സ്വിഫ്റ്റ് കാറിൽ കടലുണ്ടിയിലെത്തിയ യുവാക്കളെ പൊക്കി; പെരുന്നാൾ ആഘോഷത്തിന് എത്തിച്ച 335ഗ്രാം എംഡിഎംഎ പിടികൂടി

വള്ളിക്കുന്ന്: കോഴിക്കോട് – മലപ്പുറം അതിർത്തിയായ വള്ളിക്കുന്ന് കടലുണ്ടിയിൽ കാറിൽ കടത്തിക്കൊണ്ട് വന്ന എംഡിഎംഎയുമായി രണ്ട് പേർ എക്സൈസിന്‍റെ പിടിയിലായി.  കോഴിക്കോട് കക്കട്ടിൽ സ്വദേശികളായ നരിപ്പറ്റ കമ്പനിമുക്ക് ചാലിൽ വീട്ടിൽ ലബീബ് (21), നരിപറ്റ നമ്പിത്താൻകുണ്ട് എളയിടത്ത് വീട്ടിൽ മുഹമ്മദ്‌ അലി (28സ്) എന്നിവരാണ്  335 ഗ്രാം എംഡിഎംഎയുമായി  പിടിയിലായത്. 

പെരുന്നാൾ ആഘോഷ വിപണി ലക്ഷ്യമിട്ട് വൻ തോതിൽ രാസലഹരി കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്ക് എത്തുന്നതായുള്ള രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഒരാഴ്ചയായി എക്സൈസ് സംഘം നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് ഇവർ വലയിലായത്. മയക്കുമരുന്ന് കടത്തികൊണ്ട് സ്വിഫ്റ്റ് കാറും കസ്റ്റഡിയിൽ എടുത്തു. പ്രതികൾക്ക് മയക്കുമരുന്ന് കിട്ടിയത് എവിടെ നിന്നാണെന്നതടക്കം അന്വേഷിച്ച് വരികയാണെന്ന് എക്സൈസ് അറിയിച്ചു.

പരപ്പനങ്ങാടി എക്സൈസ് റെയിഞ്ച് ഇൻസ്‌പെക്ടർ കെ.ടി.ഷനൂജും പാർട്ടിയും ചേർന്നാണ് പ്രതികളെ പിടികൂടിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ ദിനേശൻ, അജിത്, പ്രദീപ്‌ കുമാർ.കെ, പ്രിവന്റീവ് ഓഫീസർ ശിഹാബുദ്ദീൻ, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ സിന്ധു പട്ടേരിവീട്ടിൽ, ഐശ്വര്യ, സിവിൽ എക്സൈസ് ഓഫീസർമാരായ നിതിൻ.സി, ദിദിൻ.എം.എം, അരുൺ.പി, രാഹുൽ, ജിഷ്ണാദ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Read More :  സുഹൃത്തിന്‍റെ റിട്ടയർമെന്‍റ് ചടങ്ങിൽ പങ്കെടുക്കാൻ പോയ 61 കാരൻ പേരാമ്പ്രയിലെ സ്വകാര്യ ലോഡ്ജിൽ മരിച്ച നിലയില്‍

By admin