രാത്രിയിൽ കാട്ടാനക്കൂട്ടം ഇറങ്ങി, രണ്ട് വീടുകൾ തകര്‍ത്തു, വാതിലും ജനലും വീട്ടുസാധനങ്ങളുമടക്കം നശിപ്പിച്ചു
എറണാകുളം: കോതമംഗലം കുട്ടമ്പുഴയ്ക്കടുത്ത് മാമലക്കണ്ടത്ത് കാട്ടാന ആക്രമണത്തില്‍ രണ്ട് വീടുകള്‍ തകര്‍ന്നു. മാമലക്കണ്ടം മാവിന്‍ചുവട് ഭാഗത്ത് താമസിക്കുന്ന ഡാനിഷ് ജോസഫ്, റോസ്ലി എന്നിവരുടെ വീടുകളാണ് ഇന്ന് പുലര്‍ച്ചെ കാട്ടാനക്കൂട്ടം തകര്‍ത്തത്. ഡാനിഷിന്‍റെ വീട്ടിലുണ്ടായിരുന്ന വയോധികനായ ബന്ധുവിനെ കാട്ടാനകളുടെ ശബ്ദം കേട്ട് അയല്‍വാസികള്‍ മാറ്റുകയായിരുന്നു.
വീടുകളുടെ ചുവരും വാതിലും ജനലും തകര്‍ന്നിട്ടുണ്ട്. വീട്ടുപകരണങ്ങളും ആനക്കൂട്ടം നശിപ്പിച്ചു. നേരത്തെയും ഇവിടെ കാട്ടാന ആക്രമണം ഉണ്ടായിട്ടുണ്ട്. അന്ന് നഷ്ടപരിഹാരം നല്‍കുമെന്നും ഫെന്‍സിംഗ് സ്ഥാപിക്കുമെന്നും വനം വകുപ്പ് ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇത് നടപ്പായില്ലെന്ന് ജനപ്രതിനിധികളും നാട്ടുകാരും ആരോപിച്ചു.