ദില്ലി: കെസിബിസി നിലപാടിനെ സ്വാഗതം ചെയ്ത് ബിജെപി. ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് രാഷ്ട്രീയത്തിലുള്ളവരുടെ കടമയാണ്. കേരളത്തിലെ എല്ലാ എംപിമാരും വഖഫ് ഭേദഗതി ബില്ലിനെ അനുകൂലിക്കണമെന്ന കെസിബിസി നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇത് ഏതെങ്കിലും മതത്തിന് എതിരല്ല. ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടിയാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. രാജ്യത്തിന് പുറത്ത് സമർപ്പണത്തോടെ പ്രവർത്തിക്കുന്നവർ എല്ലാവർക്കും ഊർജ്ജമാണ്. മൻ കീബാത് നൽകുന്ന ഇന്നത്തെ സന്ദേശം ഇതാണ്.
സിനിമയെ ചരിത്രമായി കാണരുതെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എമ്പുരാൻ സിനിമ വിവാദത്തിലായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്റെ പ്രതികരണം. സിനിമയിൽ വളച്ചൊടിക്കലുണ്ടെങ്കിൽ ജനം അത് തള്ളിക്കളയും. പ്രൊഡ്യൂസർ തന്നെ തിരുത്ത് വരുത്തുമെന്ന് പറഞ്ഞു. തങ്ങളത് ആവശ്യപ്പെട്ടതല്ല എന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
അതേ സമയം, കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വരുന്ന വഖഫ് ഭേദഗതി ബില്ലിന് അനുകൂലമായി കേരളത്തിലെ എംപിമാര്‍ വോട്ടു ചെയ്യണമെന്ന് കേരള കത്തോലിക്ക മെത്രാന്‍ സമിതി. മുനമ്പത്തെ ഭൂപ്രശ്നത്തിന്‍റെ പശ്ചാത്തലത്തിലാണ് വഖഫ് ഭേദഗതിക്ക് അനുകൂലമായി കേരള എംപിമാര്‍ വോട്ടു ചെയ്യണമെന്ന ആവശ്യം കെസിബിസി മുന്നോട്ടു വച്ചിരിക്കുന്നത്. എന്നാല്‍ നിലവിലെ സ്ഥിതിയില്‍ വഖഫ് നിയമ ഭേദഗതിക്ക് അനുകൂലമായ നിലപാട് പാര്‍ലമെന്‍റില്‍ സ്വീകരിക്കുക ദുഷ്കരമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സൂചന. ബില്ലിനെ എതിര്‍ക്കാനുളള തീരുമാനവുമായി മുന്നോട്ടു പോകാനാണ് സംഘടനയിലെ നിലവിലെ ധാരണ. ഇക്കാര്യത്തില്‍ കെസിബിസി നേതൃത്വവുമായി പാര്‍ട്ടി നേതാക്കള്‍ ചര്‍ച്ച നടത്തിയേക്കും. കെസിബിസി നിലപാടിനോട് സിപിഎമ്മും പ്രതികരിച്ചിട്ടില്ല.