, മതീശ പതിരണ.

READ MORE: ഐപിഎൽ പോയിന്റ് ടേബിളിൽ ‘കരുത്തർ’ പിന്നിൽ; ചൂടുപിടിച്ച് ഓറഞ്ച്, പര്‍പ്പിൾ ക്യാപ് പോരാട്ടം

By admin