രാഹുൽ എത്തി, രണ്ടും കൽപ്പിച്ച് ഡൽഹി, ആഞ്ഞടിക്കാൻ സൺറൈസേഴ്സ്; ഐപിഎല്ലിൽ ഇന്ന് തീപാറും

ഐപിഎല്ലിൽ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ കരുത്തരായ സൺറൈസേഴ്സ് ഹൈദരാബാദ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. ആദ്യ മത്സരത്തിൽ നേടിയ തകര്‍പ്പൻ വിജയം നൽകുന്ന ആത്മവിശ്വാസവുമായാണ് ഡൽഹി ഇന്ന് ഇറങ്ങുന്നത്. മറുഭാഗത്ത്, ഏത് ബൗളിംഗ് നിരയെയും തല്ലിത്തകര്‍ക്കാൻ ശേഷിയുള്ള ബാറ്റിംഗ് ലൈനപ്പാണ് സൺറൈസേഴ്സിന്റെ കരുത്ത്. വിശാഖപട്ടണത്ത് ഉച്ചതിരിഞ്ഞ് 3.30നാണ് മത്സരം ആരംഭിക്കുക.

കെ.എൽ രാഹുൽ ടീമിനൊപ്പം ചേര്‍ന്നതിന്റെ ആശ്വാസം ഡൽഹി ക്യാമ്പിലുണ്ട്. കഴിഞ്ഞ സീസണുകളിൽ നിന്ന് വ്യത്യസ്തമായി മധ്യനിരയിലാകും താരം ബാറ്റ് ചെയ്യുക. അക്സര്‍ പട്ടേൽ നായകനായതിനാൽ രാഹുലിന് ക്യാപ്റ്റൻസിയുടെ ഭാരവുമില്ലാതെ ബാറ്റ് വീശാം. അശുതോഷിനൊപ്പം രാഹുൽ കൂടി എത്തുന്നതോടെ മധ്യനിര കൂടുതൽ ശക്തമാകുമെന്നാണ് ഡൽഹിയുടെ വിലയിരുത്തൽ.  ലഖ്നൗവിനെതിരായ മത്സരത്തിൽ നിറം മങ്ങിയ സമീര്‍ റിസ്വിയ്ക്ക് പകരക്കാരനായാകും രാഹുൽ കളിക്കുക. ഇതേ മത്സരത്തിനിടെ പരിക്കേറ്റ പേസര്‍ മുകേഷ് കുമാറിന് പകരക്കാരനായി ടി.നടരാജൻ ഇന്ന് കളിച്ചേക്കും. 

അതേസമയം, മറുഭാഗത്ത് സൺറൈസേഴ്സ് നിരയിൽ കാര്യമായ പ്രശ്നങ്ങളില്ല. ഓപ്പണര്‍മാരായ അഭിഷേക് ശര്‍മ്മ – ട്രാവിസ് ഹെഡ് സഖ്യം തന്നെ ഇന്നും ഇന്നിംഗ്സ് ഓപ്പൺ ചെയ്യും. മൂന്നാമനായി ഇഷാൻ കിഷൻ തന്നെ എത്താനാണ് സാധ്യത കൂടുതൽ. നിതീഷ് കുമാര്‍ റെഡ്ഡി, ഹെൻറിച്ച് ക്ലാസൻ എന്നിവര്‍ പിന്നാലെയെത്തും. മുഹമ്മദ് ഷമി, സിമര്‍ജീത് സിംഗ്, പാറ്റ് കമ്മിൻസ്, ഹര്‍ഷൽ പട്ടേൽ എന്നിവര്‍ ബൗളിംഗ് ആക്രമണത്തിന് നേതൃത്വം നൽകും. അവസാന മത്സരത്തിൽ ലഖ്നൗവിനോട് പരാജയപ്പെട്ട സൺറൈസേഴ്സിന് ഇന്നത്തെ മത്സരം വിജയിച്ചേ തീരൂ. 

ഡൽഹി ക്യാപിറ്റൽസ് സാധ്യതാ ടീം: ജെയ്ക്ക് ഫ്രേസർ-മക്ഗുർക്ക്, ഫാഫ് ഡു പ്ലെസിസ്, അഭിഷേക് പോറൽ (വിക്കറ്റ് കീപ്പർ), കെ.എൽ. രാഹുൽ, അക്സർ പട്ടേൽ (ക്യാപ്റ്റൻ), ട്രിസ്റ്റൻ സ്റ്റബ്സ്, അശുതോഷ് ശർമ്മ, വിപ്രാജ് നിഗം, മിച്ചൽ സ്റ്റാർക്ക്, കുൽദീപ് യാദവ്, മോഹിത് ശർമ്മ. 

സൺറൈസേഴ്സ് ഹൈദരാബാദ് സാധ്യതാ ടീം: ട്രാവിസ് ഹെഡ്, അഭിഷേക് ശർമ, ഇഷാൻ കിഷൻ, നിതീഷ് കുമാർ റെഡ്ഡി, ഹെൻറിച്ച് ക്ലാസൻ (വിക്കറ്റ് കീപ്പർ), അനികേത് വർമ, അഭിനവ് മനോഹർ, പാറ്റ് കമ്മിൻസ്, മുഹമ്മദ് ഷമി, ഹർഷൽ പട്ടേൽ, സിമർജീത് സിംഗ് 

READ MORE: ഹാട്രിക് തോൽവി ഒഴിവാക്കാൻ രാജസ്ഥാൻ, തിരിച്ചടിക്കാൻ ചെന്നൈ; ഐപിഎല്ലിൽ ഇന്ന് ആവേശപ്പോര്

By admin

You missed